Connect with us

Articles

ബി ജെ പി - ആര്‍ എസ് എസ് പോര്; ഈ കളിയിലെ ജേതാവിനെ കാത്തിരുന്നു കാണാം

ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വിജയം ലഭിക്കാതിരിക്കുകയും പ്രതിപക്ഷ പാര്‍ട്ടികള്‍ കടന്നാക്രമിക്കുകയും ചെയ്യുന്നതിനിടയിലാണ് ആര്‍ എസ് എസിന്റെ തലതൊട്ടപ്പന്മാര്‍ മോദിക്കെതിരെ വാളെടുത്തിരിക്കുന്നത്. മോദിയെ വിമര്‍ശിക്കുന്നതിന് തുടക്കമിട്ടത് ആര്‍ എസ് എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത് തന്നെയാണ്. ആര്‍ എസ് എസ് ദേശീയ എക്സിക്യൂട്ടീവ് അംഗം ഇന്ദ്രേഷ് കുമാറിന്റേത് പരിഹാസത്തില്‍ പൊതിഞ്ഞ വിമര്‍ശനമായിരുന്നു.

Published

|

Last Updated

ലോക്സഭാ തിരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് ആര്‍ എസ് എസ് നേതാക്കളായ മോഹന്‍ ഭാഗവതിന്റെയും ഇന്ദ്രേഷ് കുമാറിന്റെയും പ്രസ്താവനകളിലെ ഒന്നോ രണ്ടോ വാചകങ്ങള്‍ അടര്‍ത്തിയെടുത്ത് മാധ്യമങ്ങളെ കുറ്റപ്പെടുത്തിയതു കൊണ്ട് ജനങ്ങളില്‍ നിന്ന് മറച്ചു വെക്കാന്‍ സാധിക്കുന്നതല്ല ആര്‍ എസ് എസും ബി ജെ പി യും തമ്മിലുള്ള തര്‍ക്കം. രണ്ട് സംഘടനകള്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന കാര്യം വ്യക്തമാണ്. സംഘ്പരിവാര്‍ എന്ന മന്ത്രത്തില്‍ നിന്ന് മോദിപരിവാര്‍ എന്ന മന്ത്രത്തിലേക്ക് അണികള്‍ മാറിക്കൊണ്ടിരിക്കുകയാണെന്ന ആക്ഷേപം സംഘടനയില്‍ ശക്തമാണ്. നരേന്ദ്ര മോദി ആര്‍ എസ് എസിന്റെ കളരിയിലൂടെ പ്രധാനമന്ത്രി പദത്തിലെത്തിയ വ്യക്തിയാണ്. രാജ്യത്തെ 10 സംസ്ഥാന മുഖ്യമന്ത്രിമാരും 16 സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരും ആര്‍ എസ് എസ് കളരിയില്‍ നിന്നുള്ളവരാണ്. സംഘടനാ നേതാക്കള്‍ നേരിട്ട് മന്ത്രിമാരോ എം പിമാരോ എം എല്‍ എമാരോ ആകാറില്ലെങ്കിലും മന്ത്രിമാരും മറ്റും നാഗ്പൂരിലെ ആര്‍ എസ് എസ് കാര്യാലയത്തിലെ റിമോട്ട് കണ്‍ട്രോള്‍ പ്രകാരം പ്രവര്‍ത്തിക്കണം എന്നാണ് ആര്‍ എസ് എസിന്റെ അലിഖിത നിയമം. ആ ശാസന ലംഘിക്കപ്പെട്ടു. കാര്യങ്ങള്‍ നിലവില്‍ മോദി, ഷാ ദ്വയത്തിന്റെ നിയന്ത്രണത്തിലാണ്.

