Connect with us

Business

ആമസോണിന് എട്ടിന്റെ പണി! നൂറുകണക്കിന് വൻകിട വ്യാപാരികൾ പ്ലാറ്റ്‌ഫോം ബഹിഷ്കരിക്കുന്നു; കാരണമിതാണ്

പ്ലാറ്റ്‌ഫോമിലൂടെ വിൽക്കപ്പെടുന്ന മൊത്തം സാധനങ്ങളുടെ 60 ശതമാനത്തിലധികം കൈകാര്യം ചെയ്യുന്ന സെല്ലർമാരാണ് കമ്പനിയുടെ നീക്കങ്ങളിൽ അതൃപ്തി പ്രകടിപ്പിക്കുന്നത്.

Published

|

Last Updated

ന്യൂഡൽഹി | ഓൺലൈൻ വ്യാപാര ഭീമനായ ആമസോണിന്റെ പുതിയ പോളിസി മാറ്റങ്ങളിൽ പ്രതിഷേധിച്ച് പ്ലാറ്റ്‌ഫോമിലെ നൂറുകണക്കിന് വൻകിട വ്യാപാരികൾ രംഗത്ത്. മില്യൺ ഡോളർ സെല്ലേഴ്സ് (എം ഡി എസ്) കമ്മ്യൂണിറ്റിയിൽ നിന്നുള്ള വ്യാപാരികൾ ആമസോണിന്റെ പരസ്യ പ്ലാറ്റ്‌ഫോം 24 മണിക്കൂർ നേരത്തേക്ക് ബഹിഷ്കരിച്ചതായാണ് റിപ്പോർട്ടുകൾ. പ്ലാറ്റ്‌ഫോമിലൂടെ വിൽക്കപ്പെടുന്ന മൊത്തം സാധനങ്ങളുടെ 60 ശതമാനത്തിലധികം കൈകാര്യം ചെയ്യുന്ന സെല്ലർമാരാണ് കമ്പനിയുടെ നീക്കങ്ങളിൽ അതൃപ്തി പ്രകടിപ്പിക്കുന്നത്.

പരസ്യ പേയ്മെന്റുകളിലെ മാറ്റങ്ങൾ, അധിക ഫീസുകൾ, ഇന്ധന സർചാർജ് എന്നിവ തങ്ങളുടെ ബിസിനസിനെ സാരമായി ബാധിക്കുന്നുവെന്ന് വ്യാപാരികൾ ആരോപിക്കുന്നു. പശ്ചിമേഷ്യയിലെ സംഘർഷത്തെത്തുടർന്ന് എണ്ണവില വർധിച്ച സാഹചര്യത്തിൽ കമ്പനി ഏർപ്പെടുത്തിയ 3.5 ശതമാനം ഇന്ധന സർചാർജും സെല്ലർമാരെ പ്രകോപിപ്പിച്ചിട്ടുണ്ട്. കമ്പനിയുടെ പുതിയ നീക്കങ്ങൾ കേവലം അലോസരപ്പെടുത്തുന്ന ഒന്നല്ലെന്നും മറിച്ച് വ്യാപാരികളുടെ പണം തട്ടിയെടുക്കുന്നതിന് തുല്യമാണെന്നും എം ഡി എസ് സഹസ്ഥാപകൻ യൂജിൻ ഖൈമാൻ പറഞ്ഞു.

യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ ഇറക്കുമതി താരിഫുകളും ഉയർന്ന ഊർജ്ജ ചെലവുകളും നേരിടുന്ന സമയത്താണ് ആമസോണിന്റെ ഈ അധിക ബാധ്യതകളെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. ലാഭവിഹിതം കുത്തനെ കുറയുന്നതിനാൽ ഉപഭോക്താക്കൾക്ക് വില വർധിപ്പിക്കുകയോ അല്ലെങ്കിൽ നഷ്ടം സഹിച്ച് ബിസിനസ് നടത്തുകയോ ചെയ്യേണ്ട അവസ്ഥയാണെന്ന് വ്യാപാരിയായ മൈക്കൽ പാട്രോൺ വ്യക്തമാക്കി.

പരസ്യ നിരക്കുകൾ വ്യാപാരികളുടെ വരുമാനത്തിൽ നിന്ന് നേരിട്ട് ഈടാക്കാനുള്ള ആമസോണിന്റെ തീരുമാനവും വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ഇത് വ്യാപാരികളുടെ പണമൊഴുക്കിനെ ബാധിക്കുമെന്ന് ഇവർ ഭയപ്പെടുന്നു. ക്രെഡിറ്റ് കാർഡ് വഴി പേയ്മെന്റ് നടത്തുമ്പോൾ ലഭിച്ചിരുന്ന മൂന്ന് ശതമാനം ക്യാഷ് ബാക്ക് ആനുകൂല്യം ഇതിലൂടെ വ്യാപാരികൾക്ക് നഷ്ടമാകും. കൂടാതെ, സാധനങ്ങൾ ഷിപ്പ് ചെയ്യുമ്പോഴല്ല മറിച്ച് ഡെലിവറി കഴിഞ്ഞ് ഏഴ് ദിവസത്തിന് ശേഷം മാത്രം പണം നൽകുന്ന രീതിയും സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാകുന്നുവെന്ന് എം ഡി എസ് ആരോപിക്കുന്നു.

എന്നാൽ ഈ മാറ്റങ്ങൾ ഒരു ചെറിയ വിഭാഗം വ്യാപാരികളെ മാത്രമേ ബാധിക്കുകയുള്ളൂവെന്നും പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിന്റെ ഭാഗമാണിതെന്നുമാണ് ആമസോണിന്റെ ഔദ്യോഗിക വിശദീകരണം.

Summary

Hundreds of large-scale Amazon sellers are staging a 24-hour boycott of the company’s advertising platform to protest against recent policy changes. The sellers are concerned about new advertising fees, fuel surcharges, and delayed payment cycles that significantly impact their cash flow and profit margins. While Amazon claims these changes align with industry standards, merchants argue that the added costs are forcing them to increase consumer prices.

Latest