biyyam kayal boat race
ബിയ്യം കായൽ ജലോത്സവം: കായൽ കുതിര ജലരാജാവ്
മേജർ വിഭാഗത്തിൽ പറക്കും കുതിരയെയും കെട്ടുകൊമ്പനെയും തോൽപ്പിച്ചാണ് കായൽ കുതിര വിജയകിരീടം ചൂടിയത്.
പൊന്നാനി | പൊന്നാനി ബിയ്യം കായലിൻ്റെ ഓളപ്പരപ്പുകൾക്ക് നിറച്ചാർത്ത് നൽകി ആവേശകരമായി നടന്ന പൊന്നാനി ബിയ്യം കായൽ ജലോത്സവത്തിൽ മേജർ, മൈനർ വിഭാഗങ്ങളിൽ കായൽ കുതിരക്ക് കിരീടം. മൈനർ വിഭാഗത്തിൽ യുവരാജയെയും വജ്രയെയും തോൽപ്പിച്ചാണ് കായൽ കുതിര കപ്പ് നേടിയത്. രണ്ടാം സ്ഥാനം യുവരാജക്ക് ലഭിച്ചു. അവിട്ടം നാളിൽ ജല വീരന്മാരുടെ മാസ്മരിക പ്രകടനം കാണാൻ തടിച്ചുകൂടിയവരെ സാക്ഷിനിർത്തിയാണ് ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ കായൽ കുതിര ഓവറോൾ കിരീടം നേടിയത്.
മേജർ വിഭാഗത്തിൽ പറക്കും കുതിരയെയും കെട്ടുകൊമ്പനെയും തോൽപ്പിച്ചാണ് കായൽ കുതിര വിജയകിരീടം ചൂടിയത്. രണ്ടാം സ്ഥാനം കെട്ടുകൊമ്പനായിരുന്നു. മേജർ മൈനർ വിഭാഗങ്ങളിലായി 24 ടീമുകൾ മത്സരത്തിൽ പങ്കെടുത്തു. ഒന്നാം സ്ഥാനക്കാർക്ക് 25,000 രൂപയും രണ്ടാം സ്ഥാനക്കാർക്ക് 15,000 രൂപയും മൂന്നാം സ്ഥാനക്കാർക്ക് 10,000 രൂപയുമാണ് സമ്മാനത്തുക. മേജറിലും മൈനറിലും ഒന്നാം സ്ഥാനം നേടിയ കായൽ കുതിരയ്ക്കായി തുഴയാനെത്തിയത് നെഹ്റു ട്രോഫി വള്ളം കളിയിലെ വിജയികളായ തുഴക്കാരാണ്. വിജയികൾക്കുള്ള സമ്മാനങ്ങൾ നന്ദകുമാർ എം എൽ എ വിതരണം ചെയ്തു.
ഫിഷറീസ് കായിക മന്ത്രി വി അബ്ദുർറഹ്മാൻ ജലോത്സവം ഉദ്ഘാടനം ചെയ്തു. പൊന്നാനി എം എൽ എ. പി നന്ദകുമാർ അധ്യക്ഷത വഹിച്ചു. തദ്ദേശ സ്വയംഭരണ അധ്യക്ഷന്മാരായ ശിവദാസ് ആറ്റുപുറം, അഡ്വ. സിന്ധു, ശംസു കല്ലാട്ടേൽ, സമീറ ഇളയേടത്ത്, സഹീർ, മിസിരിയ പങ്കെടുത്തു. മലബാറിലെ പ്രശസ്തമായ ബിയ്യം കായൽ ജലോത്സവം കാണാൻ മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിൽ നിന്നായി ആയിരക്കണക്കിനാളുകളാണ് ഇരുകരകളിലുമായി തടിച്ചുകൂടിയത്. മത്സരത്തിന്റെ മുന്നോടിയായി വിവിധ ക്ലബുകളുടെ നേതൃത്വത്തിൽ ജലഘോഷയാത്രയും ശിങ്കാരിമേളവും നടന്നിരുന്നു. ഇത്തവണ തർക്കങ്ങളൊന്നും കാര്യമായി ഇല്ലാതെയാണ് മത്സരങ്ങൾ അവസാനിച്ചത്.

