National
പ്രയാഗ്രാജില്‍ കോള്‍ഡ് സ്റ്റോറേജ് കെട്ടിടം തകര്‍ന്നു വീണ് അപകടം; നിരവധി തൊഴിലാളികള്‍ക്ക് പരുക്കേറ്റു
അപകടത്തിന് പിന്നാലെ പ്ലാന്റില്‍ നിന്ന് അമോണിയ വാതകം ചോര്‍ന്നത് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായി.
പ്രയാഗ്രാജ്| ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില്‍ കോള്‍ഡ് സ്റ്റോറേജ് കെട്ടിടം തകര്‍ന്നു വീണ് അപകടം. അപകടത്തില്‍ കെട്ടിടത്തിനുള്ളില്‍ ജോലി ചെയ്തിരുന്ന നിരവധി തൊഴിലാളികള്‍ക്ക് പരുക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ഇനിയും ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് പരിശോധിച്ചു വരുകയാണ്. അപകടത്തിന് പിന്നാലെ പ്ലാന്റില്‍ നിന്ന് അമോണിയ വാതകം ചോര്‍ന്നത് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായി.
അപകടം നടന്ന ഉടനെ സമീപവാസികള്‍ക്ക് ശ്വാസതടസ്സവും കണ്ണ് നീറ്റലും അനുഭവപ്പെട്ടതോടെയാണ് വാതകച്ചോര്‍ച്ച ശ്രദ്ധയില്‍പ്പെട്ടത്. ദേശീയ ദുരന്ത നിവാരണ സേനയും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി വാതകച്ചോര്‍ച്ച നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. കോള്‍ഡ് സ്റ്റോറേജിന്റെ കാലപ്പഴക്കമാണോ അതോ വാതക പ്ലാന്റിലെ പൊട്ടിത്തെറിയാണോ അപകടകാരണമെന്ന് വ്യക്തമായിട്ടില്ല. സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഉത്തരവിട്ടു.







