Connect with us

Uae

അറബ് മീഡിയ സമ്മിറ്റിന് ദുബൈയിൽ തുടക്കം

അറബ് മേഖലയിലെ മാധ്യമങ്ങളുടെ ഭാവി, വികസനം, പ്രേക്ഷകരുടെ ആവശ്യങ്ങള്‍ എന്നിവ ചര്‍ച്ചയാകും.

Published

|

Last Updated

ദുബൈ | അറബ് മീഡിയ സമ്മിറ്റ് ദുബൈയില്‍ ആരംഭിച്ചു. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ഉച്ചകോടിയില്‍ രാഷ്ട്രീയം, മാധ്യമം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിലെ പ്രമുഖര്‍ സംബന്ധിക്കും. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ രക്ഷാകര്‍തൃത്വത്തിലാണ് ഉച്ചകോടി.

അറബ് മേഖലയിലെ മാധ്യമങ്ങളുടെ ഭാവി, വികസനം, പ്രേക്ഷകരുടെ ആവശ്യങ്ങള്‍ എന്നിവ ചര്‍ച്ചയാകും. രാജ്യത്തിനകത്തും പുറത്തുനിന്നുമായി ഏകദേശം 8,000 മാധ്യമ പ്രവര്‍ത്തകര്‍, നേതാക്കള്‍, ഉള്ളടക്ക സ്രഷ്ടാക്കള്‍ തുടങ്ങിയവര്‍ ഭാഗമാകും.മേഖലയിലെ പ്രധാന സംഭവവികാസങ്ങള്‍ വിലയിരുത്തി അടുത്ത ഘട്ടത്തിലെ വികസന ആവശ്യകതകള്‍ക്ക് രൂപം നല്‍കുന്നതിനും അറബ് പ്രേക്ഷകരുടെ താത്പര്യങ്ങള്‍ നിറവേറ്റുന്നതിനും ഉച്ചകോടി ലക്ഷ്യമിടുന്നു.

ഒമ്പതാമത് അറബ് യൂത്ത് മീഡിയ അവാര്‍ഡ് ജേതാക്കളെ ഉച്ചകോടിയില്‍ ആദരിച്ചു.ഫോട്ടോഗ്രാഫി വിഭാഗത്തില്‍ അല്‍ ഐന്‍ സര്‍വകലാശാലയിലെ അഹ്്മദ് സമീര്‍ ബദ്്വാന്‍ വിജയിയായി. റിപ്പോര്‍ട്ടേജ് വിഭാഗത്തില്‍ ജോര്‍ദാനിലെ യര്‍മൂക്ക് സര്‍വകലാശാലയിലെ ഒരു ടീമും ഹ്രസ്വ വീഡിയോ വിഭാഗത്തില്‍ കെയ്‌റോയിലെ അമേരിക്കന്‍ സര്‍വകലാശാലയിലെ ജൂഡി മുഹമ്മദ് സാക്കിയും വിജയിച്ചു.

മള്‍ട്ടിമീഡിയ വിഭാഗത്തില്‍ ദുബായിലെ ഹയര്‍ കോളേജ് ഓഫ് ടെക്നോളജിയിലെ അബ്ദുല്ല ഖാലിദ് അലിയും പുരസ്‌കാരം നേടി.

സഊദി അറേബ്യയിലെ കിംഗ് അബ്ദുല്‍ അസീസ് യൂണിവേഴ്സിറ്റിയിലെ ഒരു ടീം പോഡ്കാസ്റ്റ് വിഭാഗത്തിലും റാസ് അല്‍ ഖൈമയിലെ ഹയര്‍ കോളേജ് ഓഫ് ടെക്നോളജിയിലെ അംന സാലിഹ് അല്‍ താനിജി ഇലക്ട്രോണിക് ഗെയിംസ് വിഭാഗത്തിലും വിജയികളായി.

Latest