Connect with us

Editorial

കേരളത്തില്‍ ബി ജെ പിക്ക് വളർച്ചാ മുരടിപ്പ്

മറ്റു സംസ്ഥാനങ്ങളിലെ പോലെ കേരളത്തില്‍ ബി ജെ പി ശക്തിപ്പെടാത്തതിനു പിന്നില്‍ നിരവധി രാഷ്ട്രീയ ഘടകങ്ങളുണ്ട്. സംസ്ഥാനത്തെ ന്യൂനപക്ഷ സമൂഹങ്ങളുടെ രാഷ്ട്രീയ ജാഗ്രത, ഉറച്ച മതേതരത്വ ചിന്താഗതി, സാമൂഹികനീതി, വിദ്യാഭ്യാസപരമായ വളര്‍ച്ച, ക്ഷേമരാഷ്ട്ര കാഴ്ചപ്പാട് എന്നിവ ബി ജെ പിക്ക് വെല്ലുവിളിയാണ്.

Published

|

Last Updated

നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി മൂന്ന് സീറ്റ് സ്വന്തമാക്കിയെങ്കിലും പാര്‍ട്ടി നേതൃത്വം വിശേഷിച്ച് സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നിരാശയിലാണ്. ഈ വിജയത്തിന്റെ പുറംതോടിനുള്ളില്‍ പാര്‍ട്ടി അഭിമുഖീകരിക്കുന്ന രാഷ്ട്രീയ പ്രതിസന്ധിയും മുരടിപ്പുമാണ് നേതൃത്വത്തെ അലട്ടുന്നത്. നേമത്തെയും കഴക്കൂട്ടത്തെയും ചാത്തന്നൂരിലെയും പ്രകടനത്തിനപ്പറും മുന്‍തിരഞ്ഞെടുപ്പുകളിലെ പ്രകടനവുമായി ഒത്തുനോക്കുമ്പോള്‍ പാര്‍ട്ടി കടുത്ത വളര്‍ച്ചാ മുരടിപ്പ് നേരിടുന്നതായി കാണാനാകും. കഴിഞ്ഞ വര്‍ഷത്തെ തദ്ദേശ തിരഞ്ഞെടുപ്പിനെയും 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിനെയും അപേക്ഷിച്ച് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ വോട്ട് വിഹിതം കുറയുകയാണുണ്ടായത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ 16.68 ശതമാനവും തദ്ദേശ തിരഞ്ഞെടുപ്പില്‍ 14.64 ശതമാനവും വോട്ടുകള്‍ നേടിയ പാര്‍ട്ടിയുടെ നിയമസഭാ തിരഞ്ഞെടുപ്പിലെ വിഹിതം 11.42 ശതമാനമാണ.്

ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ സീറ്റില്‍ സുരേഷ് ഗോപി വിജയം നേടിയതിനപ്പുറം സംസ്ഥാനത്തെ 11 നിയമസഭാ മണ്ഡലങ്ങളില്‍ യു ഡി എഫിനെയും എല്‍ ഡി എഫിനെയും പിന്നിലാക്കി ഒന്നാമതെത്തുകയും ചെയ്തിരുന്നു ബി ജെ പി. ഇത്തവണ ഈ മണ്ഡലങ്ങളില്‍ പാര്‍ട്ടിയുടെ വോട്ട് കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. തൃശൂരിലെ ഒല്ലൂര്‍ നിയമസഭാ മണ്ഡലത്തില്‍ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ 58,996 വോട്ട് നേടിയ സ്ഥാനത്ത് ഇത്തവണ ലഭിച്ചത് 19,737 വോട്ടുകളാണ്. 39,259 വോട്ടുകളാണ് ഇടിഞ്ഞത്. ഇരിങ്ങാലക്കുടയില്‍ വോട്ടുകളുടെ എണ്ണം 2024ലെ 59,515ല്‍ നിന്ന് 27,167 ആയി ചുരുങ്ങി. 32,348 വോട്ടുകളുടെ കുറവ്. പുതുക്കാട് 62,635ല്‍ നിന്ന് 28,018 ലേക്ക് കൂപ്പുകുത്തി. മറ്റു മണ്ഡലങ്ങളിലും കുറവ് ഗണ്യമാണ്. തൃശൂരിലെ സുരേഷ് ഗോപിയുടെ വിജയവും പുതിയ അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ ശ്രമവും കേരളത്തില്‍ ബി ജെ പിയെ രാഷ്്ട്രീയ ശക്തിയായി ഉയര്‍ത്തുമെന്ന് പ്രതീക്ഷിച്ചവര്‍ക്ക് തെറ്റുപറ്റിയെന്നാണ് വോട്ടിംഗ് നിലയിലെ ഈ ഭീമമായ വ്യത്യാസം ബോധ്യപ്പെടുത്തുന്നത്.

