Kerala
തനിക്കൊപ്പം നില്‍ക്കുന്നവരുടെ മന്ത്രിസ്ഥാനത്തിനായി ചെന്നിത്തല
നാല് തവണ എം എല്‍ എ ആയ ചിലരെ മന്ത്രിസഭയിലേക്ക് പരിഗണിക്കണമെന്ന് എ ഐ സി സി നേതൃത്വത്തോട് ചെന്നിത്തല ആവശ്യപ്പെട്ടു
തിരുവനന്തപുരം | തനിക്ക് അര്‍ഹതപ്പെട്ടതെല്ലാം നിഷേധിക്കപ്പെട്ടെങ്കിലും തനിക്കൊപ്പം നില്‍ക്കുന്നവര്‍ക്ക് അര്‍ഹമായ അംഗീകാരം നല്‍കണമെന്ന നിലപാടില്‍ ഉറച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
മന്ത്രിസഭയില്‍ ചേരാന്‍ ഹൈക്കമാന്‍ഡ് സമ്മര്‍ദം തുടരുന്നതിനിടെയാണ്, തന്റെ കൂടെ നില്‍ക്കുന്ന ചിലരെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കണമെന്ന ആവശ്യത്തില്‍ ചെന്നിത്തല ഉറച്ചു നില്‍ക്കുന്നത്. ചെന്നിത്തലയ്ക്ക് ധനവകുപ്പ് കൊടുക്കാമെന്ന നിലയിലാണ് കോണ്‍ഗ്രസില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. നാല് തവണ എം എല്‍ എ ആയ ചിലരെ മന്ത്രിസഭയിലേക്ക് പരിഗണിക്കണമെന്ന് എ ഐ സി സി നേതൃത്വത്തോട് ചെന്നിത്തല ആവശ്യപ്പെട്ടു. അവരുടെ കാര്യത്തില്‍ തീരുമാനമായിട്ട് മന്ത്രിസഭയിലേക്കുണ്ടോ എന്നതില്‍ തീരുമാനമെടുക്കുമെന്നാണ് ചെന്നിത്തലയുടെ നിലപാട്.
മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച് കോണ്‍ഗ്രസ് നേതൃത്വം ഇന്ന് ഘടകകക്ഷികളുമായി ഉഭയകക്ഷി ചര്‍ച്ച നടത്തും. രാവിലെ 11 മുതല്‍ തുടങ്ങുന്ന ചര്‍ച്ചയില്‍ മന്ത്രിസ്ഥാനത്തിന്റെ എണ്ണം, വകുപ്പ് എന്നിവ സംബന്ധിച്ച് ധാരണയിലെത്തും. ഇന്നലെ കൊച്ചിയിലേക്ക് പോയ നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായി രാവിലെ പത്തരയോടെ തലസ്ഥാനത്ത് തിരിച്ചെത്തും.







