Connect with us

Prathivaram

കറുത്ത പകലുകൾ

Published

|

Last Updated

പറമ്പിന്റെ ഒരു മൂലയിൽ അടുക്കിവെച്ചിരുന്ന ചെടിച്ചട്ടികൾ ഓരോന്നായി അവൾ എടുത്തുകൊണ്ടുവന്നു മുറ്റത്തു നിരത്തി.
കുറച്ചു ചട്ടികൾ മാത്രമേ കൊണ്ടുവരാൻ കഴിഞ്ഞുള്ളൂ. ചെടികൾ എന്നുവെച്ചാൽ അനിതക്ക് ഒരു തരം ഭ്രാന്താണ്.

വീട്ടുസാധനങ്ങൾ അല്ലാതെ തന്നെ ഒരുപാടുണ്ട്. നിവൃത്തി കേടുകൊണ്ടു മാത്രമാണ് ബാക്കി ചെടികൾ അവൾ അവിടെ ഉപേക്ഷിച്ചുപോന്നത്.
ഇനി കുറച്ചുകാലം ഈ അന്യനാട്ടിൽ. ഇവിടെ ഒന്നു വേരോടിത്തുടങ്ങുമ്പോഴായിരിക്കും ഹരിയേട്ടന്റെ അടുത്ത സ്ഥലംമാറ്റം..
” ചേച്ചീ, നിങ്ങളിവിടെ പുതിയ താമസക്കാരാണോ?’ മുറ്റമടിക്കുന്നതിനിടെ അവൾ ഇടവഴിയിലേക്ക് തിരിഞ്ഞുനോക്കി.

“അതെ, ഇനി കുറച്ചു കാലം ഞങ്ങളിവിടെ കാണും. ചേട്ടന് ഇങ്ങോട്ടേയ്ക്ക് ട്രാൻസ്ഫർ ആയി. ‘
“ശരി ചേച്ചി, ഞാൻ വിനു. നമുക്കിനിയും കാണാം.
ചേട്ടനെ കാണാൻ ഞാനൊരു ദിവസം വരുന്നുണ്ട്.
മെയിൻ റോഡിലേക്കുള്ള ഞങ്ങളുടെ സ്ഥിരം വഴിയാണ് ഇത്. ” ആ യുവാവ് പറഞ്ഞു നിർത്തി.’
“ഉം ..ശരി’,

അനിത വീണ്ടും മുറ്റമടിയിലേക്ക് തിരിഞ്ഞു.
അവൾ പൂമുഖത്തുള്ളപ്പോഴൊക്കെ എന്തെങ്കിലും കുശലം ചോദിക്കാതെ അവൻ കടന്നുപോയിട്ടില്ല.
അനിതക്കും, അന്യനാട്ടിൽ അവൻ സ്വന്തം അനിയന് പകരക്കാരനാകുകയായിരുന്നു.
പിന്നീട് ആ കുശലം പറച്ചിൽ വരാന്തയിലേക്കും പിന്നെ വിരുന്നുമുറിയിലേക്കും എത്തിച്ചേർന്നു.
ഹരിയേട്ടൻ ബേങ്കിലേക്കും കുട്ടികൾ സ്കൂളിലേക്കും പോയിക്കഴിഞ്ഞാൽ വിരസമായ അവളുടെ പകലുകളിൽ അൽപ്പനേരത്തേക്കാണെങ്കിലും വിനുവിന്റെ സാമീപ്യം അവൾക്ക് ആശ്വാസമായിരുന്നു.

അയൽപക്കക്കാരെയൊക്കെ പരിചയപ്പെട്ടു വരുന്നതേയുള്ളൂ. വിനുവിനെ പരിചയപ്പെട്ടത് അനിതക്ക് പലപ്പോഴും അനുഗ്രഹമായി.
അടുക്കളയിൽ എന്തെങ്കിലും അത്യാവശ്യ സാധനങ്ങൾ തീർന്നുപോയാൽ, അവൻ സെന്ററിൽ പോയി തിരിച്ചുവരുമ്പോൾ വാങ്ങിക്കൊണ്ടു വരും.
മറ്റൊരിക്കൽ നീനുമോൾക്ക് വയ്യാതായപ്പോൾ, ക്ലിനിക്കിലേക്ക് കൂട്ടു വന്നതും അവനാണ്.
നേരം ഇരുട്ടിയാൽ ആ പ്രദേശത്ത്‌ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടമാണെന്നും ഒന്നു കരുതിയിരിക്കുന്നത് നല്ലതാണെന്നും ഒരിക്കലവൻ അവളെ ഓർമിപ്പിക്കുകയുമുണ്ടായി.
“ചേച്ചി എനിക്കൊരു ഉപകാരം ചെയ്യണം. ഒരു അഞ്ഞൂറു രൂപ കടം തരാമോ.. ഒരത്യാവശ്യത്തിനാണ്. നാളെത്തന്നെ തിരിച്ചു തന്നേക്കാം.’
“അതിനെന്താ തരാമല്ലോ.’ പറഞ്ഞതുപോലെ പിറ്റേന്നു തന്നെ അവൻ പണം തിരികെ കൊടുത്തു.
പിന്നീടൊരിക്കൽ അവൻ ആയിരം രൂപയുടെ അത്യാവശ്യക്കാരനായപ്പോൾ അനിത അതും നിവർത്തിച്ചു കൊടുത്തു.

