Connect with us

Kerala

ശ്രീറാം വെങ്കിട്ടരാമനെ മാറ്റണം; പ്രതിഷേധസാഗരമായി കലക്ടറേറ്റ് മാർച്ചുകൾ

തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിലും മറ്റ് ജില്ലകളിൽ കലക്ടറേറ്റുകൾക്ക് മുന്നിലുമാണ് മാർച്ച് പുരേമാഗമിക്കുന്നത്.

Published

|

Last Updated

തിരുവനന്തപുരം | സിറാജ് തിരുവനന്തപുരം യൂനിറ്റ് ചീഫായിരുന്ന കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയായ ഐ എ എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടറായി നിയമിച്ച സർക്കാർ നടപടിക്കെതിരെ സംസ്ഥാനത്തടനീളം പ്രതിഷേധമിരമ്പി. ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ ഐ എ എഎ് ഉദ്യോഗസ്ഥന്‍ ശ്രീരാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടറായി നിയമിച്ച നടപടിക്കെതിരെ രോഷ പ്രകടനവുമായി പതിനായിരങ്ങളാണ് ഇന്ന് ഭരണ സിരാ കേന്ദ്രങ്ങളിലേക്ക് ഇരച്ചെത്തിയത്. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിലും മറ്റ് ജില്ലകളിൽ കലക്ടറേറ്റുകൾക്ക് മുന്നിലുമായിരുന്നു മാർച്ച്.

അധികാരവും സ്വാധീനശക്തിയും ഉപയോഗിച്ച് കൊടും കുറ്റകൃത്യത്തില്‍ നിന്നു രക്ഷപ്പെടാന്‍ ശ്രമിച്ച ഒരു ഉദ്യോഗസ്ഥ ദുഷ്പ്രഭുവിനെ ജില്ലാ കലക്ടറുടെ അധികാരത്തില്‍ പ്രതിഷ്ഠിക്കാനുള്ള നീക്കം പൊതു സമൂഹത്തോടും സമൂഹ മനസ്സാക്ഷിയോടുമുള്ള വെല്ലുവിളിയാണെന്ന് പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടി.

അധികാര കേന്ദ്രങ്ങളുടെ നെഞ്ചിൽ തറക്കുന്നതായിരുന്നു മാർച്ചുകളിൽ ഉയർന്നുകേട്ട മുദ്രാവാക്യങ്ങൾ. കള്ള്കുടിയൻ കൊലപാതകിയെ തേനും പാലും നൽകി വളർത്താനും ഭരണച്ചുമതല നൽകാനും നാണമുണ്ടോ അധികാരികളേ എന്ന ചോദ്യം മുദ്രാവാക്യങ്ങളിൽ ഉയർന്നു. തെളിവുകൾ തേച്ചുമാച്ച നെറികേടിന്റെ വിലാസങ്ങൾ തങ്ങൾ മറന്നിട്ടില്ലെന്ന് പ്രവർത്തകർ ഓർമിപ്പിച്ചു. അധികാരത്തിൻ അപ്പക്കഷണം തിന്നുകൊഴുത്തു വളർന്നവരേ കൊലയാളിക്കറ മായ്ച്ചുകളഞ്ഞ് വിശുദ്ധനാകാനാകില്ലെന്നും സമരം ഒാ ർമപ്പെടുത്തി.

തിരുവനന്തപുരത്ത് പാളയത്ത് നിന്ന് ആരംഭിച്ച മാർച്ച് സെക്രട്ടേറിയറ്റ് പടിക്കൽ സമാപിച്ചു. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എം സൈഫുദ്ദീന്‍ ഹാജി മാര്‍ച്ചിനെ അഭിസംബോധന ചെയ്തു.

കൊല്ലത്ത് ചിന്നക്കട പോസ്റ്റ് ഓഫീസ് പരിസരത്ത് നിന്ന് തുടങ്ങിയ റാലി കലക്ടറേറ്റിന് മുന്നിൽ സമാപിച്ചു. ഡോ. മുഹമ്മദ് കുഞ്ഞ് സഖാഫി ഉദ്ഘാടനം ചെയ്തു. ഡോ. എന്‍ ഇല്ല്യാസ് കുട്ടി, ഡോ. മുഹമ്മദ് ഫാറൂഖ് നഈമി തുടങ്ങിയവർ സംസാരി ച്ചു.

