Connect with us

Kannur

ചിറക്കല്‍ വലിയ രാജ പൂയ്യം തിരുനാള്‍ സി കെ രവീന്ദ്ര വര്‍മ നിര്യാതനായി

നിലവില്‍ ചിറക്കല്‍ കോവിലകം ദേവസ്വം പാരമ്പര്യ ട്രസ്റ്റിയാണ്.

Published

|

Last Updated

കണ്ണൂര്‍ | കോലത്തിരി ചിറക്കല്‍ വലിയ രാജ പൂയ്യം തിരുനാള്‍ സി കെ രവീന്ദ്ര വര്‍മ (88) നിര്യാതനായി. സംസ്‌കാരം നാളെ (ശനി) രാവിലെ 11 ന് വളപട്ടണം കളരി വാതുക്കല്‍ ചിറക്കല്‍ കോവിലകം വക തീക്കൂലോത്ത് നടക്കും.

ചിറക്കല്‍ രാജാസ് ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്ററായിരുന്ന കിളിമാനൂര്‍ കൊട്ടാരത്തില്‍ പരേതനായ കെ ആര്‍ രാജരാജവര്‍മയുടെയും ചിറക്കല്‍ കോവിലകത്ത് പരേതയായ അനിഴം നാള്‍ ഓമന തമ്പുരാട്ടിയുടെയും മകനാണ് രവീന്ദ്ര വര്‍മ. ഭാര്യ: എണ്ണക്കാട് വടക്കേ മഠം കൊട്ടാരത്തില്‍ ശാന്തകുമാരി തമ്പുരാട്ടി (ചിറക്കല്‍ രാജാസ് ഹൈസ്‌കൂള്‍ മുന്‍ അധ്യാപിക).
മക്കള്‍: ഗായത്രി വര്‍മ (അധ്യാപിക, ഗുഡ് ഷെപ്പേഡ് ഇംഗ്ലീഷ് ഹൈസ്‌കൂള്‍, മുംബൈ), ഗംഗാ വര്‍മ, (അധ്യാപിക, ഭാവന്‍സ് വിദ്യാമന്ദിര്‍, എളമക്കര), ഗോകുല്‍ വര്‍മ (റീജ്യണല്‍ ബിസിനസ് ഹെഡ്, ശ്രീരാം ഫൈനാന്‍സ്, കണ്ണൂര്‍). മരുമക്കള്‍: പ്രദീപ് വര്‍മ (ടാക്‌സ് കണ്‍സല്‍ട്ടന്റ്, മുംബൈ), ആര്‍ വി രവികുമാര്‍ (ബിസിനസ്, എറണാകുളം), ലക്ഷ്മി വര്‍മ. സഹോദരങ്ങള്‍: സി കെ ലീലാ രാമവര്‍മ, സി കെ ഉഷ ജനാര്‍ദന രാജ, പ്രൊഫ. ഡോ. സി കെ അശോക വര്‍മ (മുന്‍ വൈസ് പ്രിന്‍സിപ്പല്‍, കൃഷ്ണ മേനോന്‍ ഗവ. കോളജ്, കണ്ണൂര്‍), പരേതയായ സി കെ കമലം തമ്പുരാട്ടി.

വളപട്ടണം വെസ്റ്റേണ്‍ ഇന്ത്യ-അക്കൗണ്ടന്റായി ദീര്‍ഘകാലം സേവനമനുഷ്ഠിച്ച രവീന്ദ്ര വര്‍മ നിലവില്‍ ചിറക്കല്‍ കോവിലകം ദേവസ്വം പാരമ്പര്യ ട്രസ്റ്റിയാണ്. സംഗീത, നൃത്തനാടകങ്ങളും കവിതാ സമാഹാരങ്ങളും എഴുതിയിട്ടുണ്ട്. മുത്തച്ഛന്‍ പറഞ്ഞ കോലത്തിരി കഥകള്‍, ശ്രീ ശങ്കരാചാര്യരുടെ ഭജ ഗോവിന്ദം മലയാളത്തിലേക്ക് ശ്ലോക രൂപത്തില്‍ വിവര്‍ത്തനം എന്നിവ ഇതില്‍ പ്രധാനം. ചിറക്കല്‍ കോവിലകം ദേവസ്വം പാരമ്പര്യ ട്രസ്റ്റി, കേരള ഫോക് ലോര്‍ അക്കാദമി, ക്ഷേത്ര കലാ അക്കാദമി എന്നിവയില്‍ ദീര്‍ഘകാലമായി അംഗമായി പ്രവര്‍ത്തിച്ചിരുന്നു. കേരള സംഗീത നാടക അക്കാദമി ഗുരുപൂജ പുരസ്‌കാരം 2009, കെ രാമവര്‍മ സാഹിത്യ പുരസ്‌കാരം 2018, തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.

ഉത്രട്ടാതി തിരുനാള്‍ സി കെ രാമവര്‍മ ഇളയരാജയായിരിക്കും അടുത്ത ചിറക്കല്‍ കോവിലകം വലിയ രാജയായി ചുമതലയേല്‍ക്കുക. പൊതു മരാമത്ത് വകുപ്പില്‍ എന്‍ജിനീയറായിരുന്ന സി കെ രാമവര്‍മ രാജ കിഴക്കേ കോവിലകത്താണ് താമസം.

 

Latest