Connect with us

സാഹിത്യം

എഴുത്തിന്റെ പുതുവഴികളിലൂടെ...

കാനഡയുടെ സാഹിത്യലോകത്ത് നിലനിന്നിരുന്ന പരമ്പരാഗത ശീലങ്ങളെയെല്ലാം വിപ്ലവകരമായ പരിഷ്കാരങ്ങൾ കൊണ്ട് ഉഴുതുമറിച്ച എഴുത്തുകാരിയാണ് ആൻ കാഴ്സൺ. ഗ്രീക്ക് ഭാഷയിലും സാഹിത്യത്തിലും സംസ്കാരത്തിലും അവർ നേടിയ അഗാധമായ അറിവിനെ ആധുനികകാലത്തെ സാഹിത്യാനുശീലനങ്ങളുമായി കൂട്ടിയിണക്കി എന്നതാണ് ഒരെഴുത്തുകാരി എന്ന നിലയിൽ അവരെ ആഗോള തലത്തിൽതന്നെ ശ്രദ്ധേയയാക്കുന്ന പ്രധാന വസ്തുത.

Published

|

Last Updated

“നൊബേൽ പ്രൈസ് എനിക്കാണെന്ന് ഔദ്യോഗികമായ സന്ദേശം ലഭിച്ചപ്പോൾ ആദ്യം ഞാനൊന്ന് അമ്പരന്നു. സത്യത്തിൽ ഈ നൊബേൽ കമ്മിറ്റിക്ക് വട്ടു പിടിച്ചുപോയോ എന്നുപോലും ഞാനപ്പോൾ ചിന്തിക്കാതിരുന്നില്ല.’
ഈ വർഷത്തെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ച കാനഡയിലെ വിഖ്യാത എഴുത്തുകാരി ആൻ കാഴ്സൺ പുരസ്കാര വാർത്ത അറിഞ്ഞതിനു ശേഷമുള്ള ആദ്യ അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണിത്. ഈ പുരസ്കാര ലബ്ധി അവരുടെ ജീവിതത്തിൽ എന്തു മാറ്റമാണ് വരുത്തുക എന്ന ചോദ്യത്തിന് അവർ പറഞ്ഞ മറുപടി “എന്റെ പുസ്തകത്തിന്റെ പുറംചട്ടയിൽ ഒരു സ്റ്റിക്കർ പതിയും’ എന്നാണ്. എഴുത്തുകാരിയുടെ ഈ വാക്കുകളിൽ പ്രകടമാകുന്ന തമാശക്കും കൗതുകത്തിനുമപ്പുറം എന്നോ ലഭിക്കേണ്ടിയിരുന്ന ഈ അംഗീകാരം ഇത്രയേറെ വൈകിയതിലുള്ള നീരസം അവർ ഒളിപ്പിച്ചുവെക്കുന്നുണ്ടോ എന്ന സംശയവും വായനാലോകത്തെ ചിലരെങ്കിലും വെച്ചുപുലർത്തുന്നുണ്ടാകാം.

ബഹുമുഖ പ്രതിഭ

കാനഡയിലെ ബഹുമുഖപ്രതിഭയായ എഴുത്തുകാരിയാണ് ആൻ കാഴ്സൺ (Anne Carson). കവി, ഉപന്യാസകാരി, സർവകലാശാല അധ്യാപിക, വിവർത്തക എന്നീ നിലകളിൽ സമകാലിക കനേഡിയൻ സാഹിത്യത്തിൽ മുൻനിര സ്ഥാനമാണ് അവർക്കുള്ളത്. സാഹിത്യരംഗത്തെ അവരുടെ ഏറ്റവും വലിയ സംഭാവന കവിതയുടെയും ഗദ്യത്തിന്റെയും അതിർവരമ്പുകളെ നൂതനവും ധീരവുമായ ധൈഷണിക നീക്കങ്ങളിലൂടെ മായ്ച്ചുകളഞ്ഞ ഒരു പിടി പുസ്തകങ്ങളാണ്. കാനഡയുടെ അക്ഷരലോകത്ത് നൂതനമായ പരീക്ഷണങ്ങൾ കൊണ്ട് വിപ്ലവം സൃഷ്ടിച്ച എഴുത്തുകാരി എന്ന നിലയിലാണ് ആൻ കഴ്സണെ നിരൂപകലോകം വിലയിരുത്തുന്നത്.

