From the print
കുഞ്ഞിന്റെ മരണം: ബാലാവകാശ കമ്മീഷന്‍ കേസെടുത്തു
പത്ത് ദിവസത്തിനകം റിപോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം.

കോഴിക്കോട് | ചേലാകര്‍മത്തിന് കൊണ്ടുവന്ന രണ്ട് മാസം പ്രായമായ കുഞ്ഞ് സ്വകാര്യ ക്ലിനിക്കില്‍ മരിച്ച സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, എസ് എച്ച് ഒ എന്നിവര്‍ ഇക്കാര്യത്തില്‍ റിപോര്‍ട്ട് നല്‍കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പത്ത് ദിവസത്തിനകം റിപോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.
അതേസമയം, ക്ലിനിക്കിനെതിരെ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ കാക്കൂര്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ബന്ധുക്കള്‍ക്കെതിരെ സ്വകാര്യ ക്ലിനിക്ക് അധികൃതരും രംഗത്തെത്തി. കുഞ്ഞ് മാസം തികയാതെയാണ് പ്രസവിച്ചതെന്ന കാര്യം ബന്ധുക്കള്‍ അറിയിച്ചില്ലെന്നാണ് ക്ലിനിക്കിന്റെ വിശദീകരണം. ചേലാകര്‍മത്തിന് മുന്നോടിയായി ലോക്കല്‍ അനസ്തേഷ്യ കൊടുക്കാന്‍ ശ്രമിച്ചപ്പോള്‍ തന്നെ കുഞ്ഞിന്റെ ആരോഗ്യനില വഷളായി. ക്ലിനിക്കില്‍ പീഡിയാട്രീഷ്യന്‍ ഇല്ലാത്തത് കാരണം നഗരത്തിലെ സ്വകാര്യ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നുവെന്നും അധികൃതര്‍ പറഞ്ഞു. ചേളന്നൂര്‍ സ്വദേശികളായ ശാദിയ ശെറിന്‍- ഇംതിയാസ് ദമ്പതികളുടെ മകന്‍ എമിന്‍ ആദം ആണ് മരണപ്പെട്ടത്
സംഭവത്തില്‍ ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചു. കുഞ്ഞിന് നല്‍കിയ മരുന്നും അളവും സംബന്ധിച്ച വിശദാംശങ്ങള്‍ പരിശോധിച്ചു. മെഡി. കോളജില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി.