National
സ്റ്റേഡിയം ദുരന്തം: ബംഗളൂരു ടീമിനും കർണാടക ക്രിക്കറ്റ് അസോസിയേഷനും എതിരെ കേസെടുത്തു
കബ്ബൺ പാർക്ക് പോലീസ് സ്റ്റേഷനിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.

ബംഗളൂരു | എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു (RCB) ടീമിന്റെ വിജയഘോഷയാത്രയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും 11 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ RCB ടീമിനും കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷനും (KSCA), DNA നെറ്റ്‌വർക്ക്സ് ഉൾപ്പെടെയുള്ളവർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തു.
കബ്ബൺ പാർക്ക് പോലീസ് സ്റ്റേഷനിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്ന് ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ് (DCP) സെൻട്രൽ ശേഖർ എച്ച്. ടെക്കണ്ണാവർ സ്ഥിരീകരിച്ചു. സ്വമേധയാ രജിസ്റ്റർ ചെയ്ത ഈ കേസിൽ ക്രിമിനൽ അശ്രദ്ധ ആരോപിച്ച് നിരവധി സ്ഥാപനങ്ങളെ പ്രതികളായി ചേർത്തിട്ടുണ്ട്.
ഭാരതീയ ന്യായ സംഹിത (BNS) പ്രകാരം വിവിധ വകുപ്പുകൾ ചുമത്തിയാണ് പരാതി രജിസ്റ്റർ ചെയ്തിരിക്കുന്നത്. സെക്ഷൻ 105 (കൊലപാതകമല്ലാത്ത കുറ്റകരമായ നരഹത്യ), സെക്ഷൻ 125(12) (മറ്റുള്ളവരുടെ ജീവനോ വ്യക്തിപരമായ സുരക്ഷയോ അപകടപ്പെടുത്തുന്ന പ്രവൃത്തികൾ), സെക്ഷൻ 142 (നിയമവിരുദ്ധമായ സംഘം ചേരൽ), സെക്ഷൻ 121 (ഒരു കുറ്റകൃത്യത്തിന് പ്രേരണ നൽകൽ), സെക്ഷൻ 190 (ഒരു പൊതു ലക്ഷ്യം പിന്തുടർന്ന് ചെയ്യുന്ന കുറ്റകൃത്യങ്ങൾക്ക് നിയമവിരുദ്ധമായ സംഘത്തിലെ അംഗങ്ങളുടെ ബാധ്യത) എന്നിവയാണ് ചുമത്തിയ വകുപ്പുകൾ.
തങ്ങളുടെ ആദ്യ ഇന്ത്യൻ പ്രീമിയർ ലീഗ് കിരീട വിജയത്തിന് ശേഷം ആർ സി ബി ടീമിനെ ആദരിക്കുന്നതിനായി നടന്ന പൊതു പരിപാടിക്കിടെയാണ് ദുരന്തമുണ്ടായത്.