ഇടുക്കിയിൽ പെെനാവ് മസ്ജിദ് പരിസരത്ത് നിന്നാണ് മാർച്ച് തുടങ്ങിയത്. കലക്ട്രേറ്റിന് മുന്നിൽ സമാപിച്ചു. തുടർന്ന് നടന്ന ധർണ അബ്അബ്ദുല്‍ കരീം സഖാഫി ഉദ്ഘാടനം ചെയ്തു. അഡ്വ അബ്ദുൽ കരീം,സിഎ അബ്ദുൽ സലാം സഖാഫി, യൂസഫ് അൻവരി തുടങ്ങിയവർ പ്രസംഗിച്ചു.

പത്തനംതിട്ടയിൽ അബാൻ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച റാലി കലക്ടറേറ്റിന് മുന്നിൽ സമാപിച്ചു. നിസാമുദ്ദീന്‍ ഫാളിലി ഉദ്ഘാടനം ചെയ്തു. അഷ്റഫ് ഹാജി അലങ്കാർ അധ്യക്ഷത വഹിച്ചു.

കോട്ടയത്ത് ഗാന്ധി സ്‌ക്വയറിൽ നിന്ന് തുടങ്ങിയ മാർച്ച് കലക്ട്രേറ്റിന് മുന്നിൽ സമാപിച്ചു. വി എച്ച് അബ്ദുൽ റഷീദ് മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. കെ എസ് എം റഫീഖ് അഹമ്മദ് സഖാഫി അധ്യക്ഷത വഹിച്ചു. പി എം അനസ് മദനി മുഖ്യപ്രഭാഷണം നടത്തി.

ആലപ്പുഴയിൽ ഇ എംഎസ് സ്റ്റേഡിയത്തില്‍ നിന്ന് മാർച്ച് ആരംഭിച്ചു. തുടർന്ന് കലക്ട്രേറ്റിന് മുന്നിൽ നടന്ന ധർണ സയ്യിദ് ഹാമിദ് ബാഖഫി തങ്ങൾ ഉദ്ഘാടനം ചെയ്തു. സി എ നാസിറുദ്ദീൻ മുസ്ലിയാർ പുന്നപ്ര മുഖ്യപ്രഭാഷണം നടത്തി.

എറണാകുളത്ത് കാക്കനാട് എന്‍ ജി ഒ ക്വാര്‍ട്ടേഴ്സ് പരിസരത്ത് നിന്ന് മാർച്ച് ആരംഭിച്ചു. കലക്ടറേറ്റിന് മുന്നിൽ നടന്ന ധർണ വി എച്ച് അലി ദാരിമി ഉദ്ഘാടനം ചെയ്തു. സയ്യിദ് ഹാശിം തങ്ങള്‍ മുഖ്യപ്രഭാഷണം നടത്തി.

തൃശൂരിൽ പടിഞ്ഞാറേ ക്വാട്ടയിൽ നിന്ന് ആരംഭിച്ച് കലക്ടറേറ്റ് പരിസരത്ത് സമാപിച്ചു. തുടർന്ന് നടന്ന ധർണ കേരള മുസ്ലിം ജാമാഅത്ത് ജില്ലാ പ്രസിഡൻറ് സയ്യിദ് ഫസൽ തങ്ങൾ ഉദ്ഘാടനം ചെയ്തു. അഡ്വ. പി യു അലി, ശമീർ എറിയാട്, ശിഹാബ് സഖാഫി താന്ന്യം തുടങ്ങിയവർ സംസാരിച്ചു.

പാലക്കാട്ട് സ്റ്റേഡിയം ബസ്റ്റാൻഡ് പരിസരത്ത് നിന്ന് തുടങ്ങി കലക്ടറേറ്റിന് മുന്നിൽ സമാപിച്ചു. മാരായമംഗലം അബ്ദുർറഹമ്മാൻ ഫെെസി, ഷൗക്കത്ത് ഹാജി, എൻ െക സിറാജുദ്ദീൻ ഫെെസി, ഉമർ ഒാങ്ങല്ലൂർ, എം എ നാസർ സഖാഫി തുടങ്ങിയവർ സംസാരിച്ചു.