ലോക്സഭാ തിരഞ്ഞെടുപ്പിലെ വോട്ടുവര്‍ധന സ്ഥിരമായ ജനപിന്തുണയുടെ സൂചനയല്ല; പ്രത്യേക രാഷ്ട്രീയ സാഹചര്യങ്ങളുടെ ഫലമായിരുന്നു. കേന്ദ്ര ഭരണത്തിന്റെയും ദേശീയ രാഷ്ട്രീയത്തിന്റെയും സ്വാധീനം, പ്രചാരണ വേദികളിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യം, സുരേഷ് ഗോപിയുടെ സിനിമയിലെ പ്രഭാവം തുടങ്ങിയ ഘടകങ്ങളാണ് അന്ന് ബി ജെ പിയെ തുണച്ചത്. ഇതിനു പുറമെ തൃശൂരില്‍ ചില രാഷ്ട്രീയ അട്ടിമറികള്‍ നടന്നതായും ആരോപണം ഉയര്‍ന്നിരുന്നു. മറ്റു ജില്ലകളില്‍ നിന്ന് വോട്ടര്‍മാരെ കൂട്ടത്തോടെ തൃശൂര്‍ ലോക്സഭാ മണ്ഡലത്തിലെ വോട്ടര്‍പ്പട്ടികകളില്‍ തിരുകിക്കയറ്റിയതായി യു ഡി എഫ്, എല്‍ ഡി എഫ് കേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ നിന്ന് നിയമസഭാ തിരഞ്ഞെടുപ്പിലെത്തിയപ്പോള്‍ പാര്‍ട്ടിയുടെ വോട്ട് വിഹിതത്തില്‍ വന്ന കുറവ് ഈ ആരോപണത്തിന് ബലമേകുന്നുണ്ട്. എസ് ഐ ആറിനു ശേഷമാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടന്നതെന്നതും ശ്രദ്ധേയമാണ്.

മറ്റു സംസ്ഥാനങ്ങളിലെ പോലെ കേരളത്തില്‍ ബി ജെ പി ശക്തിപ്പെടാത്തതിനു പിന്നില്‍ നിരവധി രാഷ്ട്രീയ ഘടകങ്ങളുണ്ട്. സംസ്ഥാനത്തെ ന്യൂനപക്ഷ സമൂഹങ്ങളുടെ രാഷ്ട്രീയ ജാഗ്രത, ഉറച്ച മതേതരത്വ ചിന്താഗതി, സാമൂഹികനീതി, വിദ്യാഭ്യാസപരമായ വളര്‍ച്ച, ക്ഷേമരാഷ്ട്ര കാഴ്ചപ്പാട് എന്നിവ ബി ജെ പിക്ക് വെല്ലുവിളിയാണ്. എല്ലാവരെയും വിശ്വാസത്തിലെടുക്കാന്‍ പ്രാപ്തമായ ശക്തമായ സംസ്ഥാന നേതൃത്വം രൂപപ്പെടുത്താന്‍ പാര്‍ട്ടിക്ക് ആയതുമില്ല. ചില നേതാക്കളെ ചുറ്റിപ്പറ്റി പാര്‍ട്ടി ശ്രദ്ധ നേടിയെങ്കിലും അത് സംഘടനാപരമായ വ്യാപനത്തിന് സഹായകമായില്ല.

