പരിസ്ഥിതി
അവരില്ലാത്ത ഭൂമിയോ?
അയവിറക്കുന്ന ജീവികളിൽ ഏറ്റവും വലുതായ സാക്ഷാൽ ജിറാഫ് ഭൂമുഖത്ത് കുറഞ്ഞു കുറഞ്ഞുവരികയാണെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? ഇപ്പോൾ പിടിച്ചു നിർത്തിയിട്ടില്ലെങ്കിൽ പിന്നെ ഡോഡോയുടെ പട്ടികയിലേക്ക് ജിറാഫും എത്തിയേക്കാം. കഴിഞ്ഞ മുപ്പത് വർഷത്തിനിടെ നാൽപ്പത് ശതമാനം കുറവാണ് ജിറാഫുകളുടെ വംശവർധനയിൽ ഉണ്ടായതെന്നാണ് റിപ്പോർട്ട്. നിലവിൽ 97,000 ജിറാഫുകളാണ് ഭൂമുഖത്ത് ഉള്ളതെന്ന് റിപോർട്ടുകൾ വരുന്നു.
കരയിലെ ഏറ്റവും ഉയരംകൂടിയ ജീവിയും സസ്തനിയുമായ ജിറാഫ് വംശനാശ ഭീഷണി നേരിടുന്ന ജീവജാലങ്ങളുടെ പട്ടികയിലേക്ക് വളരെ വേഗം നീങ്ങുകയാണ്. ജിറാഫില്ലാത്ത ഒരു ലോകം ആലോചിക്കാൻ പറ്റുന്നുണ്ടോ? ഇരട്ടക്കുളമ്പുള്ള, ജന്തുവർഗങ്ങളിലെ ഏറ്റവും ഉയരമുള്ള ഈ ആഫ്രിക്കൻ സസ്തനി നമ്മുടെയൊക്കെ ഹൃദയം കീഴടക്കിയ ജീവിയാണ്. ജി ഫോർ ജിറാഫ് എന്ന് എൽ കെ ജിയിൽ നിന്നേ മനസ്സിൽ അടിവരയിടുന്ന ജൻസിക്കുട്ടികളാണ് ലോകം മുഴുവൻ! അയവിറക്കുന്ന ജീവികളിൽ ഏറ്റവും വലുതായ സാക്ഷാൽ ജിറാഫ് ഭൂമുഖത്ത് കുറഞ്ഞു കുറഞ്ഞുവരികയാണെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? ഇപ്പോൾ പിടിച്ചു നിർത്തിയിട്ടില്ലെങ്കിൽ പിന്നെ ഡോഡോയുടെ പട്ടികയിലേക്ക് ജിറാഫും എത്തിയേക്കാം.
കഴിഞ്ഞ മുപ്പത് വർഷത്തിനിടെ നാൽപ്പത് ശതമാനം കുറവാണ് ജിറാഫുകളുടെ വംശവർധനയിൽ ഉണ്ടായതെന്നാണ് റിപോർട്ട്. നിലവിൽ 97,000 ജിറാഫുകളാണ് ഭൂമുഖത്ത് ഉള്ളതെന്ന് റിപോർട്ടുകൾ വരുന്നു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ജിറാഫുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. 40 ശതമാനം വരെ അതെത്തി നിൽക്കുന്നു. ഇതിനെ “നിശബ്ദ വംശനാശം’ എന്നാണ് വിളിക്കുന്നത്. ഈ കുറവ് വളരെ സാവധാനത്തിൽ സംഭവിച്ചതിനാൽ അത് ശ്രദ്ധിക്കപ്പെടാതെ പോയി എന്നതു തന്നെയാണ് കാരണം. ഇന്റർനാഷനൽ യൂനിയൻ ഫോർ നേച്വർ ആൻഡ് നാച്ചുറൽ റിസോഴ്സസ് ജിറാഫിനെ കരുതലോടെ പരിപാലിക്കേണ്ട മൃഗങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് മുമ്പേ ആവശ്യപ്പെട്ടിരുന്നു. ചാഡ്, ബോട്സ്വാന, സൊമാലിയ എന്നിവയുൾപ്പെടെ ആഫ്രിക്കയിലെ 21 രാജ്യങ്ങളിലാണ് ഇന്ന് ജിറാഫുകൾ കാണപ്പെടുന്നത്.
