National
വിവാഹവേദിയിൽ കാമുകന്റെ വെടിയേറ്റു; ഗുരുതരമായി പരുക്കേറ്റ വധു ആശുപത്രിയിൽ
വധുവും വരനും വിവാഹവേദിയിൽ നിൽക്കുമ്പോഴായിരുന്നു അതിഥികൾക്കിടയിൽ നിന്നെത്തിയ കാമുകൻ വെടിയുതിർത്തത്.
ബക്സർ | ബിഹാറിലെ ബക്സറിൽ വിവാഹവേദിയിൽ വധുവിന് നേരെ കാമുകന്റെ വെടിയേറ്റു. ചൊവ്വാഴ്ച രാത്രി 11 മണിയോടെ നടന്ന ചടങ്ങിൽ വധുവായ പതിനെട്ടുകാരി ആരതി കുമാരിക്കാണ് വെടിയേറ്റത്. അയൽവാസി കൂടിയായ ദീൻബന്ധു എന്ന യുവാവാണ് കൃത്യം നടത്തിയതെന്ന് പോലീസ് തിരിച്ചറിഞ്ഞു. വധുവും വരനും വിവാഹവേദിയിൽ നിൽക്കുമ്പോഴായിരുന്നു അതിഥികൾക്കിടയിൽ നിന്നെത്തിയ ദീൻബന്ധു വെടിയുതിർത്തത്.
ആരതിയുടെ വയറിനാണ് വെടിയേറ്റത്. വിവാഹ ചടങ്ങുകൾക്കിടെ പെട്ടെന്നുണ്ടായ വെടിവെപ്പിൽ വിവാഹ പന്തലിൽ വൻ പരിഭ്രാന്തിയുണ്ടായി. പരിക്കേറ്റ വധുവിനെ ഉടൻ തന്നെ സമീപത്തെ സദർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആരോഗ്യനില വഷളായതിനെ തുടർന്ന് വാരണാസി ട്രോമ സെന്ററിലേക്ക് മാറ്റി. വധുവിന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. ഉത്തർപ്രദേശിലെ ബല്ലിയയിൽ നിന്നുള്ള വരന്റെ വീട്ടുകാർ സംഭവത്തിന് പിന്നാലെ മടങ്ങിപ്പോയി.
പ്രണയപ്പകയാണ് അക്രമത്തിന് കാരണമെന്ന് നാട്ടുകാർ സംശയിക്കുന്നു. പ്രതിയായ ദീൻബന്ധു ഒളിവിലാണ്. ഇയാളുടെ മാതാപിതാക്കളെ പോലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തു. നേരത്തെ മദ്യക്കടത്ത് കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ് ദീൻബന്ധുവെന്ന് പോലീസ് പറഞ്ഞു. പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കിയതായി അഡീഷണൽ സ്റ്റേഷൻ ഹൗസ് ഓഫീസർ ചന്ദൻ കുമാർ അറിയിച്ചു.
Summary
A tragic incident occurred in Bihar’s Buxar where an 18-year-old bride, Aarti Kumari, was shot in the stomach by her alleged lover, Deenbandhu, during the wedding ceremony. The attacker, a neighbor with a criminal record, opened fire while the couple was on stage, leaving the bride in critical condition. While the suspect remains at large, police have detained his parents for questioning and are conducting raids to apprehend him.




