Kerala
ലീഗിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത് കേരളത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍; എന്ത് വില കൊടുത്തും എതിര്‍ക്കും: വി ഡി സതീശന്‍
കേരളത്തില്‍ മുസ്ലിം ലീഗ് ദുര്‍ബലമായാല്‍ ആ സ്പേസ് വര്‍ഗീയശക്തികള്‍ കയ്യടക്കും
തിരുവനന്തപുരം | മുസ്ലിം ലീഗ് കോണ്‍ഗ്രസിനൊപ്പമുള്ള പ്രധാന ഘടകകക്ഷിയാണെന്നും ലീഗിനെ ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്നത് കേരളത്തില്‍ വിഭജനം ഉണ്ടാക്കാനാണെന്നും നിയുക്ത മുഖ്യമന്ത്രി വിഡി സതീശന്‍. യുഡിഎഫ് തിരഞ്ഞെടുപ്പ് വിജയത്തില്‍ നിര്‍ണായക പങ്കു വഹിച്ച കക്ഷിയാണ് ലീഗ്. കെ കരുണാകരന്റെ കാലം മുതല്‍ ഞങ്ങള്‍ക്കൊപ്പമുണ്ട്. വിജയത്തില്‍ അവര്‍ക്കും പ്രധാന പങ്കുണ്ടെന്നും വി ഡി സതീശന്‍ പറഞ്ഞു.
കേരളത്തില്‍ മുസ്ലിം ലീഗ് ദുര്‍ബലമായാല്‍ ആ സ്പേസ് വര്‍ഗീയശക്തികള്‍ കയ്യടക്കും. അതിനെ തടുത്തു നിര്‍ത്തുന്ന രാഷ്ട്രീയ പാര്‍ട്ടി കൂടിയാണ് മുസ്ലിം ലീഗ്. മതേതര നിലപാടില്‍ ഒരു വിട്ടുവീഴ്ചയുമില്ല. തിരഞ്ഞെടുപ്പ് കാലത്ത് വിട്ടുവീഴ്ച ചെയ്തിട്ടില്ല, പിന്നെയാണ് തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് കോംപ്രമൈസ് ചെയ്യാന്‍ പോകുന്നതെന്നും വിഡി സതീശന്‍ പറഞ്ഞു.
കേരളത്തെ ഭിന്നിപ്പിക്കാന്‍ ഒരു ശക്തിയെയും സമ്മതിക്കില്ല. എന്തു വില കൊടുത്തും അതിനെ എതിര്‍ക്കും. സാമുദായനേതാക്കളുടെ ഭാഗത്തു നിന്നും ഒരിക്കലും അത്തരം പ്രസ്താവനകള്‍ ഉണ്ടാകരുതെന്നാണ് തന്റെ അഭ്യര്‍ത്ഥന. അവര്‍ക്ക് വേണമെങ്കില്‍ വ്യക്തിപരമായി തന്നെ വിമര്‍ശിക്കാമെന്നും വിഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.
മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകളിലേക്ക് യുഡിഎഫ് കടക്കുകയാണ്. യുഡിഎഫ് യോഗം ഇന്ന് ചേരും. കെസി വേണുഗോപാല്‍ ഇന്നെത്തും. രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, എഐസിസി നേതൃത്വം എല്ലാവരുമായി കൂടിയാലോചിച്ച്, കോണ്‍ഗ്രസിന്റെ കാര്യം കൂടി ചര്‍ച്ച ചെയ്ത് അന്തിമ തീരുമാനമെടുക്കുമെന്ന് വിഡി സതീശന്‍ പറഞ്ഞു
മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തലയെ താന്‍ പോയി കാണും. അദ്ദേഹം തന്റെ കൂടി നേതാവാണ്. മന്ത്രിസഭയില്‍ നല്ല ടീം ഉണ്ടാകും. ഒറ്റയ്ക്ക് ഒരാള്‍ക്കും ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും വിഡി സതീശന്‍ പറഞ്ഞു. പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്ത പിണറായി വിജയനെ ഫോണില്‍ വിളിച്ചിരുന്നു. അദ്ദേഹത്തെ വാടക വീട്ടില്‍ പോയി കാണുമെന്നും വിഡി സതീശന്‍ വ്യക്തമാക്കി.







