Connect with us

Editorial

ഇസ്റാഈലിൽ അറബ് മുന്നേറ്റം

അറബ് പാര്‍ട്ടികളുടെ മുന്നേറ്റം നെതന്യാഹുവിനെ വല്ലാതെ അസ്വസ്ഥനും രോഷാകുലനുമാക്കിയിട്ടുണ്ട്. വഴിവിട്ട മാർഗത്തിലൂടെയാണ് അറബ് പാര്‍ട്ടികള്‍ ഈ നേട്ടം കൈവരിച്ചതെന്നാണ് അദ്ദേഹം ആരോപിക്കുന്നത്.

Published

|

Last Updated

തിരഞ്ഞെടുപ്പാനന്തരം കടുത്ത രാഷ്ട്രീയ അനിശ്ചിതത്വത്തിലാണ് ഇസ്‌റാഈല്‍ രാഷ്ട്രീയം. ഒരു സഖ്യത്തിനും കേവല ഭൂരിപക്ഷം ലഭിക്കാത്തതിനാല്‍ സര്‍ക്കാര്‍ രൂപവത്കരിക്കാനാകാത്തതിനെത്തുടര്‍ന്ന് ആഴ്ചകളോ ഒരുപക്ഷേ മാസങ്ങളോ നീളുന്ന രാഷ്ട്രീയ സ്തംഭനാവസ്ഥയിലേക്കാണ് രാജ്യം നീങ്ങുന്നത്. 120 അംഗ പാര്‍ലിമെന്റില്‍ ഭരണം പിടിക്കാന്‍ 61 സീറ്റ് വേണം. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ കക്ഷിയായ ലികുഡ് പാര്‍ട്ടിക്കും തീവ്രവലതുപക്ഷ സഖ്യത്തിനും കൂടി 53 സീറ്റാണ് ലഭിച്ചത്. ഗാഡി ഐസന്‍കോട്ടിന്റെ നേതൃത്വത്തിലുള്ള യാഷര്‍ പാര്‍ട്ടി ഉള്‍പ്പെടുന്ന പ്രതിപക്ഷ സഖ്യം 48 സീറ്റുകളും നേടി. അവശേഷിക്കുന്ന 19 സീറ്റുകള്‍ സ്വന്തമാക്കി അറബ് പാര്‍ട്ടികള്‍ നിര്‍ണായക ശക്തിയായി മാറി. ഇസ്‌റാഈല്‍ രാഷ്ട്രീയ ചരിത്രത്തില്‍ അറബ് പാര്‍ട്ടികള്‍ നേടുന്ന ഏറ്റവും വലിയ വിജയമാണിത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 10 സീറ്റിലാണ് വിജയിച്ചത്.

നെതന്യാഹു സര്‍ക്കാറിന്റെ വിവേചനപരമായ നയങ്ങള്‍ക്കും ഗസ്സയിലെ അധിനിവേശത്തിനുമെതിരായ കടുത്ത അമര്‍ഷമാണ് അറബ് പാര്‍ട്ടികളുടെ മുന്നേറ്റത്തിലൂടെ പ്രകടമായത്. പതിവിനു വിപരീതമായി അറബ് മേഖലയില്‍ ഇത്തവണ വന്‍ പോളിംഗ് നടന്നു. വര്‍ഷങ്ങളായി ഇസ്‌റാഈലിലെ അറബ് പൗരന്മാര്‍ക്ക് അര്‍ഥമില്ലാത്ത ഒരു ചടങ്ങു മാത്രമായിരുന്നു തിരഞ്ഞെടുപ്പ്. “ആര് ഭരിച്ചാലും തങ്ങള്‍ക്കൊരു ഗുണവുമില്ല. ജൂത രാഷ്ട്രീയ പാര്‍ട്ടികള്‍ രണ്ടാംതരം പൗരന്മാരായേ കാണുകയുള്ളൂ’ എന്ന കടുത്ത നിരാശ നല്ലൊരു വിഭാഗം അറബ് വോട്ടര്‍മാരെയും പോളിംഗ് ബൂത്തില്‍ നിന്നകറ്റിയിരുന്നു. കേവലം 50 ശതമാനം പോളിംഗാണ് അറബ് മേഖലയില്‍ കഴിഞ്ഞ കാലങ്ങളില്‍ നടന്നത്. ഗസ്സയിലെ ഇസ്‌റാഈല്‍ അധിനിവേശവും നെതന്യാഹു സര്‍ക്കാറിന്റെ കടുത്ത വംശീയ നയങ്ങളും വിവേചനവും ഇത്തവണ അവരെ മാറിച്ചിന്തിപ്പിക്കുകയും ഇരുപത്തൊന്ന് ശതമാനം വരുന്ന തങ്ങളുടെ വോട്ട് പ്രതിരോധ ആയുധമാക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. അതോടെ അവര്‍ കൂട്ടത്തോടെ വോട്ട് ചെയ്യാനെത്തി.

