Connect with us

Editors Pick

ആപ്പിൾ ഐഫോൺ അൾട്രാ ഈ വർഷം എത്തിയേക്കും; ഫോൾഡബിൾ ഐഫോണിനെക്കുറിച്ച് അറിയേണ്ടതെല്ലാം

സിൽവർ വൈറ്റ്, ഡീപ്പ് ഇൻഡിഗോ എന്നീ രണ്ട് ആകർഷകമായ നിറങ്ങളിലാകും ഐഫോൺ അൾട്രാ എത്തുക.

Published

|

Last Updated

ന്യൂഡൽഹി | സ്മാർട്ട്ഫോൺ വിപണിയിലെ രാജാക്കന്മാരായ ആപ്പിൾ തങ്ങളുടെ കന്നി ഫോൾഡബിൾ ഫോൺ പുറത്തിറക്കാൻ തയ്യാറെടുക്കുന്നു. സെപ്റ്റംബറിൽ നടക്കാനിരിക്കുന്ന ഐഫോൺ പുറത്തിറക്കൽ ചടങ്ങിൽ ഐഫോൺ 18 സീരീസിനൊപ്പം ഈ ഫോണും പുറത്തിറങ്ങിയേക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഐഫോൺ ഫോൾഡ് എന്നായിരുന്നു ഇതുവരെ ഇതിനെ വിശേഷിപ്പിച്ചിരുന്നതെങ്കിൽ ഐഫോൺ അൾട്രാ എന്ന പേരിലാകും ആപ്പിൾ ഈ ഫോണിനെ വിപണിയിലെത്തിക്കുക എന്നാണ് പുതിയ സൂചന.

സിൽവർ വൈറ്റ്, ഡീപ്പ് ഇൻഡിഗോ എന്നീ രണ്ട് ആകർഷകമായ നിറങ്ങളിലാകും ഐഫോൺ അൾട്രാ എത്തുക. ഈ വർഷം ആകെ ആറ് ഐഫോൺ മോഡലുകൾ ആപ്പിൾ പുറത്തിറക്കാൻ സാധ്യതയുണ്ട്. ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്സ്, ഐഫോൺ 18, ഐഫോൺ 18 ഇ, ഐഫോൺ അൾട്രാ, ഐഫോൺ എയർ എന്നിവയാണവ. ഇതിൽ പ്രോ മോഡലുകളും അൾട്രയും സെപ്റ്റംബറിൽ പുറത്തിറങ്ങുകയും മറ്റുള്ളവ അടുത്ത വർഷം ആദ്യത്തോടെ വിപണിയിലെത്തുകയും ചെയ്തേക്കാം.

വിലയും ഇന്ത്യയിലെ സാധ്യതകളും

അന്താരാഷ്ട്ര വിപണിയിൽ ഏകദേശം 2000 ഡോളറായിരിക്കും ഐഫോൺ അൾട്രായുടെ വിലയെന്നാണ് കരുതുന്നത്. ഐഫോൺ 18 പ്രോ മാക്സിനേക്കാൾ 500 ഡോളർ അധികമായിരിക്കുമിത്. ഇന്ത്യയിൽ ഇതിന്റെ വില 2 ലക്ഷം രൂപ കടക്കുമെന്ന് ഉറപ്പാണ്. സാധാരണയായി ഡോളർ നിരക്കിനെക്കാൾ ഉയർന്ന മൂല്യത്തിലാണ് ആപ്പിൾ ഇന്ത്യയിൽ വില നിശ്ചയിക്കാറുള്ളത്. ഇറക്കുമതി ചെലവുകൾ കൂടി കണക്കിലെടുക്കുമ്പോൾ ഇന്ത്യയിൽ ഐഫോൺ അൾട്രായ്ക്ക് 2.25 ലക്ഷം രൂപ വരെ വില വരാൻ സാധ്യതയുണ്ട്.

