Connect with us

സാഹിത്യം

'ധർമസങ്കടങ്ങളെ' തേടി ബുക്കർ പ്രൈസ്

അക്ഷരലോകത്തെ ഏറെ ശ്രദ്ധേയനായ എഴുത്തുകാരനാണ് ഡേവിഡ് സൊലോയ്. നോവലിസ്റ്റ്, ചെറുകഥാകൃത്ത് എന്നീ നിലകളിൽ വായനലോകത്ത് സുപരിചിതനായ അദ്ദേഹം ആറ് നോവലുകളുടെയും അസംഖ്യം ചെറുകഥകളുടേയും രചയിതാവാണ്.

Published

|

Last Updated

വർഷത്തെ ബുക്കർ പ്രൈസിന് പ്രമുഖ ബ്രിട്ടീഷ് – ഹംഗേറിയൻ – കനേഡിയൻ എഴുത്തുകാരൻ ഡേവിഡ് സൊലോയ് (David Szalai) തിരഞ്ഞെടുക്കപ്പെട്ടു. 2024 ഒക്ടോബർ ഒന്ന് മുതൽ 2025 സെപ്തംബർ മുപ്പത് വരെയുള്ള കാലയളവിൽ യു കെയിലും അയർലാൻഡിലും പ്രസിദ്ധീകരിച്ച നൂറ്റിഅൻപത്തിമൂന്ന് ഇംഗ്ലീഷ് നോവലുകളിൽനിന്നാണ് ഡേവിഡ് സൊലോയിയുടെ “ഫ്ലെഷ്’ (Flesh) എന്ന നോവൽ പുരസ്‌കാരനിർണയസമിതി തിരഞ്ഞെടുത്തത്. സൊലോയിയുടെ ആറാമത്തെ നോവലാണ് “ഫ്ലെഷ്’. അമ്പതിനായിരം പൗണ്ടും, ഫലകവും ഉൾപ്പെടുന്ന പുരസ്‌കാരം ലണ്ടനിൽ നടന്ന വർണാഭമായ ചടങ്ങിൽ കഴിഞ്ഞ വർഷത്തെ ബുക്കർ ജേത്രി സാമന്ത ഹാർവെയിൽനിന്നും സൊലോയ് സ്വീകരിച്ചു.

അക്ഷരലോകത്തെ ഏറെ ശ്രദ്ധേയനായ എഴുത്തുകാരനാണ് ഡേവിഡ് സൊലോയ്. നോവലിസ്റ്റ്, ചെറുകഥാകൃത്ത് എന്നീ നിലകളിൽ വായനലോകത്ത് സുപരിചിതനായ അദ്ദേഹം ആറ് നോവലുകളുടെയും അസംഖ്യം ചെറുകഥകളുടേയും രചയിതാവാണ്. രചനകൾ വലിയതോതിൽ സഹൃദയശ്രദ്ധ നേടുകയും വിവിധ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുമുണ്ട്.
1974ൽ കാനഡയിലെ മോൺട്രിയലിൽ ജനിച്ച ഡേവിഡ് സൊലോയിയുടെ വേരുകൾ കാനഡയിലും ഹംഗറിയിലുമായാണ് ഇഴചേർന്നിരിക്കുന്നത്. കാനഡക്കാരിയായിരുന്നു അമ്മ. അച്ഛൻ ഹംഗേറിയൻ പൗരനും. കുടുംബം പിന്നീട് യു കെയിലേക്ക് കുടിയേറി.

ഓക്‌സ്ഫോഡ് സർവകലാശാലയിൽനിന്നും ബിരുദം നേടിയ സൊലോയ് നോവലുകൾക്കും ചെറുകഥകൾക്കും പുറമെ ബി ബി സി ക്കുവേണ്ടി ഒട്ടേറെ നാടകങ്ങളും എഴുതിയിട്ടുണ്ട്. ഇപ്പോൾ കുടുംബത്തോടൊപ്പം വിയന്നയിൽ താമസിക്കുന്ന ഈ എഴുത്തുകാരൻ, ഇരുപതിലധികം ഭാഷകളിലായി ലോകമെങ്ങുമുള്ള പതിനായിരക്കണക്കിന് വായനക്കാരുടെ കൈകളിലെത്തിയ അദ്ദേഹത്തിന്റെ പുസ്തകങ്ങൾവഴി അന്താരാഷ്ട്രപ്രശസ്തി നേടിയിരിക്കുന്നു. അദ്ദേഹത്തിന്റെ നോവലുകളിൽ London and the South East (2008), The Innocent (2009), Spring (2011) എന്നിവ ഏറെ ചർച്ച ചെയ്യപ്പെട്ടവയാണ്. All that Man is (2016), Turbulence (2018) എന്നിവയാണ് പ്രമുഖ ചെറുകഥാ സമാഹാരങ്ങൾ. All That Man is എന്ന പുസ്തകം 2016ലെ ബുക്കർ ചുരുക്കപ്പട്ടികയിൽ സ്ഥാനം നേടിയിരുന്നു.