വോട്ടിംഗ് ദിവസം അറബ് മേഖലയില്‍ ദൃശ്യമായത് വിസ്മയകരമായ കാഴ്ചകളായിരുന്നുവെന്ന് നിരീക്ഷകര്‍ സാക്ഷ്യപ്പെടുത്തുന്നു. വീല്‍ചെയറില്‍ എത്തിയവരടക്കം വയോധികരും സ്ത്രീകളും യുവാക്കളും അടങ്ങുന്ന നീണ്ട നിരയായിരുന്നു മിക്ക ബൂത്തുകളിലും പ്രകടമായത്. വടക്കന്‍ ഇസ്‌റാഈലിലെ ഉമ്മുഹമീം നഗരത്തില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പിലെ വോട്ടിംഗ് ശതമാനം 38.3 ശതമാനമായിരുന്നത് ഇത്തവണ 75.7 ശതമാനത്തിലേക്ക് കുതിച്ചു. ചരിത്രപ്രസിദ്ധമായ നസറേത്ത് നഗരത്തില്‍ ശതമാനം 48.3ല്‍ നിന്ന് 72.2ലേക്ക് ഉയര്‍ന്നു. ഒരു താത്കാലിക മുന്നേറ്റമെന്നതിലുപരി അറബ് പാര്‍ട്ടികളെ ഇസ്‌റാഈല്‍ രാഷ്ട്രീയത്തിലെ നിര്‍ണായക ശക്തിയാക്കാന്‍ ഇത് വഴിയൊരുക്കുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.

അറബ് പാര്‍ട്ടികളുടെ മുന്നേറ്റം നെതന്യാഹുവിനെ വല്ലാതെ അസ്വസ്ഥനും രോഷാകുലനുമാക്കിയിട്ടുണ്ട്. വഴിവിട്ട മാർഗത്തിലൂടെയാണ് അറബ് പാര്‍ട്ടികള്‍ ഈ നേട്ടം കൈവരിച്ചതെന്നാണ് അദ്ദേഹം ആരോപിക്കുന്നത്. കൈക്കൂലി, വോട്ടര്‍മാരെ ഭീഷണിപ്പെടുത്തല്‍, വ്യാജ വോട്ടുകള്‍, അനധികൃത സോഫ്റ്റ്്വെയര്‍ പ്രയോഗം തുടങ്ങിയ മാര്‍ഗങ്ങളിലൂടെയാണ് അവര്‍ കൂടുതല്‍ സീറ്റുകള്‍ നേടിയെന്ന് ലികുഡ് പാര്‍ട്ടിയും അവരെ പിന്തുണക്കുന്ന മാധ്യമങ്ങളും സൈബര്‍ പോരാളികളും പ്രചരിപ്പിക്കുന്നു.

തിരഞ്ഞെടുപ്പില്‍ ഖത്വര്‍, തുര്‍ക്കിയ ഉള്‍പ്പെടെ ചില അറബ് രാഷ്ട്രങ്ങളുടെയും ജൂതതാത്പര്യങ്ങള്‍ക്കെതിരായി നിലകൊള്ളുന്ന സംഘടനകളുടെയും ഇടപെടലുണ്ടെന്നതാണ് മറ്റൊരു പ്രചാരണം. വോട്ടര്‍മാരെ വിലക്ക് വാങ്ങാന്‍ ഖത്വര്‍ അറബ് പാര്‍ട്ടികള്‍ക്ക് വന്‍തോതില്‍ സഹായം നല്‍കിയത്രേ. സംശയാസ്പദമായ രീതിയില്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നതായും കറന്‍സി ഏജന്‍സികള്‍ വഴി വോട്ടര്‍മാര്‍ക്ക് പണമെത്തിയെന്നും അവർ പറയുന്നു. അറബ് സമൂഹത്തിന്റെ സ്വാഭാവികമായ രാഷ്ട്രീയ മുന്നേറ്റത്തെ വിദേശ ഫണ്ടിംഗിന്റെ ഫലമാണെന്ന് വരുത്തിത്തീര്‍ത്ത് തിരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയെ തന്നെ സംശയത്തിന്റെ നിഴലിലാക്കുകയാണ് അദ്ദേഹം. നെതന്യാഹുവിന്റെ ആരോപണത്തെ ഖത്വര്‍ വിദേശ മന്ത്രാലയ വക്താവ് ഡോ. മജീദ് അല്‍ അന്‍സാരി പാടേ നിഷേധിച്ചു. തിരഞ്ഞെടുപ്പില്‍ ഖത്വര്‍ ഇടപെടുകയോ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ സാമ്പത്തിക സഹായം നല്‍കുകയോ ചെയ്തിട്ടില്ല. തിരഞ്ഞെടുപ്പ് പരാജയത്തിലെ ജാള്യം മറച്ചുപിടിക്കുന്നതിനുള്ള ലികുഡ് പാര്‍ട്ടിയുടെ അടവ് മാത്രമാണ് അറബ് രാഷ്ട്രങ്ങള്‍ക്കെതിരായ ആരോപണമെന്നും അദ്ദേഹം പറഞ്ഞു.

