Kerala
സഹകരണ മേഖലയില്‍ ചിറകുവിരിക്കാനൊരുങ്ങി കോ-കേരളം; കേരളത്തിന്റെ സ്വന്തം എയര്‍ലൈന്‍ പദ്ധതിക്ക് മുന്നിലെ വെല്ലുവിളികള്‍
200 സഹകരണ സംഘങ്ങളില്‍ നിന്ന് രണ്ട് കോടി രൂപ വീതം സമാഹരിച്ച് 400 കോടി രൂപയുടെ പ്രാരംഭ മൂലധനത്തോടെയാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്
കൊച്ചി | സംസ്ഥാനത്തെ സഹകരണ പ്രസ്ഥാനത്തിന്റെ കരുത്തില്‍ സ്വന്തമായി റീജിയണല്‍ വിമാന സര്‍വീസ് ആരംഭിക്കാന്‍ ലക്ഷ്യമിട്ടുള്ള കോ-കേരളം പദ്ധതിക്ക് മുന്നൊരുക്കങ്ങള്‍ ആരംഭിച്ചു. കേരള സിവില്‍ ഏവിയേഷന്‍ ഡെവലപ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്ത സൊസൈറ്റിക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. ഒക്ടോബറില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തില്‍ സി എന്‍ വിജയകൃഷ്ണന്‍ ചെയര്‍മാനായി എട്ടംഗ ഭരണസമിതിയെ തെരഞ്ഞെടുത്തു. 200 സഹകരണ സംഘങ്ങളില്‍ നിന്ന് രണ്ട് കോടി രൂപ വീതം സമാഹരിച്ച് 400 കോടി രൂപയുടെ പ്രാരംഭ മൂലധനത്തോടെയാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. കൊച്ചി കേന്ദ്രമാക്കി കോഴിക്കോട്, കണ്ണൂര്‍ നഗരങ്ങളിലേക്കും ബെംഗളൂരു, ചെന്നൈ, കോയമ്പത്തൂര്‍ തുടങ്ങിയ അയല്‍ സംസ്ഥാന നഗരങ്ങളിലേക്കും 3,500 മുതല്‍ 7,000 രൂപ വരെയുള്ള നിരക്കില്‍ കുറഞ്ഞ ദൂരത്തേക്ക് സര്‍വീസുകള്‍ നടത്താനാണ് നീക്കം.
എന്നാല്‍ പുതിയ എയര്‍ലൈന്‍ സംരംഭത്തിന് മുന്നില്‍ വലിയ സാമ്പത്തിക പ്രവര്‍ത്തന വെല്ലുവിളികളുണ്ട്. ആഗോള വിമാന വിതരണ ശൃംഖലയിലുണ്ടായ തടസ്സങ്ങളും വന്‍കിട കമ്പനികളുടെ കുത്തകയും കാരണം വിമാനങ്ങള്‍ പാട്ടത്തിനെടുക്കുക എന്നത് പ്രയാസമാണ്. ഇന്ധനം, ലീസിങ് നിരക്കുകള്‍, മെയിന്റനന്‍സ്, എയര്‍പോര്‍ട്ട് ചാര്‍ജുകള്‍ തുടങ്ങി വിമാനക്കമ്പനികളുടെ പ്രവര്‍ത്തനച്ചെലവിന്റെ 80 ശതമാനത്തോളം കമ്പനികളുടെ നിയന്ത്രണത്തിന് പുറത്തുള്ള ഘടകങ്ങളാണ്. ഡോളറുമായുള്ള രൂപയുടെ വിനിമയ നിരക്കിലെ വ്യതിയാനങ്ങളും വിമാന എണ്ണവിലയിലെ അനിശ്ചിതത്വവും ഏതുനിമിഷവും സാമ്പത്തിക ഭദ്രതയെ ബാധിക്കാം.
ആഭ്യന്തര വിമാന സര്‍വീസുകളുടെ ഭൂരിഭാഗവും കൈയടക്കിവെച്ചിരിക്കുന്ന ഇന്‍ഡിഗോ പോലുള്ള വമ്പന്മാരുടെ സാന്നിധ്യം റീജിയണല്‍ സര്‍വീസുകള്‍ക്ക് വലിയ വെല്ലുവിളിയാണ്. കുറഞ്ഞ നിരക്കില്‍ വിമാന സര്‍വീസ് വാഗ്ദാനം ചെയ്യുമ്പോള്‍ പ്രൈസിങ് യുദ്ധത്തില്‍ പിടിച്ചുനില്‍ക്കുക എളുപ്പമാകില്ല. ഇന്ത്യയില്‍ ഇതിനുമുമ്പ് തുടക്കമിട്ട പല റീജിയണല്‍ എയര്‍ലൈനുകളും നഷ്ടം കാരണം പ്രവര്‍ത്തനം നിര്‍ത്തേണ്ടി വന്ന ചരിത്രമാണുള്ളത്. സംസ്ഥാനത്തെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളും കുറഞ്ഞ ഇന്ധന നികുതിയും അനുകൂല ഘടകങ്ങളാണെങ്കിലും, ഉയര്‍ന്ന പ്രവര്‍ത്തനച്ചെലവും സാങ്കേതിക പ്രതിസന്ധികളും അതിജീവിച്ച് കോ-കേരളത്തിന് എത്രത്തോളം ഉയര്‍ന്നുപറക്കാനാകും എന്നത് കണ്ടറിയേണ്ടിയിരിക്കുന്നു.






