Connect with us

Kerala

കെ എസ് ആര്‍ ടി സി ജീവനക്കാരുടെ ജൂണിലെ ശമ്പളം ആഗസ്റ്റ് അഞ്ചിന് നല്‍കുമെന്ന് സിഎംഡി; പ്രതിഷേധം തുടരാനുറച്ച് യൂനിയനുകള്‍

അടുത്ത ദിവസം ഉദ്ഘാടനം ചെയ്യുന്ന ഇലക്ട്രിക് ബസുകള്‍ തടയുമെന്ന് സി ഐ ടി യു

Published

|

Last Updated

തിരുവനന്തപുരം | കെ എസ് ആര്‍ ടി സി ജിവനക്കാരുടെ മുടങ്ങിയ ശമ്പളം വിതരണം ചെയ്യാന്‍ നടപടി ആയതായി സി എം ഡി ബിജു പ്രഭാകര്‍. ജൂണിലെ മുടങ്ങിയ ശമ്പളം ആഗസ്റ്റ് അഞ്ചിന് മുന്‍പായും ജൂലായ് മാസത്തിലെ ശമ്പളം പത്താം തീയതിക്കുള്ളിലും നല്‍കുമെന്ന് സി എം ഡി ഉറപ്പു നല്‍കി. അതേ സമയം യൂണിയനുകളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാത്തതിനെ തുടര്‍ന്ന് പ്രതിഷേധം തുടരാനാണ് യൂനിയനുകളുടെ തീരുമാനം. ഇതിന്റെ ഭാഗമായി അടുത്ത ദിവസം ഉദ്ഘാടനം ചെയ്യുന്ന ഇലക്ട്രിക് ബസുകള്‍ തടയുമെന്ന് സി ഐ ടി യു വ്യക്തമാക്കി.

ഇലക്ട്രിക് ബസുകള്‍ കെ-സ്വിഫ്റ്റിന് നല്‍കാനുള്ള നീക്കത്തില്‍നിന്ന് മാനേജ്മെന്റ് പിന്‍തിരിയണമെന്ന് ഇന്നു നടന്ന ചര്‍ച്ചയില്‍ സി ഐ ടി യു ആവശ്യപ്പെട്ടിരുന്നുവെങ്കിലും അംഗീകരിച്ചില്ല. ഇതാണ് പ്രതിഷേധത്തിലേക്ക് കടക്കാന്‍ സി ഐ ടി യുവിനെ പ്രേരിപ്പിച്ചത്. ബി എം എസും നാളത്തെ ഉദ്ഘാടന പരിപാടി ബഹിഷ്‌കരിക്കും. സിഎംഡിയുമായി നടത്തിയ ചര്‍ച്ച കോണ്‍ഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫ് ബഹിഷ്‌കരിച്ചിരുന്നു. ശമ്പളം ലഭിക്കാതെ ചര്‍ച്ചക്ക് തയ്യാറല്ല എന്ന് വ്യക്തമാക്കിയാണ് ചര്‍ച്ച ബഹിഷ്‌കരിച്ചത്.

ജീവനക്കാരുടെ ശമ്പളം നല്‍കുന്നതിന് പ്രഥമ പരിഗണന നല്‍കണം ഹൈക്കോടതി വാക്കാല്‍ നിര്‍ദേശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ശമ്പള വിതരണം സംബന്ധിച്ച് സി എം ഡി യൂണിയനുകളുമായി ചര്‍ച്ച നടത്തിയത്.