മധ്യ കിഴക്കൻ ആഫ്രിക്കയിൽ ഈ മൃഗങ്ങളെ മനുഷ്യർ കൊന്നൊടുക്കുന്നു. ഇത്രയും വലിയ ഒരു ജീവിയേയോ? അതിശയോക്തി തോന്നാം. പക്ഷേ, സംഭവം നടക്കുന്നു. തൊലിക്കും മാംസത്തിനും തലച്ചോറിനും വേണ്ടി, അസ്ഥിക്കും മജ്ജക്കും വേണ്ടി ഈ ക്രൂരത ചെയ്യുന്നു. ആഫ്രിക്കൻ സമൂഹങ്ങളിൽ വലിയൊരു പങ്കും കാട്ടുമാംസഭക്ഷണത്തിൽ അധിഷ്ഠിതരായവരാണ്. ഇതിനു പുറമെ അവിടെ ഉടലെടുത്ത അന്ധവിശ്വാസങ്ങളും ജിറാഫിന്റെ വംശത്തെ ഇല്ലാതാക്കുകയാണ്. എച്ച് ഐ വി ട്രീറ്റ്മെന്റിന് ഗുണം ചെയ്യുമെന്ന ധാരണ വ്യാപകമായി ഉള്ളതിനാൽ വംശനാശ ഭീഷണി മറ്റൊരു വിധത്തിൽ കൂടി ഈ ജീവിയിൽ കടന്നെത്തുകയാണ്. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ ആഫ്രിക്കൻ സർക്കാറുകൾ വേട്ടയാടലിനെതിരെ കർശന നിയന്ത്രണങ്ങൾ കൊണ്ടുവന്നെങ്കിലും നിയമവിരുദ്ധമായ വേട്ടയാടൽ നിയന്ത്രണ വിധേയമാവുന്നില്ല.
മറ്റൊരു പ്രധാന വസ്തുത കടുവ, കാണ്ടാമൃഗം, ആന തുടങ്ങിയ ജീവികളെ സംരക്ഷിക്കുന്നതു പോലെയുള്ള പ്രവർത്തനങ്ങൾ ജിറാഫിനെ കേന്ദ്രീകരിച്ചു നടത്തുന്നില്ല. ജിറാഫിന്റെ അവസ്ഥയെക്കുറിച്ച് അവബോധം വളർത്തുന്നതിനും ഒരു മാറ്റം ഉണ്ടാക്കാനുമായിട്ടുള്ള ശ്രദ്ധ ജനങ്ങൾക്കിടയിലെ ബോധവത്കരണത്തിൽ മാത്രം ഒതുങ്ങിപ്പോവുകയാണ്. ഇന്റർനാഷനൽ യൂനിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ (IUCN) ജിറാഫിനെ ആശങ്കാജനകമല്ലാത്ത ജീവികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയതുമെല്ലാം ഈ മൃഗത്തെക്കുറിച്ചുള്ള ആശങ്കക്ക് ഇളവു നൽകുകയാണെന്ന് വിദഗ്ധർ പറയുന്നു.
ഉയരമുണ്ടെങ്കിലും ജിറാഫുകൾക്ക് സ്വാഭാവികമായി വേട്ടക്കാരുണ്ട്. ഇതും വംശനാശ ഭീഷണിക്ക് ആക്കം കൂട്ടുന്നതാണ്. ജിറാഫിന്റെ മരണനിരക്ക് അങ്ങനെ പ്രദേശത്തെയും വേട്ടക്കാരുടെ സാന്ദ്രതയെയും ആശ്രയിച്ച് വ്യത്യാസപ്പെടുന്നു എന്നു മാത്രം. പ്രായപൂർത്തിയായ ഒരു ജിറാഫുപോലും ചിലപ്പോൾ സിംഹത്തിന് ഇരയാകാം, അതേസമയം തന്നെയാണ്, പ്രായപൂർത്തിയായ ജിറാഫുകൾ കഴുതപ്പുലികൾക്കും പുള്ളിപ്പുലികൾക്കും കാട്ടുനായകൾക്കും മുതലകൾക്കും ഒക്കെ ഇരയാകുന്നതും.
ഇതിനോട് ചേർത്ത് പറയേണ്ട ഒന്ന് ഒരു മാസം പ്രായമുള്ള മസായ് ജിറാഫ് കുഞ്ഞുങ്ങളുടെ ശിശുമരണനിരക്ക് 20 ശതമാനം കവിയുന്നു എന്നതാണ്, അവയിൽ പകുതിയോളവും ആദ്യ ആറ് മാസം അതിജീവിക്കുന്നില്ല എന്നത് കാണാതെ പോവരുത്. ആദ്യ വർഷാവസാനത്തോടെ ഈ കണക്ക് ഏകദേശം 60 ശതമാനം ആയി ഉയരും. രണ്ടാം വർഷത്തിൽ എട്ട് ശതമാനവും മൂന്നാം വർഷത്തിൽ മൂന്ന് ശതമാനവും ആയി കുറയുന്നു. എന്നിരുന്നാലും വേട്ടക്കാരുടെ അഭാവത്തിൽ, വടക്കുപടിഞ്ഞാറൻ നമീബിയയിലെ അംഗോളൻ ജിറാഫുകളിൽ ചില വർഷങ്ങളിൽ നിരീക്ഷിക്കുന്നത് പോലെ ആദ്യകാല മരണനിരക്ക് ഏതാണ്ട് പൂജ്യമായിരിക്കും എന്നത് വേറെ കാര്യം. അമേരിക്കൻ കടന്നുകയറ്റം മറ്റെങ്ങുമുള്ള പോലെ ജിറാഫിനെയും ബാധിച്ചിരിക്കുന്നു. തമാശയാണെന്ന് തോന്നുമെങ്കിലും കാര്യങ്ങളുടെ കിടപ്പ് ഇങ്ങനെയാണ്.
അമേരിക്കൻ വിനോദസഞ്ചാരികൾ ജിറാഫിനെ വേട്ടയാടാൻ പ്രാദേശിക വേട്ടക്കാർക്ക് പണം നൽകുന്നുണ്ട്. കൊറിയറുകൾ വഴി ജിറാഫിന്റെ ശരീരഭാഗങ്ങൾ അങ്ങനെ അയക്കുകയും ചെയ്യുന്നു. ലോകത്തിലെ ഏറ്റവും വലിയ ട്രോഫികൾ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് യു എസ് എ. ട്രോഫിക്ക് ആവശ്യമായ മെറ്റീരിയൽ ജിറാഫിന്റെ അസ്ഥിയിൽ നിന്നു തന്നെയെടുക്കുന്നു.
ആഫ്രിക്കയിലേക്ക് പോകുന്ന “ട്രോഫി’ വേട്ടക്കാർ ഇന്ന് യു എസിൽ ധാരാളമുണ്ട്. 12 വയസ്സുള്ള ഒരു പെൺകുട്ടി കൊലപ്പെടുത്തിയ ജിറാഫിന്റെ ശരീരത്തിനരികിൽ തന്റെ റൈഫിളുമായി പോസ് ചെയ്യുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും പ്രചരിച്ചിരുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, കൊല്ലപ്പെട്ട ജിറാഫിന്റെ മൃതദേഹങ്ങൾക്ക് സമീപം നിൽക്കുന്ന ട്രോഫി വേട്ടക്കാരുടെ നിരവധി ഭയാനകമായ ചിത്രങ്ങൾ വരുന്നത് വൻതോതിൽ പ്രതിഷേധം വിളിച്ചു വരുത്തുന്നുണ്ട്.