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ബി ജെ പിയും ആര്‍ എസ് എസും തമ്മിലുള്ള ബന്ധം അത്ര സുഖകരമല്ല. മോദി സര്‍ക്കാറിന്റെ പല നയങ്ങളോടും ആര്‍ എസ് എസിന് വിയോജിപ്പ് ഉണ്ടായിരുന്നു. ആര്‍ എസ് എസ് ബന്ധമുള്ള കര്‍ഷക സംഘടനകളും തൊഴിലാളി പ്രസ്ഥാനവും മോദി സര്‍ക്കാറിനെതിരെ രംഗത്തിറങ്ങിയത് ആര്‍ എസ് എസ് നേതാക്കളുടെ ആശീര്‍വാദത്തോടെയായിരുന്നു. 2022 ജൂണില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പാക്കിയ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ രാജ്യത്ത് പ്രക്ഷോഭങ്ങള്‍ ആരംഭിച്ചപ്പോള്‍ ആര്‍ എസ് എസുമായി ബന്ധമുള്ള ഭാരതീയ കിസാന്‍ സംഘ് (ബി കെ എസ്) മടിച്ചാണെങ്കിലും കര്‍ഷക സമരത്തെ പിന്തുണക്കുകയുണ്ടായി.

ആര്‍ എസ് എസുമായി ബന്ധപ്പെട്ട മറ്റൊരു സംഘടനയായ ഭാരതീയ മസ്ദൂര്‍ സംഘ് (ബി എം എസ്) മോദി സര്‍ക്കാറിന്റെ തൊഴില്‍ നയങ്ങള്‍ക്കെതിരെ പരസ്യ വിമര്‍ശനം നടത്തിയിരുന്നു. ശങ്കരാചാര്യരുടെ അനുമതി തേടാതെ അയോധ്യയില്‍ രാംലല്ല പ്രതിഷ്ഠിക്കാന്‍ തീരുമാനമെടുത്ത മോദിയുടെ നിലപാടില്‍ ആര്‍ എസ് എസ് നേതാക്കള്‍ക്ക് അമര്‍ഷമുണ്ടായിരുന്നു. മതാചാര്യന്മാര്‍ നിര്‍വഹിക്കേണ്ടിയിരുന്ന പ്രാണപ്രതിഷ്ഠ പ്രധാനമന്ത്രി മോദി നടത്തിയതിലും അവര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു. കേന്ദ്രസര്‍ക്കാറിന്റെയും മോദിയുടെയും നിലപാടുകളിലുള്ള പ്രതിഷേധം ആര്‍ എസ് എസ് നേതാക്കള്‍ ഇതുവരെയും പരസ്യപ്പെടുത്തിയിരുന്നില്ല.

നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് 2025ല്‍ രാജ്യത്തുടനീളം വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കാന്‍ ആര്‍ എസ് എസ് തീരുമാനിച്ചതായിരുന്നു. വിവിധ പദ്ധതികളിലൂടെ രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും ആര്‍ എസ് എസിന്റെ സന്ദേശം എത്തിക്കുക എന്ന ലക്ഷ്യത്തോടെ രണ്ട് വര്‍ഷം മുമ്പ് സംഘടന ആവിഷ്‌കരിച്ച പരിപാടി, കൊട്ടും കുരവയുമില്ലാതെ നടത്താന്‍ ഏപ്രിലില്‍ നാഗ്പൂരില്‍ ചേര്‍ന്ന ആര്‍ എസ് എസ് യോഗം തീരുമാനിച്ചിരിക്കുകയാണ്. വിപുലമായ പരിപാടികളോടെ നൂറാം വര്‍ഷം ആചരിക്കാന്‍ രണ്ട് വര്‍ഷം മുമ്പെടുത്ത തീരുമാനത്തില്‍ മാറ്റം വരുത്താന്‍ കാരണം ബി ജെ പി നേതൃത്വത്തില്‍ നിന്നുണ്ടായ നിസ്സഹകരണമായിരുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇരു സംഘടനകളുടെയും ഏകോപന പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമാക്കി തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് മുതിര്‍ന്ന ആര്‍ എസ് എസ് കാര്യവാഹക് അരുണ്‍ കുമാര്‍ ആഭ്യന്തര മന്ത്രി അമിത് ഷായുമായും ബി ജെ പി സെക്രട്ടറി ബി എല്‍ സന്തോഷുമായും ചര്‍ച്ച നടത്തിയിരുന്നു. ഓരോ മണ്ഡലങ്ങളിലെയും സ്ഥിതിഗതികളെ കുറിച്ചും മത്സരിക്കേണ്ട സ്ഥാനാര്‍ഥികളെ കുറിച്ചുമായിരുന്നു ചര്‍ച്ച. എന്നാല്‍ ചര്‍ച്ചകളില്‍ ഉരുത്തിരിഞ്ഞ തീരുമാനങ്ങള്‍ നടപ്പാക്കുന്നതിലും ആര്‍ എസ് എസുമായി തുടര്‍ ചര്‍ച്ച നടത്തുന്നതിലും ബി ജെ പി പിന്നീട് താത്പര്യം കാണിച്ചില്ല എന്നാണ് പരാതി. ബി ജെ പി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡ നടത്തിയ പ്രസ്താവന ആര്‍ എസ് എസിനോട് ബി ജെ പി തുടരുന്ന നിസ്സഹകരണം മനപ്പൂര്‍വമാണെന്ന് വ്യക്തമാക്കുന്നതായിരുന്നു. പാര്‍ട്ടിയുടെ ആശയവും അടിത്തറയുമായ ആര്‍ എസ് എസിനെ പൂര്‍ണമായും തള്ളിപ്പറയുന്നതായിരുന്നു നഡ്ഡയുടെ പ്രസ്താവന. ബി ജെ പി ഇന്ന് ആര്‍ എസ് എസിനേക്കാള്‍ വലിയ പാര്‍ട്ടിയാണ്. പാര്‍ട്ടി ശക്തമല്ലാതിരുന്ന കാലത്ത് ആര്‍ എസ് എസിന്റെ സഹായം ആവശ്യമായിരുന്നു. എന്നാല്‍ സ്വന്തം കാലില്‍ നില്‍ക്കാന്‍ ബി ജെ പി ഇന്ന് ശക്തമാണ് എന്നായിരുന്നു ഇന്ത്യന്‍ എക്സ്പ്രസ്സുമായുള്ള അഭിമുഖത്തില്‍ ബി ജെ പി ദേശീയ അധ്യക്ഷന്റെ തുറന്നു പറച്ചില്‍.

