First Gear
ഓഡി കാറുകൾക്ക് ഈ മാസം മുതൽ വില കൂടും; കാരണം ഇതാ
അഞ്ച് മാസം മുമ്പ് വില വർധിപ്പിച്ചതിന് പിന്നാലെയാണ് വീണ്ടും കൂട്ടുന്നത്

ബംഗളൂരു | ഓഡിയുടെ കാറുകൾക്ക് ഇന്ത്യയിൽ ഈ മാസം മുതൽ വില കൂടുമെന്ന് കമ്പനി അറിയിച്ചു. തങ്ങളുടെ മുഴുവൻ ഉൽപ്പന്ന ശ്രേണിയിലും 2 ശതമാനം വരെ വില വർധനവാണ് പ്രഖ്യപിച്ചിരിക്കുന്നത്. 2025 മെയ് 15 മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ജർമ്മൻ ആഡംബര ഓട്ടോമൊബൈൽ നിർമ്മാതാവായ ഓഡി വിനിമയ നിരക്കിലെ പ്രതികൂല ഏറ്റക്കുറച്ചിലുകളും ഇൻപുട്ട്, പ്രവർത്തന ചെലവുകളിലെ തുടർച്ചയായ വർധനവുമാണ് തീരുമാനത്തിനുള്ള പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കുന്നത്. ബ്രാൻഡ് അഞ്ച് മാസംമുമ്പ് വില വർധിപ്പിച്ചതിന് പിന്നാലെയാണ് വീണ്ടും കൂട്ടുന്നത്.
‘സുസ്ഥിര വളർച്ച നിലനിർത്തുന്നതിന് ഓഡി ഇന്ത്യയ്ക്കും ഡീലർ പങ്കാളികൾക്കും ഈ വില തിരുത്തൽ നിർണായകമാണെന്ന് ഓഡി ഇന്ത്യ മേധാവി ബൽബീർ സിംഗ് ധില്ലൺ പറഞ്ഞു.
ഓഡി ഇന്ത്യ നിലവിൽ ഓഡി എ4, ഓഡി എ6, ഓഡി ക്യു3, ഓഡി ക്യു3 സ്‌പോർട്‌ബാക്ക്, ഓഡി ക്യു5, ഓഡി ക്യു7, ഓഡി ക്യു8, ഓഡി എസ്5 സ്‌പോർട്‌ബാക്ക്, ഓഡി ആർഎസ്5 സ്‌പോർട്‌ബാക്ക്, ഓഡി ആർഎസ് ക്യു8, ഓഡി ക്യു8 50 ഇ-ട്രോൺ, ഓഡി ക്യു8 55 ഇ-ട്രോൺ, ഓഡി ക്യു8 സ്‌പോർട്‌ബാക്ക് 50 ഇ-ട്രോൺ, ഓഡി ക്യു8 സ്‌പോർട്‌ബാക്ക് 55 ഇ-ട്രോൺ, ഓഡി ഇ-ട്രോൺ ജിടി, ഓഡി ആർഎസ് ഇ-ട്രോൺ ജിടി എന്നിവയാണ് പുറത്തിറക്കുന്നത്.
ഇലക്‌ട്രിക് കാറുകൾ പുറത്തിറക്കുന്നതിന്‍റെ ഭാഗമായി ഓഡി ഇന്ത്യ അടുത്തിടെ ഇന്ത്യയിലുടനീളം 6,500-ലധികം ചാർജിംഗ് പോയിന്‍റുകൾ സ്ഥാപിച്ചിരുന്നു. ഇന്ത്യയിലുടനീളം ആഡംബര ഇലക്ട്രിക് വാഹനങ്ങളുടെ സ്വീകാര്യത വർദ്ധിപ്പിക്കുന്നതിന്, ബ്രാൻഡ് 16 അധിക ഇൻഫ്രാസ്ട്രക്ചർ പങ്കാളികളെ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്.