Connect with us

National

മണിപ്പൂരില്‍ ഭീകരാക്രമണം; കരസേനാ കേണലും കുടുംബവും നാല് സെെനികരും കൊല്ലപ്പെട്ടു

മണിപ്പൂര്‍ ആസ്ഥാനമായുള്ള ഭീകര സംഘടനയായ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയാണ് ആക്രമണത്തിന് പിന്നിലെന്നാണ് കരുതുന്നത്.

Published

|

Last Updated

ഇംഫാല്‍ | മണിപ്പൂരില്‍ മ്യാന്‍മര്‍ അതിര്‍ത്തിക്കടുത്ത് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ ഇന്ത്യന്‍ കരസേനാ കേണലും ഭാര്യയും മകനും മൂന്ന് സൈനികരും കൊല്ലപ്പെട്ടു. മണിപ്പൂരിലെ ചുരാചന്ദ്പൂര്‍ ജില്ലയില്‍ രാവിലെ 10 മണിയോടെയായിരുന്നു ആക്രമണം. സമീപകാലത്ത് മേഖലയില്‍ നടന്ന ഏറ്റവും വലിയ ഭീകരാക്രമണമാണിത്.

46 അസം റൈഫിള്‍സിന്റെ കമാന്‍ഡിംഗ് ഓഫീസര്‍ കേണല്‍ വിപ്ലവ് ത്രിപാഠിയും കുടുംബവും സഞ്ചരിച്ച വാഹനവ്യൂഹത്തിന് നേരെയായിരുന്നു ആക്രമണം. ഒരു ഫോര്‍വേഡ് ക്യാമ്പില്‍ പങ്കെടുത്തു മടങ്ങുന്നതിനിടെ പതിയിരുന്ന ഭീകരര്‍ ആക്രമണഠ നടത്തുകയായിരുന്നുവെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

മണിപ്പൂര്‍ ആസ്ഥാനമായുള്ള ഭീകര സംഘടനയായ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയാണ് ആക്രമണത്തിന് പിന്നിലെന്നാണ് കരുതുന്നത്. എന്നാല്‍ ഇതുവരെ ഒരു ഗ്രൂപ്പും ഉത്തരവാദിത്തം ഏറ്റെടുത്ത് രംഗത്ത് വന്നിട്ടില്ല.

മേഖലയില്‍ ഇടയ്ക്കിടെ വെടിവയ്പ്പ് നടക്കുന്നുണ്ടെന്ന് പോലീസ് വൃത്തങ്ങള്‍ പറഞ്ഞു. സംസ്ഥാന തലസ്ഥാനമായ ഇംഫാലില്‍ നിന്ന് 100 കിലോമീറ്റര്‍ വടക്ക് അകലെയുള്ള വളരെ വിദൂര ഗ്രാമത്തിലാണ് ആക്രമണം നടന്നത്.

ആക്രമണത്തെ മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേണ്‍ സിംഗ് ശക്തമായി അപലപിച്ചു. കരസേനാ കേണലും കുടുംബവും ഉള്‍പ്പെടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി അദ്ദേഹം സ്ഥിരീകരിച്ചു. തീവ്രവാദികളെ കണ്ടെത്താന്‍ പോലീസം പാരാ മിലിട്ടറിയും നടപടികള്‍ തുടങ്ങിയതായും കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

പല വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെയും പോലെ മണിപ്പൂരും സ്വയം ഭരണത്തിനായി പോരാടുന്ന ഡസന്‍ കണക്കിന് സായുധ സംഘങ്ങളുടെ ആസ്ഥാനമാണ്. ചൈന, മ്യാന്‍മര്‍, ബംഗ്ലാദേശ്, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശത്ത് ദശാബ്ദങ്ങളായി സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്.

2015ല്‍ മണിപ്പൂരില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 20 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.