Connect with us

Kerala

മുഖ്യമന്ത്രിപ്പോര്: എ ഐ സി സി നിരീക്ഷകര്‍ക്കുമുമ്പില്‍ നിലപാട് പറയാന്‍ മുസ്്‌ലിം ലീഗ് നേതാക്കള്‍ തലസ്ഥാനത്തേക്ക് പുറപ്പെട്ടു

വി ഡി സതീശന്‍ മുഖ്യമന്ത്രിയാണവണമെന്നാണ് ലീഗിന്റെ അടിയുറച്ച നിലപാട്

Published

|

Last Updated

തിരുവനന്തപുരം | കോണ്‍ഗ്രസിലെ മുഖ്യമന്ത്രിപ്പോരില്‍ എ ഐ സി സി നിരീക്ഷകര്‍ക്കുമുമ്പില്‍ നിലപാട് വ്യക്തമാക്കാനായി മുസ്്‌ലിം ലീഗ് നേതാക്കള്‍ തലസ്ഥാനത്തേക്ക് പുറപ്പെട്ടു. ഇന്ന് വൈകുന്നേരം നാലരക്കാണ് ചര്‍ച്ച നടക്കുക. വി ഡി സതീശന്‍ മുഖ്യമന്ത്രിയാണവണമെന്നാണ് ലീഗിന്റെ അടിയുറച്ച നിലപാട്. ലീഗിനെ സ്വാധീനിക്കാന്‍ കെ സി വേണുഗോപാലും രമേശ് ചെന്നിത്തലയും കരുനീക്കിയിരുന്നുവെങ്കിലും മുന്നണിയെ നയിച്ച വി ഡി സതീശന്‍ തന്നെ മുഖ്യമന്ത്രിയാവണം എന്ന നിലപാടില്‍ ലീഗ് ഉറച്ചു നില്‍ക്കുകയാണ്.

മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി തങ്ങള്‍ വി ഡി സതീശന് പരസ്യ പിന്തുണ പ്രഖ്യാപിച്ചെങ്കിലും കോണ്‍ഗ്രസ്സിന്റെ ആഭ്യന്തര കാര്യത്തില്‍ ലീഗ് ഇടപെടുന്നു എന്ന രൂപത്തില്‍ ചര്‍ച്ച ഉയര്‍ന്നതോടെ ലീഗ് നിലപാട് മയപ്പെടുത്തിയിരുന്നു. ഹൈക്കമാന്‍ഡുമായി ചര്‍ച്ചക്ക് ലീഗ് നേതാക്കള്‍ പോകും മുമ്പ് വി ഡി സതീശന്‍ തന്നെയാണ് ലീഗിന്റെ മനസ്സിലെന്ന് ലീഗ് നേതാവ് കെ എം ഷാജി വ്യക്തമാക്കി. ലീഗ് മന്ത്രിമാരെ നിശ്ചയിച്ചാല്‍ രണ്ടാമനായി കാണുന്ന നേതാവാണ് കെ എം ഷാജി.

എ ഐ സി സി തീരുമാന പ്രകാരം പ്രതിപക്ഷ നേതാവായ വി ഡി സതീശന്‍ തന്റെ ശേഷി തെളിയിച്ചുകഴിഞ്ഞു വെന്ന് കെ എം ഷാജി പറഞ്ഞു. അദ്ദേഹത്തെ ഏല്‍പ്പിച്ച ഉത്തരവാദിത്തം നേരാം വണ്ണം വിനിയോഗിച്ചു എന്നതിന്റെ തെളിവാണ് യു ഡി എഫിന്റെ വലിയ വിജയം. ഇനി അനാവശ്യമായ തര്‍ക്കങ്ങള്‍ ഉണ്ടാകാന്‍ പാടില്ല. 102സീറ്റുകള്‍ നല്‍കിയ ജനങ്ങളോട് യുഡിഎഫ് പ്രതിബദ്ധത കാണിക്കണമെന്നും ഷാജി പ്രതികരിച്ചു.മന്ത്രി സ്ഥാനം സംബന്ധിച്ച് ഒരു തര്‍ക്കത്തിന് ലീഗ് ഇല്ലെന്നും കെ എം ഷാജി വ്യക്തമാക്കി. ഈ ഗംഭീര വിജയത്തിന്റെ മറവില്‍ ഒരു പുതിയ ഡിമാന്‍ഡും ലീഗിന്റെ ഭാഗത്തു നിന്നും ഉണ്ടാവില്ലെന്നും ഷാജി പറഞ്ഞു.

നിര്‍ണായക ചര്‍ച്ചകള്‍ക്കായി എ ഐ സി സി നിരീക്ഷകരായ അജയ് മാക്കനും മുകുള്‍ വാസ്‌നിക്കും തലസ്ഥാനത്ത് എത്തി. മുതിര്‍ന്ന നേതാക്കളേയും ഘടകകക്ഷികളെയും കേള്‍ക്കും. തീരുമാനമെടുക്കാന്‍ ഹൈക്കമാന്‍ഡിനെ ചുമതലപ്പെടുത്തി നിയമസഭാ കക്ഷിയോഗം പ്രമേയം പാസാക്കിയേക്കും. രാവിലെ പത്തരക്ക് കെപി സി സി ആസ്ഥാനത്താണ് യോഗം നടക്കുന്നത്. മുഖ്യമന്ത്രിയും ഘടകകക്ഷി മന്ത്രിമാരും ആയിരിക്കും ആദ്യം സത്യപ്രതിജ്ഞ ചെയ്യുക. ഹൈക്കമാന്‍ഡിന്റെ കര്‍ശന മേല്‍നോട്ടത്തില്‍ ആയിരിക്കും മന്ത്രിമാരെ തീരുമാനിക്കുക. കോണ്‍ഗ്രസ് മന്ത്രിമാരുടെ കാര്യത്തിലെ തീരുമാനം വൈകുമെന്നാണ് സൂചനകള്‍. മെറിറ്റ് മാത്രമാകണം മാനദണ്ഡമെന്നും ഗ്രൂപ്പ് താല്പര്യങ്ങള്‍ നോക്കരുത് എന്നും രാഹുല്‍ ഗാന്ധി നിര്‍ദേശം നല്‍കിയിട്ടുണ്ട്.