ഇപ്പോഴവന് ആ വീട്ടിൽ റേഡിയോയിൽ ഉറക്കെ പാട്ടുവെക്കാനും ഇരുന്നു പത്രം വായിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ട്.
ഏതു പണിത്തിരക്കിനിടയിലും ഒരു കട്ടൻചായ അവനുണ്ടാക്കിക്കൊടുക്കാൻ അവളും മറന്നില്ല.
സദാ ഉന്മേഷവാനായി കാണപ്പെട്ടിരുന്ന അവൻ വല്ലാത്തൊരു മുഖഭാവത്തോടെയാണ് അന്ന് കയറിവന്നത്.

“എന്തുപറ്റി വിനു?’ അവൾ ആകാംക്ഷയോടെ ചോദിച്ചു.
“ചേച്ചീ, ഞാൻ വലിയൊരു പ്രശ്നത്തിൽ കിടന്നു വലയുകയാണ്. ചേച്ചിക്കു മാത്രമേ എന്നെ രക്ഷിക്കാനാവൂ. എനിക്കൊരു പതിനായിരം രൂപ വേണം. എത്രയും പെട്ടെന്ന് തിരിച്ചു തരാം.’
ഇത്തവണ അനിതയൊന്നു ഞെട്ടി. പതിനായിരം രൂപയോ… അഞ്ഞൂറോ ആയിരമോ ആണെങ്കിൽ, ഹരിയേട്ടനറിയാതെ തനിക്കത് കൊടുക്കാൻ കഴിയും. പക്ഷേ ഇത്…
” ഇല്ല വിനു, അത്രയും വലിയ തുകയൊന്നും എന്റെ കൈയിലില്ല. നീ വേറെ മാർഗമെന്തെങ്കിലും നോക്ക്.’
“ഇല്ല ചേച്ചീ, ഒരു മാർഗവും എന്റെ മുന്നിലില്ല. ചേച്ചിയാണ് ഇപ്പോൾ എന്റെ ഏക ആശ്രയം.
” വിനു ക്ഷമിക്കണം, ഇക്കാര്യത്തിൽ എനിക്കു നിന്നെ സഹായിക്കാൻ കഴിയില്ല.’
“ചേച്ചി എന്തെങ്കിലും ആഭരണമുണ്ടെങ്കിൽ പണയം വെക്കാൻ തന്നാലും മതി. ഒരാഴ്‌ച കൊണ്ട് ഞാൻ എങ്ങനെയെങ്കിലും അതെടുത്തു തരാം. ‘
അതുകൂടി കേട്ടതോടെ അനിത വല്ലാതെയായി.

“വിനു, ഇതിനായി നീ ഇവിടെ ഒരു നിമിഷം പോലും നിൽക്കേണ്ടതില്ല. ഇക്കാര്യത്തിൽ നിന്നെ സഹായിക്കാൻ ഒരു തരത്തിലും എനിക്ക് കഴിയില്ല. നീ തത്കാലം പോ.’
അവന്റെ ഭാവം മാറുന്നതും കണ്ണുകളിൽ തീയാളുന്നതും ഒരു നടുക്കത്തോടെ അവൾ കണ്ടു.
ഒരടി മുന്നോട്ടുവെക്കാൻ ഇട കിട്ടും മുമ്പേ, അരയിൽ നിന്നൊരു പേനാക്കത്തി വലിച്ചൂരി അവളുടെ വയറ്റിലേക്കു കുത്തിയിറക്കിയതും കഴുത്തിൽ കിടന്നിരുന്ന താലിമാല വലിച്ചു പൊട്ടിച്ചു പിൻവാതിലിലൂടെ ശരവേഗത്തിൽ അവൻ പാഞ്ഞതും ഒരുമിച്ചായിരുന്നു.
റേഡിയോയിലൂടെ ഒഴുകിവന്ന ഹിന്ദിഗാനത്തിന്റെ ശബ്ദവീചികൾക്കിടയിൽ, അവളുടെ ആർത്തനാദം ആരും കേൾക്കാതെ പോയി.

ബോധത്തിനും അബോധത്തിനുമിടയിൽ നീന്തിക്കൊണ്ടിരിക്കേ, നാട്ടിൽ നിന്നു പോരാൻ നേരമുള്ള അമ്മയുടെ വാക്കുകൾ അവളുടെ കാതിൽ വന്നടിച്ചു.
“മോളെ അന്യനാടാണ്, വളരെ ശ്രദ്ധിക്കണം, പകൽ മുഴുവൻ നീ ഒറ്റയ്ക്കാണ്, ആളും തരവും നോക്കി പെരുമാറണം, വെളുത്തതെല്ലാം പാലല്ലെന്ന് നല്ല ഓർമ വേണം.’
മുൻവാതിൽ മലർക്കെ തുറന്നുകിടക്കുന്നത് കണ്ട് അനിതയെ കണക്കിന് ശകാരിച്ചുകൊണ്ടാണ് ഹരി അന്ന് ഉച്ചയൂണിനായി പടി കയറിവന്നത്.

അടുക്കളയിലാകട്ടെ, അരിയിടാനായി അടുപ്പത്തു വെച്ചിരുന്ന വെള്ളം എപ്പോഴോ തീക്കെട്ട്, ആറിത്തണുത്തു തുടങ്ങിയിരുന്നു, വിരുന്നുമുറിയിൽ അവളും.

സബ്ന നസീർ
sabnanaseer14@gmail.com

Latest