മലപ്പുറത്ത് പതിനായിരങ്ങളാണ് മാർച്ചിന് ഒഴുകിയെത്തിയത്. ജനസാഗരം ഉൾക്കാള്ളാനാകാതെ നഗരം അക്ഷരാർഥത്തിൽ വീർപ്പുമുട്ടി. എം.എസ്.പി പരിസരത്ത് നിന്ന് ആരംഭിച്ച മാർച്ച് സിവിൽ സ്റ്റേഷൻ പരിസരത്ത് സമാപിച്ചു. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി അഭിസംബോധന ചെയ്തു. സി പി സെെതലവി മാസ്റ്റർ, അബ്ദുറസാഖ് സഖാഫി വെള്ളയാമ്പുറം, കെ എം ബഷീറിന്റെ സഹോദരൻ അബ്ദുർറഹ്മാൻ, കൂറ്റമ്പാറ അബ്ദുർറഹ്മാൻ ദാരിമി, മുസ്തഫ മാസ്റ്റർ കോഡൂർ, തജ്മൽ ഹുസെെൻ തുടങ്ങിയവർ സംസാരിച്ചു.

കോഴിക്കോട്ടും ജനസാഗരം ആർത്തിരമ്പി. എരഞ്ഞിപ്പാലത്ത് നിന്ന് തുടങ്ങിയ പ്രതിഷേധ മാർച്ച് മാർച്ച് കലക്ട്രേറ്റ് നടയിൽ സമാപിച്ചു. സിറാജ് ഡയറക്ടർ മജീദ് കക്കാട്, സി കെ റാഷിദ് ബുഖാരി തുടങ്ങിയവർ മാർച്ചിനെ അഭിസംബോധന ചെയ്തു.

വയനാട്ടിൽ ബെെപ്പാസ് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച മാർച്ച് സിവിൽ സ്റ്റേഷൻ പരിസരത്ത് പോലിസ് തടഞ്ഞു. ശറഫുദ്ദീന്‍ അഞ്ചാംപീടിക ഉദ്ഘാടനം ചെയ്തു. മുഹമ്മദലി സഖാഫി പുറ്റാട്, മുഹമ്മദ് സഈദ് ഇർഫാനി തുടങ്ങിയവർ സംസാരിച്ചു.

കണ്ണൂരിൽ സ്റ്റേഡിയം കോർണറിൽ നിന്ന് തുടങ്ങി പഴയ ബസ്റ്റാൻഡ്, ടൗൺസ്ക്വയർ, കാൽടെക്സ് വഴി നീങ്ങിയ മാർച്ച് കലക്ടറേറ്റ് പടിക്കൽ സമാപിച്ചു. ഹാമിദ് മാസ്റ്റര്‍ എം കെ, എൻ അബ്ദുൽ ലത്തീഫ് സഅദി, ആർ പി ഹുസെെൻ ഇരിക്കൂർ, പി െക അലിക്കുഞ്ഞിദാരിമി, കെ എം അബ്ദുല്ലക്കുട്ടി ബാഖവി, അനസ് അമാനി പുഷ്പഗിരി തുടങ്ങിയവർ സംസാരിച്ചു.

കാസർഗോഡ് വിദ്യാനഗർ ഗവൺമെന്റ് കോളജ് പരിസരത്ത് നിന്ന് ആരംഭിച്ച മാർച്ച് കലക്ടറേറ്റ് പടിക്കൽ പോലീസ് തടഞ്ഞു. എസ് എസ് എഫ് സംസ്ഥാന െസക്രട്ടറി സി എന്‍ ജഅ്ഫർ മുഖ്യപ്രഭാഷണം നടത്തി. പള്ളംകോട് അബ്ദുൽ ഖാദർ മദനി, ബിഎസ് അബ്ദുല്ലക്കുഞ്ഞി ഫെെസി, സയ്യിദ് ജലാലുദ്ദീൻ ബുഖാരി, ഹമീദ് പരപ്പ തുടങ്ങിയവർ സംസാരിച്ചു.

സംസ്ഥാനത്ത് നടക്കുന്ന പ്രതിഷേധ പരിപാടികളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംഘടനയുടെ പ്രവാസി ഘടകമായ ഇന്ത്യൻ കൾച്ചറൽ ഫോറം (ഐ സി എഫ്) ഇന്ന് രാത്രി വിവിധ രാഷ്ട്രങ്ങളിലായി 65 കേന്ദ്രങ്ങളിൽ പ്രതിഷേധ സംഗമങ്ങൾ നടത്തും. പ്രതിഷേധ പരിപാടികളെ സുന്നി സംഘടനകളുടെ സംസ്ഥാന, ജില്ലാ നേതാക്കൾ അഭിവാദ്യം ചെയ്യും.