ജിറാഫ് ട്രോഫികൾ നിരോധിക്കുന്നതിന്റെ പ്രാധാന്യം അമേരിക്കൻ സർക്കാർ തിരിച്ചറിയണമെന്ന പ്രതിഷേധവും ഉയരുകയാണ്. മറ്റൊന്ന് മനുഷ്യനോ മൃഗമോ മുഖ്യം എന്നതു തന്നെ. ജനസംഖ്യ വർധിക്കുകയും കാർഷിക പ്രവർത്തനങ്ങൾ വർധിക്കുകയും ജനവാസ കേന്ദ്രങ്ങൾ വികസിപ്പിക്കുകയും ചെയ്യുകയാണ്. ലോകത്തിലെ വിവിധ ഭാഗങ്ങളെ പോലെത്തന്നെ ആഫ്രിക്കയിലും നിരവധി റോഡുകളും വികസന പ്രവർത്തനങ്ങളും നടക്കുകയും ചെയ്യുന്നു. ഇതും ജിറാഫുമായി നേരിട്ട് ബന്ധമുണ്ട്. ജിറാഫിന് അതിന്റെ പ്രധാന ഭക്ഷണ സ്രോതസ്സായ അക്കേഷ്യ മരങ്ങൾ നഷ്ടപ്പെടുന്നതിലൂടെയാണത്. വാഹനങ്ങളുമായും വൈദ്യുതി ലൈനുകളുമായും കൂട്ടിയിടിക്കാനുള്ള സാധ്യതകളും വർധിക്കുകയാണ്. ഇതിന്റെ പരിഹാരമാർഗങ്ങൾ കണ്ടെത്തേണ്ടിയിരിക്കുന്നു. അതായത്, കഴിഞ്ഞ മൂന്ന് നൂറ്റാണ്ടുകൾക്കിടയിൽ ജിറാഫുകൾക്ക് അവയുടെ ചരിത്രപരമായ ആവാസ വ്യവസ്ഥയുടെ ഏകദേശം 90 ശതമാനം നഷ്ടപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ഇത് ചെറിയ കാര്യമല്ല. ഒരു വശം ഇല്ലാതാവുകയാണ്.
എങ്ങനെ അത് തിരിച്ചെടുക്കും?
ജിറാഫില്ലാത്ത ഭൂഖണ്ഡങ്ങളിലെ മനുഷ്യർ പോലും ഇടപെടൽ നടത്തിയാലേ കാര്യങ്ങൾ സുഗമമാകൂ. ആഫ്രിക്കയിലുടനീളമുള്ള , ജിറാഫുകളുടെ സംരക്ഷണത്തിലും പരിപാലനത്തിലും മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന ലോകത്തിലെ ഏക എൻ ജി ഒയാണ് ജിറാഫ് കൺസർവേഷൻ ഫൗണ്ടേഷൻ (ജി സി എഫ്). ആഫ്രിക്കയിലുടനീളമുള്ള ഒന്നിലധികം ജിറാഫ് സംരക്ഷണ പദ്ധതികൾ അവരുടെ പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു, അതിൽ നിരവധി ജിറാഫുകളെ അവയുടെ യഥാർഥ ആവാസ വ്യവസ്ഥയിലേക്ക് തിരികെ കൊണ്ടുവരുന്നതും ഉൾപ്പെടുന്നു. ഇതെല്ലാം ഉണ്ടായിട്ടും ജിറാഫ് വംശനാശത്തിൽ തന്നെയാണ്.
എങ്കിലും, ജിറാഫുകൾ നിലനിൽക്കുമെന്ന് പ്രത്യാശിക്കാം. തലയുയർത്തി നിൽക്കുന്ന ആ പുള്ളിപ്പൊക്കക്കാരൻ ഭൂമിയുടെ ജീവനാണ്. അങ്ങനെയൊരു ജീവിയില്ലാത്ത ഭൂമി എത്രമാത്രം വിരസമായിരിക്കും; ശുഷ്കമായിരിക്കും.







