Connect with us

Kerala

മുടക്കുമുതലോ ലാഭവിഹിതമോ തന്നില്ലെന്ന് പരാതി; മഞ്ഞുമ്മല്‍ ബോയ്സ് സിനിമ നിര്‍മാതാക്കളുടെ ബേങ്ക് അക്കൗണ്ട് മരവിപ്പിച്ചു

കേസില്‍ സിനിമയുടെ നിര്‍മാതാക്കളായ സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍ അടക്കമുള്ള നിര്‍മാതാക്കള്‍ക്ക് കോടതി നോട്ടീസ് അയച്ചു.

Published

|

Last Updated

കൊച്ചി| മുടക്കുമുതലോ ലാഭവിഹിതമോ തന്നില്ലെന്ന പരാതിയില്‍ മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുടെ നിര്‍മാതാക്കളുടെ ബേങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച് എറണാകുളം സബ് കോടതി. അരൂര്‍ സ്വദേശി സിറാജ് വലിയത്തറ ഹമീദ് നല്‍കിയ ഹരജിയിലാണ് നടപടി. ഏഴ് കോടി രൂപ സിനിമയ്ക്കായി താന്‍ മുടക്കിയെന്നും എന്നാല്‍ ചിത്രം വന്‍ വിജയമായിട്ടും മുടക്ക് മുതലോ ലാഭവിഹിതമോ തന്നില്ലെന്നുമാണ് സിറാജ് നല്‍കിയ ഹരജി.

സിനിമ നിര്‍മാണ കമ്പനിയായ പറവ ഫിലിംസിന്റെയും പാര്‍ട്ണര്‍ ഷോണ്‍ ആന്റണിയുടെയും നാല്‍പതുകോടി രൂപയുടെ അക്കൗണ്ട് ആണ് സബ് കോടതി ജഡ്ജി സുനില്‍ വര്‍ക്കി മരവിപ്പിച്ചത്. കേസില്‍ സിനിമയുടെ നിര്‍മാതാക്കളായ സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍ അടക്കമുള്ള നിര്‍മാതാക്കള്‍ക്ക് കോടതി നോട്ടീസ് അയച്ചു.

നാല്‍പത് ശതമാനം ലാഭവിഹിതം വാഗ്ദാനം ചെയ്താണ് നിര്‍മാതാക്കള്‍ പണം കൈപ്പറ്റിയത്. എന്നാല്‍ തന്നെ കബളിപ്പിക്കുകയായിരുന്നെന്നും ഹരജിയില്‍ പറയുന്നു. ചിത്രത്തിന്റെ നിര്‍മാണ ചെലവ് 22 കോടി രൂപയാണെന്ന് കാണിച്ചാണ് തന്റെ പക്കല്‍നിന്ന് ഏഴുകോടി രൂപ വാങ്ങിയതെന്നും ഹരജിയില്‍ സിറാജ് പറഞ്ഞു.

ഒടുവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം മഞ്ഞുമ്മല്‍ ബോയ്സ് 46 ദിവസം കൊണ്ട് ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ 131 കോടി രൂപ ചിത്രം കളക്ട് ചെയ്തിട്ടുണ്ട്. നികുതി ഉള്‍പ്പടെ 154.58 കോടി ഗ്രോസ് ആണ് ചിത്രം ഇന്ത്യയില്‍ നിന്ന് നേടിയത്. ആഗോള തലത്തില്‍ 225 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്.

 

 

 

 

Latest