കാനഡയിലെ ടൊറന്റോയിൽ 1950 ജൂൺ 21 നാണ് ആൻ കാഴ്സൺ ജനിച്ചത്. ബേങ്ക് ഉദ്യോഗസ്ഥനായിരുന്നു പിതാവ്. ഇടക്കിടെയുണ്ടായ അദ്ദേഹത്തിന്റെ സ്ഥലംമാറ്റം കുടുംബത്തെ പലയിടത്തും മാറി മാറി താമസിക്കുവാൻ നിർബന്ധിതരാക്കിയതിനെത്തുടർന്ന് ആനിന്റെ ബാല്യ കൗമാരങ്ങൾ വിവിധ പട്ടണങ്ങളിലായാണ് ചെലവഴിക്കപ്പെട്ടത്. സ്കൂൾ പഠനകാലത്ത് ഒരു അധ്യാപികയുടെ പ്രേരണയാൽ പുരാതന ഗ്രീക്ക് ഭാഷയിലും സാഹിത്യത്തിലും സംസ്കാരത്തിലും അവർ ആകൃഷ്ടയായി.

സ്കൂൾവിദ്യാഭ്യാസത്തിനുശേഷം ടൊറന്റോ സർവകലാശാല യിൽ ഉപരിപഠനത്തിനു ചേർന്നെങ്കിലും രണ്ട് തവണ അവർ പഠനം ഉപേക്ഷിച്ചു, പിന്നീട്, ഏതാനും വർഷങ്ങൾക്കുശേഷം പഠനം പുനരാരംഭിക്കുകയും തുടർന്ന് ക്ലാസ്സിക് സാഹിത്യത്തിൽ ബിരുദാനന്തരബിരുദവും പി എച്ച് ഡിയും നേടുകയും ചെയ്തു. പുരാതന ഗ്രീക്ക് സാഹിത്യത്തിൽ പ്രത്യേകമായി പഠനം നടത്തിയശേഷം മിഷിഗൻ, ന്യൂയോർക്ക്, പ്രിൻസ്റ്റൺ തുടങ്ങി നിരവധി സർവകലാശാലകളിൽ വർഷങ്ങളോളം അവർ താരതമ്യസാഹിത്യവും പുരാതന ഗ്രീക്ക് സാഹിത്യവും പഠിപ്പിച്ചു.

കവിത, ഉപന്യാസം, വിവർത്തനം തുടങ്ങിയ വ്യത്യസ്ത മേഖലകളിൽ ഇരുപതോളം പുസ്തകങ്ങളുടെ സ്രഷ്ടാവാണ് ആൻ കാഴ്സൺ . ആദ്യപുസ്തകം “Eros the Bittersweet: An Essay’ 1986 ൽ പ്രസിദ്ധീകരിച്ചു. പുരാതന ഗ്രീക്ക് സാഹിത്യദർശനങ്ങളെ സമകാലിക സാഹിത്യ സിദ്ധാന്തങ്ങളിലേക്ക് സന്നിവേശിപ്പിച്ചുകൊണ്ട് രചിച്ച ഉപന്യാസങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം. പ്രണയം, മോഹം, നഷ്ടബോധം തുടങ്ങിയ മനുഷ്യമനസ്സിലുണ്ടാകുന്ന വൈകാരിക ഭാവങ്ങളെ സമഗ്രമായി അപഗ്രഥിക്കുന്ന ഈ രചന ഗ്രീക്ക് കവി സാഫോയുടെ രചനകളെ അടിസ്ഥാനമാക്കിക്കൊണ്ടാണ് രചിക്കപ്പെട്ടത്. വായനലോകത്തും നിരൂപകർക്കിടയിലും ഒരുപോലെ സ്വീകാര്യത നേടിയ ഗ്രന്ഥമാണ് ഇത്.

കാഴ്സന് രാജ്യാന്തര പ്രശസ്തി നേടിക്കൊടുത്ത, കാവ്യനോവലിന്റെ ഗണത്തിൽ ഉൾപ്പെടുത്താവുന്ന രചനയാണ് “Autobiography of Red’ (1998). ഗ്രീക്ക് പുരാണത്തിലെ വീരനായ ഹെർക്കുലീസിന്റെ കൈകൊണ്ട് വധിക്കപ്പെടുന്ന ഗെരിയോൺ എന്ന രാക്ഷസന്റെ കഥയുടെ ആധുനിക കാലഘട്ടത്തിനനുസരിച്ചുള്ള പുനരാവിഷ്കാരമാണ് ഈ രചന. The Beauty of the Husband: A Fictional Essay in 29 Tangos (2001) Glass, Irony, and God (1992), Plainwater: Essays and Poetry (1995), Men in the Off Hours (2001) എന്നിവ കാനഡയുടെ സാഹിത്യഭൂമികയിൽ എഴുത്തുകാരിയുടെ സ്ഥാനം ഭദ്രമാക്കിയ മറ്റു പ്രധാന രചനകളാണ്.