നെതന്യാഹുവിന്റെ പാര്‍ട്ടി പിന്തള്ളപ്പെട്ടാല്‍ പ്രയോഗിക്കാന്‍ തയ്യാറാക്കിയ രാഷ്ട്രീയ കുതന്ത്രത്തിന്റെ ഭാഗമായാണ് ഈ ആരോപണങ്ങളെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ലികുഡ് സഖ്യം തോറ്റാല്‍ പ്രയോഗിക്കാനായി ആരോപണങ്ങളുടെ ഒരു നിര തന്നെ പാര്‍ട്ടി നേരത്തേ തയ്യാറാക്കിയിരുന്നതായി സ്വതന്ത്ര മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. വിദേശ ഇടപെടൽ ആരോപണത്തിൽ, ആഭ്യന്തര അന്വേഷണ ഏജന്‍സിയായ ഷിന്‍ബെറ്റ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ഇസ്‌റാഈല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആക്ടിംഗ് ഡയറക്ടര്‍ ജനറല്‍ ഡീല്‍ ലിവനെയും പോലീസ് മേധാവിയും നെതന്യാഹുവിന്റെ ആരോപണം നിരാകരിച്ചു. ഭരണപരമായ എല്ലാ അധികാരങ്ങളും നെതന്യാഹു കൈയടക്കി വെച്ചിരിക്കെ, ഈ അധികാര സംവിധാനങ്ങളെ മറികടന്ന് അറബ് പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പില്‍ ക്രമക്കേട് കാണിക്കുമെന്നത് അവിശ്വസനീയവുമാണ്.

ലികുഡ് പാര്‍ട്ടി സഖ്യത്തിനു സഭയില്‍ ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ പ്രതിപക്ഷ സഖ്യത്തിനു അറബ് പാര്‍ട്ടികളുടെ പിന്തുണയോടെ പുതിയ സ്പീക്കറെ തിരഞ്ഞെടുക്കാനും മുന്‍ സര്‍ക്കാറിന്റെ നിയമപരിഷ്‌കാരങ്ങള്‍ റദ്ദാക്കാനും സാധിക്കും.ഇതു തടയാനായി അറബ് കക്ഷികളുമായുള്ള സഖ്യത്തെ നിയമവിരുദ്ധവും രാജ്യതാത്പര്യത്തിനു നിരക്കാത്തതുമായി ചിത്രീകരിച്ച് രാജ്യത്തെ വീണ്ടുമൊരു വോട്ടെടുപ്പിലേക്ക് നയിക്കുന്നതിനാണ് നെതന്യാഹു തിരഞ്ഞെടുപ്പില്‍ കൃതിമത്വം ആരോപിക്കുന്നതെന്നും നീരീക്ഷക്കപ്പെടുന്നുണ്ട്. എന്തൊക്കെ വ്യാജ ആരോപണങ്ങള്‍ പ്രചരിപ്പിച്ചാലും ഇസ്‌റാഈലിന്റെ ഭാവിരാഷ്ട്രീയത്തില്‍ അറബ് കക്ഷികള്‍ നിര്‍ണായക ഘടകമായിരിക്കുമെന്നാണ് തിരഞ്ഞെടുപ്പ് ഫലം നല്‍കുന്ന വ്യക്തമായ സൂചന.

Latest