പ്രതീകാത്മക ചിത്രം

ഡിസൈനും ഫീച്ചറുകളും

സാംസങ് ഗാലക്സി ഇസഡ് ഫോൾഡ് സീരീസിന് സമാനമായ ബുക്ക് സ്റ്റൈൽ ഫോൾഡിംഗ് രീതിയാകും ആപ്പിളും പിന്തുടരുക. എന്നാൽ സാംസങ്ങിനേക്കാൾ വീതി കൂടിയതും ഉയരം കുറഞ്ഞതുമായ ഡിസൈൻ ഇതിനെ വ്യത്യസ്തമാക്കും. ലിക്വിഡ് മെറ്റൽ ഉപയോഗിച്ചുള്ള ഹിഞ്ച് (തിരിച്ചിൽ സംവിധാനം) ആണ് ഇതിൽ ഉപയോഗിക്കുന്നത്. അടച്ചു വെക്കുമ്പോൾ വെറും 9.23 എം എം മാത്രം കനമുള്ള ഈ ഫോൺ ഫോൾഡബിൾ വിപണിയിലെ ഏറ്റവും കനം കുറഞ്ഞ ഒന്നായിരിക്കും.

7.8 ഇഞ്ച് വലിപ്പമുള്ള ഉള്ളിലെ ഡിസ്പ്ലേയും 5.5 ഇഞ്ച് വലിപ്പമുള്ള പുറത്തെ ഡിസ്പ്ലേയുമാണ് ഫോണിനുണ്ടാകുക. സാംസങ്ങിന്റെ എം 16 ഒ എൽ ഇ ഡി സാങ്കേതികവിദ്യയാണ് ഇതിനായി ഉപയോഗിക്കുന്നത്. ആപ്പിളിന്റെ ഐക്കണിക് ഫീച്ചറുകളായ ഫേസ് ഐ ഡി, ഡൈനാമിക് ഐലൻഡ് എന്നിവ ഈ ഫോണിൽ ഉണ്ടായേക്കില്ല എന്നതാണ് ശ്രദ്ധേയമായ മാറ്റം. പകരം പഞ്ച് ഹോൾ ക്യാമറകളും വശങ്ങളിൽ ഘടിപ്പിച്ച ടച്ച് ഐ ഡിയുമാകും സുരക്ഷയ്ക്കായി ഉണ്ടാവുക.

ക്യാമറയും പ്രോസസറും

48 എം പി മെയിൻ സെൻസറും 48 എം പി അൾട്രാ വൈഡ് ലെൻസും അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പാണ് ഫോണിലുണ്ടാകുക. ടെലിഫോട്ടോ ക്യാമറ ഒഴിവാക്കിയേക്കും. സെൽഫിക്കായി രണ്ട് സ്ക്രീനുകളിലും 18 എം പി ക്യാമറകൾ ഉണ്ടാകും. ആപ്പിളിന്റെ ഏറ്റവും പുതിയ എ 20 പ്രോ ചിപ്പ് (2 എൻ എം പ്രോസസ്സ്) ആയിരിക്കും കരുത്ത് പകരുക. 12 ജി ബി റാം, 1 ടി ബി സ്റ്റോറേജ് എന്നിവയും പ്രതീക്ഷിക്കാം. ഐഫോണുകളുടെ ചരിത്രത്തിലെ ഏറ്റവും വലിയ ബാറ്ററിയാകും (5400 എം എ എച്ച് – 5800 എം എ എച്ച്) ഇതിലുണ്ടാകുക. ഐ ഒ എസ് 27 ലെ പരിഷ്കരിച്ച സിരിയും എ ഐ ഫീച്ചറുകളും ഫോണിന്റെ മാറ്റുകൂട്ടും.

Content Highlights:

Apple is reportedly planning to launch its first foldable smartphone, potentially named the iPhone Ultra, this September alongside the iPhone 18 series. The device is expected to feature a 7.8-inch internal display, a slim book-style design, and the powerful A20 Pro chip. With a global price tag of $2000, the India price could soar above Rs 2.25 lakh, making it one of the most expensive iPhones ever.

Latest