വിവർത്തനത്തിന്റെ മേഖലയിലും സവിശേഷശ്രദ്ധ നേടിയ എഴുത്തുകാരിയാണ് ആൻ കാഴ്സൺ. പുരാതന ഗ്രീക്ക് ആചാര്യന്മാരായ സോഫോക്ളീസ്, യൂറിപ്പിഡിസ്, എസ്കിലസ് എന്നിവരുടെ വിഖ്യാതകൃതികൾ വിവർത്തനം ചെയ്യുക മാത്രമല്ല, അവരുടെ വിചാരധാരകളെ പുതിയ കാലഘട്ടത്തിന്റെ ആവശ്യകതകൾക്കനുസരിച്ച് പുനഃസൃഷ്ടിക്കുകയും, അവയെ സമകാലിക സാഹിത്യത്തിലെ മഹാരഥന്മാരുടെ ചിന്തകളുമായി വിളക്കിച്ചേർക്കുകയും ചെയ്തുകൊണ്ടാണ് ഈ രംഗത്ത് അവർ ചരിത്രം സൃഷ്ടിച്ചത്.

ദേശീയ അന്തർദേശീയ പ്രാധാന്യമുള്ള നിരവധി പുരസ്‌കാരങ്ങളും ബഹുമതികളും ഈ എഴുത്തുകാരിയെ തേടിയെത്തിയിട്ടുണ്ട്. ടി എസ് എലിയറ്റ് പ്രൈസ്, ഗ്രിഫിൻ പോയട്രി പ്രൈസ്, പെൻ നബക്കോവ് അവാർഡ്, മക് ആർതർ ജീനിയസ് ഫെലോഷിപ്പ് എന്നിവ അവയിൽ ചിലതാണ്. കാനഡയിലെ പരമോന്നത ബഹുമതിയായ ഓർഡർ ഓഫ് കാനഡയും അവർക്ക് സമ്മാനിക്കപ്പെട്ടിട്ടുണ്ട്. 2018ൽ നൊബേൽ സമ്മാനം പ്രഖ്യാപിക്കാതിരുന്നതിനെ തുടർന്ന് ജനകീയ തലത്തിൽ സംഘടിപ്പിച്ച ബദൽ നൊബേൽ പുരസ്കാരത്തിന്റെ ചുരുക്കപ്പട്ടികയിൽ ഈ എഴുത്തുകാരി സ്ഥാനം പിടിച്ചിരുന്നു. നൊബേൽ സമ്മാനം നേടുന്ന പത്തൊന്പതാമത്തെ വനിതയാണ് ആൻ കാഴ്സൺ.

കാനഡയുടെ സാഹിത്യലോകത്ത് നിലനിന്നിരുന്ന പരമ്പരാഗത ശീലങ്ങളെയെല്ലാം വിപ്ലവകരമായ പരിഷ്കാരങ്ങൾ കൊണ്ട് ഉഴുതുമറിച്ച എഴുത്തുകാരിയാണ് ആൻ കാഴ്സൺ. ഗ്രീക്ക് ഭാഷയിലും സാഹിത്യത്തിലും സംസ്കാരത്തിലും അവർ നേടിയ അഗാധമായ അറിവിനെ ആധുനികകാലത്തെ സാഹിത്യാനുശീലനങ്ങളുമായി കൂട്ടിയിണക്കി എന്നതാണ് ഒരെഴുത്തുകാരി എന്ന നിലയിൽ അവരെ ആഗോള തലത്തിൽതന്നെ ശ്രദ്ധേയയാക്കുന്ന പ്രധാന വസ്തുത. സാഹിത്യത്തിന്റെ പരമ്പരാഗത അതിരുകളെല്ലാം ഭേദിച്ച് പുതിയ ആവിഷ്കാര രീതികൾക്ക് അവർ വഴിയൊരുക്കി. ഈ വസ്തുതകൾ കണക്കിലെടുക്കുമ്പോൾ എഴുപത്തിയാറാം വയസ്സിൽ കാഴ്സണു ലഭിച്ച ഈ അംഗീകാരം ഏറെ വൈകിപ്പോയെന്ന അഭിപ്രായവും സഹൃദയലോകം പങ്കുവെക്കുന്നുണ്ട്. എങ്കിലും “better late than never’ എന്ന ആഹ്ലാദം ആ അഭിപ്രായത്തെയും മറികടക്കുന്നു എന്നതാണ് ഏറെ പ്രധാനപ്പെട്ട വസ്തുത.

Content Highlights:
Canadian author Anne Carson has been awarded the Nobel Prize in Literature for her innovative literary contributions. Known for blurring the boundaries between poetry and prose, she has written famous works like Autobiography of Red and Eros the Bittersweet. Carson is also a renowned classical scholar and Greek translator.

Latest