ദേശീയ തലത്തില്‍ നരേന്ദ്ര മോദിക്ക് ലഭിക്കുന്ന പിന്തുണയും അവിടങ്ങളിലെ ഹിന്ദുത്വ രാഷ്ട്രീയവും കേരളത്തില്‍ വേണ്ടത്ര സ്വീകാര്യമാകുന്നില്ല. ശബരിമല സമരകാലത്ത് പാര്‍ട്ടി വോട്ട് വര്‍ധിപ്പിച്ചെങ്കിലും അതിനെ ദീര്‍ഘകാല രാഷ്ട്രീയ വളര്‍ച്ചയാക്കി മാറ്റാന്‍ സാധിച്ചിട്ടില്ല. കേരളത്തിലെ വോട്ടര്‍മാര്‍ ഇപ്പോഴും യു ഡി എഫിനെയും എല്‍ ഡി എഫിനെയും മാത്രമാണ് പ്രധാന ബദലുകളായി കാണുന്നത്. ബി ജെ പിക്ക് വിജയ സാധ്യതയുള്ള സീറ്റുകളിലെ ന്യൂനപക്ഷ- നിഷ്പക്ഷ വോട്ടുകള്‍ മാറിമാറി യു ഡി എഫിലോ എല്‍ ഡി എഫിലോ കേന്ദ്രീകരിക്കുകയാണ്. ഇത് മറികടക്കുന്നതിന് ക്രൈസ്തവ വിഭാഗങ്ങളെ സ്വാധീനിക്കാന്‍ ബി ജെ പി നടത്തിയ ശ്രമം ഭാഗികമായേ വിജയിച്ചുള്ളൂ. ക്രിസ്ത്യന്‍ സഭകളുമായി ബന്ധം സ്ഥാപിച്ച് അവരുടെ വോട്ടുകള്‍ നേടാന്‍ ശ്രമം നടത്തിയെങ്കിലും അത് പരാജയപ്പെട്ടുവെന്നാണ് തിരഞ്ഞെടുപ്പ് ഫലം നല്‍കുന്ന സൂചന. പൂഞ്ഞാറിലും പാലായിലും കാര്യമായി വോട്ടുകള്‍ നേടാനായില്ല. തിരുവല്ലയില്‍ മത്സരിച്ച അനൂപ് ആന്റണിക്ക് രണ്ടാം സ്ഥാനത്തെത്താനായത് മാത്രമാണ് എടുത്തുപറയാനുള്ളത്. ട്വന്റി 20ക്ക് 19 സീറ്റുകള്‍ നല്‍കിയെങ്കിലും എടുത്തുപറയാവുന്ന മുന്നേറ്റം ഒരിടത്തുമുണ്ടായില്ല. ബി ഡി ജെ എസിന് നല്‍കിയ സീറ്റുകളില്‍ പലയിടത്തും വോട്ടെണ്ണം കുറയുകയാണ് ചെയ്തത്.

പാര്‍ട്ടിയുടെ താഴേത്തട്ടിലുള്ള കമ്മിറ്റികളുടെ പ്രവര്‍ത്തനക്ഷമത ഇപ്പോഴും ദുര്‍ബലവുമാണ്. തിരഞ്ഞെടുപ്പ് കാലത്തെ പ്രചാരണത്തിനപ്പുറം ജനകീയ പ്രശ്നങ്ങളില്‍ ഇടപെടുന്നതില്‍ പാര്‍ട്ടി പരാജയപ്പെടുകയും ചെയ്യുന്നു. അതേസമയം ബി ജെ പിയെ പൂര്‍ണമായി തള്ളിക്കളയാനാകില്ല. നഗര മേഖലകളില്‍ ബി ജെ പിക്ക് പിന്തുണ ലഭിക്കുന്നുണ്ട്. വോട്ടുകള്‍ ഗണ്യമായി കുറഞ്ഞ സാഹചര്യത്തില്‍ മൂന്ന് സീറ്റുകളിലെ വിജയം സാങ്കേതിക വിജയം മാത്രമായേ കാണാനാകൂ

 

Latest