Connect with us

National

കാവേരി നദിയില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ മുങ്ങിമരിച്ചു

മാണ്ഡ്യ ജില്ലയില്‍ വിനോദസഞ്ചാര കേന്ദ്രമായ മുത്തത്തിക്ക് സമീപമാണ് അപകടം.

Published

|

Last Updated

ബെംഗളുരു| കാവേരി നദിയില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ മുങ്ങിമരിച്ചു. കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയില്‍ വിനോദസഞ്ചാര കേന്ദ്രമായ മുത്തത്തിക്ക് സമീപമാണ് അപകടം. ക്ഷേത്രദര്‍ശനത്തിനുശേഷം നദിക്കരയില്‍ എത്തിയ സംഘമാണ് അപകടത്തില്‍പ്പെട്ടത്. ബെംഗളുരുവിലെ ബ്യാദരഹള്ളി സ്വദേശികളായ ശ്വേത (38), ചൈത്ര (20), വിജയമ്മ (50), പ്രിയങ്ക (28), ഡ്രൈവറായ മഹേഷ് എന്നിവരാണ് മരിച്ചത്. സംഘത്തോടൊപ്പമുണ്ടായിരുന്ന നാല് വയസ്സുള്ള കുട്ടിയും രവി എന്ന വ്യക്തിയും അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു.

മുത്തത്തിയിലെ മുത്തത്തിരയ ക്ഷേത്രത്തിലേക്ക് പോകുന്നതിന് മുമ്പ് സംഘം രാവിലെ കബ്ബാലമ്മ ക്ഷേത്രം സന്ദര്‍ശിച്ചിരുന്നു. സന്ദര്‍ശനം കഴിഞ്ഞ ശേഷം തൊട്ടടുത്ത കാവേരി നദിക്കരയിലെത്തുകയും പിന്നീട് അപകടത്തില്‍പ്പെടുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

കുടുംബാംഗങ്ങള്‍ നദിക്കരയില്‍ ഫോട്ടോ എടുക്കുന്നതിനിടെ വിജയമ്മ ആഴമുള്ള ഭാഗത്തേക്ക് വഴുതി വീഴുകയായിരുന്നു. ഇവരെ രക്ഷിക്കാനായി മറ്റുള്ളവരും വെള്ളത്തിലിറങ്ങിയെങ്കിലും ശക്തമായ ഒഴുക്കില്‍പ്പെടുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. അപകടത്തില്‍പ്പെട്ട രവിയെയും നാല് വയസ്സുള്ള കുട്ടിയെയും നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്.

പ്രദേശത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോംഗാര്‍ഡുകള്‍ നല്‍കിയ മുന്നറിയിപ്പ് അവഗണിച്ചാണ് സംഘം നദിയിലേക്ക് ഇറങ്ങിയതെന്ന് അധികൃതര്‍ വ്യക്തമാക്കി. അഗ്‌നിരക്ഷാസേനയും ദുരന്തനിവാരണ സേനയും ചേര്‍ന്നാണ് മൃതദേഹങ്ങള്‍ കരക്കെത്തിച്ചത്. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Content Highlights:
Five people including four members of a Bengaluru family drowned in the Cauvery river near Muthathi in Mandya district. The tragedy occurred while they were visiting a local temple and taking photos by the riverbank. Locals managed to rescue a four year old child and another man from the strong currents.

 

---- facebook comment plugin here -----

Latest