Connect with us

National

ബംഗളൂരു മുൻസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ഇ വി എം ഉപയോഗിക്കില്ല; വോട്ടിംഗിന് ബാലറ്റ്

പ്രാദേശിക തിരഞ്ഞെടുപ്പുകളിൽ ബാലറ്റ് പേപ്പറുകൾ ഉപയോഗിക്കാൻ മന്ത്രിസഭ തീരുമാനിച്ചതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് കമ്മീഷണറുടെ പ്രസ്താവന.

Published

|

Last Updated

ബെംഗളൂരു | ബംഗളൂരുവിൽ അഞ്ച് മുനിസിപ്പൽ കോർപ്പറേഷനുകളിലേക്ക് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഇ വി എമ്മിന് പകരം ബാലറ്റ് പേപ്പറുകൾ ഉപയോഗിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ ജി എസ് സംഗ്രേഷി. പ്രാദേശിക തിരഞ്ഞെടുപ്പുകളിൽ ബാലറ്റ് പേപ്പറുകൾ ഉപയോഗിക്കാൻ മന്ത്രിസഭ തീരുമാനിച്ചതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് കമ്മീഷണറുടെ പ്രസ്താവന.

പ്രാദേശിക തിരഞ്ഞെടുപ്പുകൾക്ക് ബാലറ്റ് പേപ്പർ ഉപയോഗിക്കാനുള്ള മന്ത്രിസഭയുടെ തീരുമാനത്തോട് പ്രതികരിക്കുകയായിരുന്നു സംഗ്രേഷി. വോട്ടർ പട്ടിക തയ്യാറാക്കാനും പുതുക്കാനും തിരഞ്ഞെടുപ്പ് കമ്മീഷനെ അധികാരപ്പെടുത്താനും മന്ത്രിസഭ തീരുമാനിച്ചിരുന്നു. 2015-ലാണ് ബെംഗളൂരുവിൽ അവസാനമായി മുനിസിപ്പൽ തിരഞ്ഞെടുപ്പ് നടന്നത്. അടുത്ത വർഷം ആദ്യത്തോടെ തിരഞ്ഞെടുപ്പ് നടക്കും. 2020-ൽ നടക്കേണ്ടിയിരുന്ന തിരഞ്ഞെടുപ്പാണ് വൈകുന്നത്.

നവംബർ 1-നകം വാർഡുകളുടെ അതിർത്തി നിർണ്ണയിക്കാനും നവംബർ 30-നകം സംവരണം നിശ്ചയിക്കാനും സുപ്രീം കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ഇതിനുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും സംഗ്രേഷി പറഞ്ഞു.

കഴിഞ്ഞ വർഷം മെയ്-ജൂൺ മാസങ്ങളിൽ നടക്കേണ്ടിയിരുന്ന താലൂക്ക്, ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പുകളും വൈകുകയാണ്. ബാലറ്റ് പേപ്പർ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടത്താൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാണെന്നും ഇതിനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനുമായി കൂടിയാലോചിക്കേണ്ടതില്ലെന്നും സംഗ്രേഷി കൂട്ടിച്ചേർത്തു.

Latest