Uae
ദുബൈയിൽ സ്കൂൾ ബസ് ഗതാഗതം ക്രമീകരിക്കുന്നതിന് സമഗ്ര പദ്ധതി
വിദ്യാഭ്യാസ അധികാരികളുമായും മുനിസിപ്പാലിറ്റികളുമായും ഏകോപിപ്പിച്ചു കൊണ്ടാണ് പദ്ധതി നടപ്പാക്കുക.

ദുബൈ|ദുബൈയിലെ സ്കൂൾ ബസുകൾ ക്രമീകരിക്കുന്നതിനും കാര്യക്ഷമമായി നടപ്പാക്കുന്നതിനുമുള്ള സമഗ്രവും സംയോജിതവുമായ പദ്ധതിയുമായി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ ടി എ). സ്കൂൾ പരിസരങ്ങളിലെ ഗതാഗത സുരക്ഷ വർധിപ്പിക്കുക, തിരക്കുള്ള സമയങ്ങളിൽ വാഹനങ്ങളുടെ സുഗമമായ ഒഴുക്ക് ഉറപ്പാക്കുക, പൊതുഗതാഗത ആശയങ്ങളെ പിന്തുണയ്ക്കുക എന്നിവയിൽ ശ്രദ്ധ ചെലുത്തുന്നതാണ് ഈ പദ്ധതി. സ്കൂളുകളുടെ പരിസരങ്ങളിലെ ഗതാഗതത്തിന്റെ പതിവായ നിരീക്ഷണം, ഡാറ്റ നിരന്തരമായി പുതുക്കൽ എന്നിവയും ഇതിൽ ഉൾപ്പെടുന്നു.
സ്കൂൾ പരിസരങ്ങളിലെ റോഡുകൾ വികസിപ്പിക്കുക, പ്രവേശന കവാടങ്ങളും പുറത്തുകടക്കാനുള്ള വഴികളും മെച്ചപ്പെടുത്തുക, ഓരോ സ്ഥലത്തിന്റെയും ആവശ്യങ്ങൾക്കനുസരിച്ച് സ്കൂൾ ബസുകൾക്ക് സുരക്ഷിതവും അനുയോജ്യവുമായ പാർക്കിംഗ് സ്ഥലങ്ങൾ നിർമിക്കുക തുടങ്ങിയ കാര്യങ്ങളും പദ്ധതിയിൽ പെടും. വിദ്യാഭ്യാസ അധികാരികളുമായും മുനിസിപ്പാലിറ്റികളുമായും ഏകോപിപ്പിച്ചു കൊണ്ടാണ് പദ്ധതി നടപ്പാക്കുക. പാർപ്പിട മേഖലകളുടെയും പുതിയ കമ്മ്യൂണിറ്റികളുടെയും വികസന പദ്ധതികളിൽ സ്കൂൾ പാർക്കിംഗ് ഉൾപ്പെടുത്തും. തിരക്ക് കുറക്കുന്നതിനായി സ്കൂൾ സമയം ക്രമീകരിക്കുക തുടങ്ങിയ നയങ്ങൾ നടപ്പാക്കുന്നതിനെക്കുറിച്ചും ആർ ടി എ പഠിക്കുന്നുണ്ട്. എത്തിച്ചേരൽ, പുറപ്പെടൽ സമയങ്ങൾ മെച്ചപ്പെടുത്താനും സ്മാർട്ട് പരിഹാരങ്ങൾ വികസിപ്പിക്കാനും പദ്ധതിയുണ്ട്.