Kerala
ആസിഡ് ആക്രമണത്തില്‍ അയല്‍വാസിയുടെ കാഴ്ച ശക്തി നഷ്ടമായ കേസ്; 26 വര്‍ഷത്തിന് ശേഷം പൊന്നമ്മ അഴിക്കുള്ളില്‍
അപ്പീല്‍ നല്‍കി ശിക്ഷയില്‍ ഇളവ് നേടിയെടുത്തെങ്കിലും, ശിക്ഷ അനുഭവിക്കാന്‍ തയ്യാറാകാതെ പല സ്ഥലങ്ങളിലായി ഒളിച്ചു താമസിച്ചുവരികയായിരുന്നു
പത്തനംതിട്ട | അയല്‍വാസിയുടെ മുഖത്ത് ആസിഡ് ഒഴിച്ച് പൊള്ളലേല്‍പ്പിച്ച സംഭവത്തിലെ പ്രതിയെ കാല്‍ നൂറ്റാണ്ടിന് ശേഷം പോലിസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട കൊല്ലമുള തുലാപ്പള്ളി മൂലക്കയം പാലനില്‍ക്കുന്ന ഉഴത്തില്‍ വീട്ടില്‍ പൊന്നമ്മ (65)നെയാണ് വെച്ചൂച്ചിറ പോലിസ് അറസ്റ്റ് ചെയ്തത്. 2000 ജൂലൈ 30ന് രാത്രിയിലാണ് പരാതിക്കാസ്പദമായ സംഭവം നടന്നത്.
ഇവരുടെ അയല്‍വാസിയായ വെള്ളാപ്പള്ളില്‍ വീട്ടില്‍ ശശിധരന്‍ എന്നയാള്‍ക്കാണ് പൊന്നമ്മയുടെ ആസിഡ് ആക്രമണത്തില്‍ ഭാഗികമായി കാഴ്ചശക്തി നഷ്ടപ്പെട്ടത്. വെച്ചൂച്ചിറ പോലീസ് സ്റ്റേഷന്‍ ഹെഡ് കോണ്‍സ്റ്റബിള്‍ ആയിരുന്ന ടി എ ശ്രീകുമാര്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്നത്തെ വെച്ചൂച്ചിറ എസ് ഐ, കെ വി വിജയന്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചു. 10 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് പ്രതിക്കെതിരെ ചുമത്തിയിരുന്നത്. 2003ല്‍ കോടതി ഇവരെ 3 വര്‍ഷം തടവിനും 50,000 രൂപ പിഴ അടക്കുന്നതിനും ശിക്ഷിച്ചു.
എന്നാല്‍ ഇവര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി ശിക്ഷയില്‍ ഇളവ് നേടിയെടുത്തെങ്കിലും, ശിക്ഷ അനുഭവിക്കാന്‍ തയ്യാറാകാതെ പല സ്ഥലങ്ങളിലായി ഒളിച്ചു താമസിച്ചുവരികയായിരുന്നു. പല അവസരങ്ങളിലും ഇവരെ അന്വേഷിച്ച് പോലീസ് ചെന്നെങ്കിലും ഇവര്‍ പോലീസിനെ കബളിപ്പിച്ച് ഒളിവുജീവിതം തുടര്‍ന്നു. പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആര്‍ ആനന്ദ് ചുമതലയേറ്റ ശേഷം വീണ്ടും പ്രതിക്ക് വേണ്ടിയുള്ള അന്വേഷണം തുടര്‍ന്നു. ഇതിനോടൊപ്പം പൊന്നമ്മയുടെ ഭര്‍ത്താവ് പൊന്നപ്പനെ കാപ്പാ നിയമപ്രകാരം ജില്ലക്ക് പുറത്താക്കിയിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചതോടെ പൊന്നമ്മ കീഴടങ്ങുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പൊന്നമ്മയെ അട്ടക്കുളങ്ങര വനിതാ ജയിലിലേക്ക് മാറ്റി.