ബി ജെ പി നേതാവിന്റെ അഭിപ്രായം മാധ്യമങ്ങളില്‍ ചര്‍ച്ചയായെങ്കിലും ആര്‍ എസ് എസ് നേതാക്കള്‍ അന്നതിനോട് പ്രതികരിച്ചിരുന്നില്ല. എന്നാല്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വിജയം ലഭിക്കാതിരിക്കുകയും പ്രതിപക്ഷ പാര്‍ട്ടികള്‍ കടന്നാക്രമിക്കുകയും ചെയ്യുന്നതിനിടയിലാണ് ആര്‍ എസ് എസിന്റെ തലതൊട്ടപ്പന്മാര്‍ മോദിക്കെതിരെ വാളെടുത്തിരിക്കുന്നത്. മോദിയെ വിമര്‍ശിക്കുന്നതിന് തുടക്കമിട്ടത് ആര്‍ എസ് എസ് മേധാവി മോഹന്‍ ഭാഗവത് തന്നെയാണ്. യഥാര്‍ഥ സേവകന് അഹങ്കാരം പാടില്ല. തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതും വ്യക്തിഹത്യ നടത്തുന്നതും അപകടമാണ്. എതിരാളിയെ വിരോധിയായി കാണാതെ പ്രതിപക്ഷമായി കാണുക. ഒരു വര്‍ഷമായി തുടരുന്ന മണിപ്പൂര്‍ കലാപം നിയന്ത്രിക്കാന്‍ സര്‍ക്കാറിന് സാധിച്ചിട്ടില്ല അങ്ങനെ പോകുന്നു ആര്‍ എസ് എസ് അധ്യക്ഷന്റെ പ്രസംഗം. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന്റെ അടുത്ത ദിവസം നാഗ്പൂരില്‍ നടന്ന സംഘ് പരിശീലകരുടെ യോഗത്തില്‍ വെച്ചാണ് മോഹന്‍ ഭാഗവത് നരേന്ദ്ര മോദിയുടെ പേര് പറയാതെ വിമര്‍ശിച്ചത്. ഇത്രയും കാലം അടക്കിവെച്ചതെല്ലാം ഒറ്റയടിക്ക് കെട്ടഴിച്ചുവിട്ടതു പോലെയായിരുന്നു മോഹന്‍ ഭാഗവതിന്റെ വിമര്‍ശനം. ആര്‍ എസ് എസ് ദേശീയ എക്സിക്യൂട്ടീവ് അംഗം ഇന്ദ്രേഷ് കുമാറിന്റേത് പരിഹാസത്തില്‍ പൊതിഞ്ഞ വിമര്‍ശനമായിരുന്നു. അഹങ്കാരം പാര്‍ട്ടിയെ 241 സീറ്റിലൊതുക്കിയെന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. ഈ പ്രസ്താവനകള്‍ വിവാദമായതിനെ തുടര്‍ന്ന് യു ടേണ്‍ അടിച്ചിരിക്കുകയാണ് ആര്‍ എസ് എസ്. യഥാര്‍ഥ സേവകര്‍ക്ക് അഹങ്കാരം പാടില്ല എന്ന മോഹന്‍ ഭാഗവതിന്റെ പ്രസ്താവന ബി ജെ പി നേതാക്കളെ ഉദ്ദേശിച്ചല്ല എന്ന നിഷേധ കുറിപ്പിറക്കിയ ആര്‍ എസ് എസ്, മോഹന്‍ ഭാഗവതിന്റെ മറ്റു വിമര്‍ശനങ്ങളില്‍ മൗനം പാലിക്കുകയാണ്. അതുപോലെ സംഘടനയുടെ മുഖപത്രമായ ഓര്‍ഗനൈസറിലെ ലേഖനത്തെ കുറിച്ചും ആര്‍ എസ് എസ് മൗനം തുടരുകയാണ്. പ്രതീക്ഷിച്ച വിജയം നേടാനാകാത്തത് ബി ജെ പി നേതാക്കളുടെ അമിത ആത്മവിശ്വാസം കാരണമാണെന്നും നേതാക്കള്‍ നാടിന്റെ ശബ്ദം കേട്ടില്ലെന്നും സംഘ് സൈദ്ധാന്തികനായ രത്തന്‍ ശാരദ ഓര്‍ഗനൈസറില്‍ എഴുതുകയുണ്ടായി. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്ന് സംഘ്പരിവാര്‍ പ്രവര്‍ത്തകരെ മാറ്റി നിര്‍ത്തിയതിനെയും അദ്ദേഹം ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു. തിരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് ആര്‍ എസ് എസിന്റെ മറ്റൊരു പ്രമുഖ നേതാവായ രാം മാധവ് പറഞ്ഞത്, തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ നേതാക്കള്‍ക്ക് വിനയവും മര്യാദയും ആവശ്യമാണ് എന്നായിരുന്നു. ബി ജെ പി ദേശീയ അധ്യക്ഷനും ഉപരാഷ്ട്രപതിയുമായിരുന്ന വെങ്കയ്യ നായിഡുവും സമാന രീതിയിലാണ് പ്രതികരിച്ചത്. പണവും ജാതിയും സമുദായവും എന്നതിനോടൊപ്പം കുറ്റകൃത്യവും സ്വായത്തമാക്കിയവരെ സ്ഥാനാര്‍ഥികളായി നിര്‍ത്തിയതാണ് പരാജയ കാരണം എന്നായിരുന്നു നായിഡുവിന്റെ കണ്ടെത്തല്‍.

ആര്‍ എസ് എസിന്റെ ഉന്നത നേതാക്കളുടെയും സംഘടനകളുടെയും പരാമര്‍ശങ്ങള്‍ വിരല്‍ ചൂണ്ടുന്നത് മോദി-അമിത് ഷാ ദ്വയത്തിനു നേരെയാണ്. ഈ കളിയില്‍ ജയിക്കുന്നത് ആരെന്ന് കാത്തിരുന്നു കാണാം.

 

Latest