Kerala
നടപടി ഏകപക്ഷീയം, വിവാഹത്തിന് പോയതില്‍ ജാഗ്രതക്കുറവില്ല, പുറത്താക്കൽ ഉണ്ണിത്താനെ പേടിച്ചിട്ടെന്നും ബാലകൃഷ്ണന്‍ പെരിയ
എല്ലാ പാര്‍ട്ടിയില്‍ നിന്നും ക്ഷണം ലഭിച്ചിട്ടുണ്ട്.എന്നാല്‍ ഞങ്ങളുടെ ജീവാത്മാവും പരമാത്മാവും കോണ്‍ഗ്രസാണ് .

കണ്ണൂര്‍ | പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ തനിക്കെതിരെ എടുത്ത നടപടി ഏകപക്ഷീയമാണെന്ന് ബാലകൃഷ്ണന്‍ പെരിയ. വിവാഹസല്‍ക്കാരത്തില്‍ പങ്കെടുത്തതില്‍ ജാഗ്രതക്കുറവ് ഉണ്ടായിട്ടില്ലെന്നും ഇങ്ങനെയൊരു നടപടിയുണ്ടായതിന് പിന്നില്‍ ഉണ്ണിത്താനെന്ന വിടുവായനോടുള്ള കോണ്‍ഗ്രസ് നേതാക്കളുടെ ഭയമാണെന്നും ബാലകൃഷ്ണന്‍ പെരിയ പറഞ്ഞു.
കോണ്‍ഗ്രസ് നേതാക്കള്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്തത് വിവാദമായതിന് പിന്നാലെ ആയിരുന്നു കെപിസിസി നാല് നേതാക്കളെ പുറത്താക്കിയത്.നടപടിക്ക് പിന്നാലെയാണ് പ്രതികരണവുമായി കെപിസിസി സെക്രട്ടറി ബാലകൃഷ്ണന്‍ രംഗത്തെത്തിയിരിക്കുന്നത്.
ഉണ്ണിത്താന്‍ ജില്ലയിലെ കോണ്‍ഗ്രസിനെ തകര്‍ത്തു. അദ്ദേഹത്തിനെതിരായ യുദ്ധം ഇവിടെനിന്നും ആരംഭിക്കുകയാണെന്നും ബാലകൃഷ്ണന്‍ പെരിയ പറഞ്ഞു.ഉണ്ണിത്താനെ കൂടാതെ ഡിസിസി പ്രസിഡന്റെ് പികെ ഫൈസലും തനിക്കെതിരെ വലിയ റോള്‍ വഹിച്ചു.എല്ലാ പാര്‍ട്ടിയില്‍ നിന്നും ക്ഷണം ലഭിച്ചിട്ടുണ്ട്.എന്നാല്‍ ഞങ്ങളുടെ ജീവാത്മാവും പരമാത്മാവും കോണ്‍ഗ്രസാണ് . അതില്‍ നിന്ന് മാറിയുള്ള ചിന്ത വേറെയില്ലെന്നും ബാലകൃഷ്ണന്‍ പെരിയ മാധ്യമങ്ങളോട് പ്രതികരിച്ചു.
കെപിസിസി അന്വേഷണ കമ്മീഷന്‍ റിപ്പാര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കെപിസിസി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ, മുന്‍ ബ്ലോക്ക് പ്രസിഡന്റ് രാജന്‍ പെരിയ, മുന്‍ ഉദുമ മണ്ഡലം പ്രസിഡന്റുമാരായ പ്രമോദ് പെരിയ, രാമകൃഷ്ണന്‍ എന്നിവരെയാണ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയത്.
കേസിലെ 13-ാം പ്രതി എന്‍ ബാലകൃഷ്ണന്റെ മകന്റെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്തുവെന്നും പരസ്യമായി രക്തസാക്ഷി കുടുംബങ്ങളെ അപമാനിച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് കെപിസിസി നടപടി സ്വീകരിച്ചത്.