Connect with us

Kerala

കാന്‍സര്‍ റോബോട്ടിക് സര്‍ജറി യൂണിറ്റ് കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളിലും

സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി തിരുവനന്തപുരം ആര്‍സിസിയിലാണ് റോബോട്ടിക് സര്‍ജറി പ്രവര്‍ത്തനമാരംഭിക്കുന്നത്.

Published

|

Last Updated

തിരുവനന്തപുരം| ഇന്ത്യയിലും വിദേശത്തെ വന്‍കിട ആശുപത്രികളിലും മാത്രം ലഭ്യമായിരുന്ന റോബോട്ടിക് സര്‍ജറി യൂണിറ്റ് സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി കേരളത്തില്‍ യാഥാര്‍ഥ്യമാകുന്നു. ഇതോടെ കാന്‍സര്‍ ചികിത്സാ രംഗത്ത് റോബോട്ടിക് സര്‍ജറിയെന്ന നീര്‍ഘനാളത്തെ സ്വപ്നമാണ് സാക്ഷാത്കരിക്കപ്പെടുന്നത്. സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി തിരുവനന്തപുരം ആര്‍സിസിയിലാണ് റോബോട്ടിക് സര്‍ജറി പ്രവര്‍ത്തനമാരംഭിക്കുന്നത്.

ആര്‍.സി.സിയില്‍ പ്രവര്‍ത്തനസജ്ജമായ റോബോട്ടിക് സര്‍ജറി യൂനിറ്റ്, ഹൈപെകചികിത്സാ സംവിധാനം, പേഷ്യന്റ് വെല്‍ഫെയര്‍ ആന്റ് സര്‍വീസ് ബ്ലോക്ക്, ക്ലിനിക്കല്‍ ലബോറട്ടറി ട്രാക്കിംഗ് സംവിധാനം എന്നിവയുടെ ഉദ്ഘാടനം ജനുവരി 15ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും.

അപ്രാപ്യമായ ഹൈടെക് ചികിത്സാ സങ്കേതങ്ങള്‍ സാധാരണക്കാര്‍ക്ക് ലഭ്യമാക്കുക എന്നാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു. റോബോട്ടിക് സര്‍ജറി യാഥാര്‍ഥ്യമാകുന്നതിലൂടെ കാന്‍സര്‍ ചികിത്സാ രംഗത്ത് സുപ്രധാനമായ ചുവടുവെപ്പാണ് ആരോഗ്യമേഖല കൈവരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ആര്‍.സി.സി.യിലും എം.സി.സി.യിലും റോബോട്ടിക് സര്‍ജറി സംവിധാനവും (60 കോടി) ഡിജിറ്റല്‍ പത്തോളജി മികവിന്റെ കേന്ദ്രങ്ങളും (18.87 കോടി) സജ്ജമാക്കുന്നതിന് റീബിള്‍സ് കേരള ഇന്‍ഷ്യേറ്റീവിലൂടെയാണ് തുക അനുവദിച്ചത്. എം.സി.സി.യിലും റോബോട്ടിക് സര്‍ജറി ഉടന്‍ പ്രവര്‍ത്തന സജ്ജമാകുന്നതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സര്‍ജിക്കല്‍ റോബോട്ടിന്റെ സഹായത്തോടുകൂടി നടത്തുന്ന ഒരു പ്രത്യേക തരം മിനിമല്‍ ആക്സസ് ശസ്ത്രക്രിയയാണ് റോബോട്ടിക് സര്‍ജറി. വിവിധ തരത്തിലുള്ള കാന്‍സറുകളുടെ ചികിത്സയ്ക്ക് റോബോട്ടിക് ശസ്ത്രക്രിയ ഫലപ്രദമാണ്. രോഗിയുടെ വേദന കുറയ്ക്കുക, ശസ്ത്രക്രിയയ്ക്കിടയിലുള്ള രക്തസ്രാവം കുറയ്ക്കുക , രോഗിയെ സാധാരണ ജീവിതത്തിലേക്ക് എത്രയും പെട്ടെന്ന് കൊണ്ടുവരിക എന്നിവ റോബോട്ടിക് സര്‍ജറിയുടെ പ്രത്യേകതയാണ്.

ശസ്ത്രക്രിയാ വേളയില്‍ തന്നെ കാന്‍സര്‍ ബാധിത ഭാഗത്ത് കീമോതെറാപ്പി നല്‍കാന്‍ കഴിയുന്ന 1.32 കോടി രൂപ ചെലവഴിച്ചുള്ള ഹൈപെക് അഥവാ ഹൈപ്പര്‍ തെര്‍മിക് ഇന്‍ട്രാ പെരിറ്റോണിയല്‍ കീമോതെറാപ്പി ചികിത്സാ സംവിധാനവും ആര്‍.സി.സിയില്‍ സജ്ജമാക്കിയിട്ടുണ്ട്.

Latest