ബുക്കർ പുരസ്‌കാരത്തിനർഹമായ “ഫ്ലഷ്’ ഡേവിഡ് സൊലോയിയുടെ ആറാമത്തെ നോവലാണ്. 2025ൽ പ്രസിദ്ധീകരിച്ച ഈ നോവലിലെ പ്രധാന കഥാപാത്രം ഇസ്ത്്വാൻ എന്ന അന്തർമുഖനായ ചെറുപ്പക്കാരനാണ്. ഹംഗറിയിലെ ഒരു ഗ്രാമത്തിലെ വീട്ടിൽ അമ്മക്കൊപ്പം കഴിയുന്ന ഇസ്ത്്വാന്റെ തുടർന്നുള്ള ജീവിതത്തിലെ ഗതിവിഗതികൾ അമ്പരപ്പിക്കുന്നതാണ്. ദാരിദ്ര്യത്തിന്റെ ദുരിതക്കയത്തിൽനിന്നും അവൻ എത്തിച്ചേരുന്നത് ഇംഗ്ലണ്ടിലെ സമ്പന്നരുടെ ഇടയിലാണ്. വർഷങ്ങൾ കടന്നുപോകവേ സമ്പത്തും ജീവിതസുഖങ്ങളും അവനെ കടാക്ഷിക്കുന്നു.

സൗഭാഗ്യങ്ങളുടെ നടുവിൽ കഴിയുമ്പോഴും പക്ഷേ ഇസ്ത്്വാൻ സംതൃപ്തനല്ല. ആ ജീവിത സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ അവന് കഴിയുന്നില്ല. ചെറുപ്പം മുതൽ മനസ്സിനെ ഭരിക്കുന്ന അന്യതാബോധവും സ്വത്വപ്രതിസന്ധിയും മറികടക്കാൻ കഴിയാത്ത അവന്റെ ധർമസങ്കടങ്ങളെ ഹൃദയസ്പർശിയായി സൊലോയ് ആവിഷ്‌കരിക്കുന്നു. “ഫ്ലെഷ്’ മുന്നോട്ടുവെക്കുന്നത് ജീവിതത്തെ സംബന്ധിച്ച കാതലായ ചില പ്രശ്‌നങ്ങളാണ്. ജീവിതത്തെ അർഥപൂർണമാക്കുന്നതും അതിനെ ദുഷിപ്പിക്കുന്നതുമായ ഘടകങ്ങളെന്തൊക്കെയെന്ന അന്വേഷണങ്ങളിലേക്ക് വായനക്കാരുടെ ചിന്തയെ കൂട്ടിക്കൊണ്ടുപോകുകയാണ് ഈ നോവൽ. പുരസ്‌കാരനിർണയ സമിതിയുടെ അധ്യക്ഷനായ പ്രശസ്ത എഴുത്തുകാരൻ റോഡി ഡോയൽ ഇങ്ങനെ അഭിപ്രായപ്പെടുന്നു. “സമിതി അംഗങ്ങളെല്ലാം ഒരേ സ്വരത്തിലാണ് ഈ നോവൽ തിരഞ്ഞെടുത്തത്. ഔപചാരികമായ വോട്ടെടുപ്പ് ആവശ്യമായി വന്നതേയില്ല. ഞങ്ങൾക്കെല്ലാവർക്കും ഏറ്റവുമധികം ഇഷ്ടം തോന്നിയ നോവലാണ് ഫ്ലെഷ്. തികച്ചും വ്യത്യസ്തമായ ഈ രചന ഞങ്ങളുടെ ഹൃദയത്തെ ആഴത്തിൽ സ്പർശിക്കുകയുണ്ടായി.’

കൃത്യതയും മിതത്വവുമാണ് ഡേവിഡ് സൊലോയിയുടെ രചനകളുടെ ആഖ്യാനപരമായ പ്രധാന സവിശേഷത. വൈകാരികതീവ്രമായ പ്രമേയങ്ങൾ മുന്നിട്ടുനിൽക്കുന്ന അവയിൽ മനോവിശ്ലേഷണത്തിന്റെയും സാമൂഹികനിരീക്ഷണത്തിന്റെയും ധാരകളെ തികഞ്ഞ നൈസർഗികതയോടെ അദ്ദേഹം പരസ്പരം ഇണക്കിച്ചേർക്കുന്നു. വ്യക്തവും ശുദ്ധവുമാണ് ഓരോ വാക്യവും. ശൈലി ഋജുവും ഭാഷ തെളിമയുള്ളതും ആഖ്യാനം സങ്കീർണതയുടെ ഭാരമില്ലാത്തതുമാണ്. ഡേവിഡ് സൊലോയ് എന്ന എഴുത്തുകാരന്റെ രചനകളെ അക്ഷരലോകത്ത് പ്രിയപ്പെട്ടതാക്കി നിലനിർത്തുന്നതിൽ ഈ ഘടകങ്ങൾ വലിയ പങ്കുവഹിക്കുന്നു.

 

 

---- facebook comment plugin here -----

Latest