Connect with us

ask me

കരിയർ തിരഞ്ഞെടുക്കാം താത്പര്യത്തോടെ

40 ഓളം വരുന്ന എൻജിനീയറിംഗ് ബിരുദശാഖകളിൽ നിന്നും തനിക്ക് ഏറ്റവും യോജിച്ചത് തിരഞ്ഞെടുക്കുക എന്നുള്ളത് തന്നെയാണ് ആദ്യ കടമ്പ.

Published

|

Last Updated

ഞാൻ പ്ലസ് ടു കഴിഞ്ഞ് എൻജിനീയറിംഗ് കോഴ്‌സ് ചെയ്യണമെന്ന് തീരുമാനിച്ചിരിക്കുകയാണ്, ബ്രാഞ്ച് തിരഞ്ഞെടുക്കുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം?

-അതുൽകൃഷ്ണ
കുറ്റീയിൽതാഴം

ൻജിനീയറിംഗ് എൻട്രൻസ് എക്‌സാമിനേഷനുകളുടെ അപേക്ഷാ സമർപ്പണം നടന്നുകൊണ്ടിരിക്കുന്ന സമയമാണല്ലോ. റിസൾട്ടുകൾ വരുന്നതിന് മുമ്പ് തന്നെ തനിക്ക് ഏറ്റവും യോജിച്ച കോഴ്‌സുകളെ കുറിച്ചുള്ള ധാരണ ഉണ്ടാക്കി വെക്കുന്നത് നല്ലതാണ്. ഏതു കോഴ്‌സുകൾ തിരഞ്ഞെടുക്കുന്നതിന് മുമ്പും നിങ്ങളുടെ താത്പര്യം, അഭിരുചി, ജോലി സാധ്യതകൾ, ഉപരിപഠന സാധ്യതകൾ, കോഴ്‌സ് പഠിക്കാനുള്ള ചെലവ്, സ്ഥാപനങ്ങളും സൗകര്യങ്ങളും, ഗവേഷണ സാധ്യതകൾ എന്നിവ പരിഗണിക്കേണ്ട കാര്യങ്ങളാണ്.

അനുദിനം മാറുന്ന സാങ്കേതിക വികസനരംഗത്തിന് ചുക്കാൻ പിടിക്കുന്നവരാണ് എൻജിനീയർമാർ. 40 ഓളം വരുന്ന എൻജിനീയറിംഗ് ബിരുദശാഖകളിൽ നിന്നും തനിക്ക് ഏറ്റവും യോജിച്ചത് തിരഞ്ഞെടുക്കുക എന്നുള്ളത് തന്നെയാണ് ആദ്യ കടമ്പ. എൻജിനീയറിംഗിന് പോകണം എന്ന ഒരു പൊതു ധാരണക്ക് അപ്പുറത്തേക്ക് തനിക്കു പറ്റിയ ഒരു ബ്രാഞ്ച് കൂടി മുൻകൂട്ടി നിശ്ചയിക്കണം എന്ന് തീരുമാനിക്കുന്നത് നല്ല ഒരു പ്രവണതയാണ്. എൻജിനീയറിംഗിലെ ബ്രാഞ്ചുകൾ നമുക്ക് പ്രധാനമായും അടിസ്ഥാന ശാഖകളും (Core Branches) അവയുടെ സംയോജിത ശാഖകൾ എന്നും പ്രത്യേക ശാഖകൾ (Specialised Branches) എന്നും തരം തിരിക്കാം.

എൻജിനീയറിംഗ് മേഖലയിലെ തലതൊട്ടപ്പൻ കോഴ്‌സുകൾ ആയ മെക്കാനിക്കൽ, സിവിൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്‌സ്, കമ്പ്യൂട്ടർ സയൻസ് എൻജിനീയറിംഗ് പോലുള്ള ബ്രാഞ്ചുകളെ പൊതുവെ അടിസ്ഥാന ശാഖകളിൽ ഉൾപ്പെടുത്താം. വൈവിധ്യമാർന്ന ഉന്നത പഠന മേഖല, മികച്ച സ്ഥാപനങ്ങളുടെ ലഭ്യത, മറ്റു ബ്രാഞ്ചുകളിലേക്ക് മാറാനുള്ള സാധ്യത, റിസർച്ചിലേക്കും ടീച്ചിംഗിലേക്കുമുള്ള അവസരങ്ങൾ തുടങ്ങിയ സൗകര്യങ്ങൾ അടിസ്ഥാന ശാഖകളിൽ കൂടുതലാണ്.

മെക്കാനിക്കൽ എൻജിനീയറിംഗ് എന്ന ഒരു അടിസ്ഥാന ശാഖ സെലക്ട് ചെയ്ത ആൾക്ക് മെക്കാട്രോണിക്‌സ്, റോബോട്ടിക്‌സ്, ഓട്ടോമൊബൈൽ എൻജിനീയറിംഗ് മെക്കാനിക്കൽ പ്രൊഡക്ഷൻ, നാനോ- മറൈൻ എൻജിനീയറിംഗ് തുടങ്ങിയ സംയോചിത ശാഖകൾ മികച്ച സ്ഥാപനങ്ങളിൽ ഉന്നത പഠനത്തിനായി തിരഞ്ഞെടുക്കാവുന്നതാണ്.

അതുപോലെതന്നെ കമ്പ്യൂട്ടർ സയൻസ് എൻജിനീയറിംഗിന് ശേഷം ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഇന്റർനെറ്റ് ഓഫ് തിംഗ്സ്, മെഷീൻ ലേണിംഗ്, ബ്ലോക്ക് ചെയിൻ, ഡാറ്റാ സയൻസ് എന്നിങ്ങനെ ഓരോ അടിസ്ഥാന ശാഖകളുടെയും സംയോജിത ശാഖകൾ ഈ തരത്തിൽ തിരഞ്ഞെടുക്കാവുന്നതാണ്.

പ്രത്യേക ശാഖകൾക്ക് ഉദാഹരണങ്ങളാണ് അഗ്രികൾച്ചറൽ, ടെക്‌സ്‌റ്റൈൽ, ബയോ ടെക്‌നോളജി, ബയോമെഡിക്കൽ എൻജിനീയറിംഗ്, ഡയറി ടെക്‌നോളജി, ഫുഡ് ടെക്‌നോളജി എന്നിവ. കുറഞ്ഞ ഉന്നത പഠനത്തിന് ഉള്ള പരിഗണന, പഠിച്ച മേഖലയുമായി ബന്ധപ്പെട്ട ബിരുദത്തിന് ശേഷം പെട്ടെന്ന് ജോലിയിൽ കയറുക, അതേ മേഖലയിൽ തന്നെ തുടർന്നു പോവുക തുടങ്ങിയവ പ്രത്യേക ശാഖകളുടെ പരിമിതികളാണ്. ഈ കാര്യങ്ങൾ പരിഗണനക്കെടുത്ത് തന്റെ കഴിവും അഭിരുചിയും താത്പര്യവും കണക്കിലെടുത്ത് ഒരു ശാഖാ പഠനത്തിനായി തിരഞ്ഞെടുക്കുമ്പോൾ നിങ്ങളാണ് ആ മേഖലയിലെ കഴിവുറ്റ എൻജിനീയർ.

 

 

ചീഫ് കരിയർ കൗൺസിലർ, സിജി ചേവായൂർ