Connect with us

Education Notification

ആരോഗ്യ ഡിപ്ലോമ കേരളത്തിൽ പഠിക്കാം

വേഗത്തിൽ തൊഴിൽ വൈദഗ്‌ധ്യം നേടാനും മെഡിക്കൽരംഗത്ത് കരിയർ ആരംഭിക്കാനും ആഗ്രഹിക്കുന്നവർക്ക് ഇത്തരം ഡിപ്ലോമ കോഴ്‌സുകൾ ഉചിതമായ പ്രായോഗിക പഠന വഴികളാണ്

Published

|

Last Updated

കുറഞ്ഞ കാലയളവിൽ പ്രായോഗിക പരിശീലനത്തോടൊപ്പം ആരോഗ്യ പരിചരണ മേഖലയിലെ അടിസ്ഥാന വൈദഗ്ധ്യം നേടാൻ സഹായിക്കുന്ന അലൈഡ് ഹെൽത്ത് ഡിപ്ലോമ കോഴ്‌സുകൾ കേരളത്തിൽ പഠിക്കാം. രോഗനിർണയം, ചികിത്സ, മരുന്നു വിതരണം എന്നിവയിൽ നേരിട്ട് സംഭാവന ചെയ്യുന്നതിൽ ഈ പ്രോഗ്രാമുകൾക്ക് വലിയ പ്രാധാന്യമുണ്ട്. അതുകൊണ്ട് തന്നെ ആരോഗ്യ മേഖലയിലെ തൊഴിൽ കേന്ദ്രീകൃത പഠനമായി ഇവയെ കണക്കാക്കുന്നു. അതിനാൽ വേഗത്തിൽ തൊഴിൽ വൈദഗ്‌ധ്യം നേടാനും മെഡിക്കൽ രംഗത്ത് കരിയർ ആരംഭിക്കാനും ആഗ്രഹിക്കുന്നവർക്ക് ഇത്തരം ഡിപ്ലോമ കോഴ്‌സുകൾ ഉചിതമായ പ്രായോഗിക പഠനവഴികളാണ്.

കോഴ്‌സുകൾ ഏതൊക്കെ

ഡെന്റൽ, ഫാർമസി, ഒഫ്താൽമിക്, ന്യൂറോ, ഹെൽത്ത് ഇൻസ്പെക്ടർ എന്നിങ്ങനെയായി അലൈഡ് ആൻഡ് ഹെൽത്ത് കെയർ ഡിപ്ലോമ കോഴ്‌സുകൾ പരന്നുകിടക്കുന്നു. സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ കോളജുകളിലെ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിട്ടുള്ള 16 കോഴ്‌സുകളുടെ വിവരങ്ങൾ താഴെ കൊടുക്കുന്നു.

മെഡിക്കൽ ലാബ് ടെക്നോളജി/ കാർഡിയോ വാസ്‌കുലാർ ടെക്നോളജി/റേഡിയോളജിക്കൽ ടെക്നോളജി/റേഡിയോ തെറാപ്പി ടെക്നോളജി/ ഹെൽത്ത് ഇൻസ്പെക്ടർ/ഡെന്റൽ മെക്കാനിക്/ഡെന്റൽ ഹൈജിനിസ്റ്റ്/ഒഫ്താൽമിക് അസ്സിസ്റ്റൻസ്/അനസ്‌തേഷ്യ ആൻഡ് ഓപറേഷൻ തിയേറ്റർ ടെക്നോളജി/ന്യൂറോ ടെക്നോളജി/ ഡയാലിസിസ് ടെക്നോളജി/എൻഡോസ്കോപ്പിക് ടെക്നോളജി/ഡെന്റൽ ഓപറേറ്റിംഗ് റൂം അസ്സിസ്റ്റൻസ്/റെസ്പിറേറ്ററി ടെക്നോളജി/സെൻട്രൽ സ്റ്റെറൈൽ സപ്ലൈ ടെക്നോളജി/ഫാർമസി (ഡി ഫാം).

യോഗ്യത, അപേക്ഷ

ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾ പഠിച്ച് ഹയർ സെക്കൻഡറി/ തത്തുല്യ പരീക്ഷ ജയിച്ചവർക്ക് അപേക്ഷിക്കാം. പന്ത്രണ്ടാം ക്ലാസ്സിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങളിൽ മൊത്തം 40 ശതമാനം മാർക്ക് വേണം. പട്ടിക വിഭാഗം വിദ്യാർഥികൾക്ക് 35
ശതമാനം മാർക്ക് മതി. ഡി ഫാം കോഴ്‌സിന് ബയോളജിക്ക് പകരം മാത്തമാറ്റിക്സ് പഠിച്ചാലും മതിയാകും. മറ്റുള്ളവക്കുള്ളതുപോലെ മാർക്ക് വ്യവസ്ഥയില്ല. പ്രായം 17 വയസ്സ് തികഞ്ഞിരിക്കണം. ഉയർന്ന പ്രായപരിധി ബാധകമല്ല.

കോഴ്‌സുകളുടെ കാലയളവ്

മിക്ക ഡിപ്ലോമ കോഴ്‌സുകളുടെയും ദൈർഘ്യം രണ്ട് വർഷമാണ്. എന്നാൽ, ന്യൂറോ ടെക്നോളജി, റെസ്പിറേറ്ററി ടെക്നോളജി, ഡയാലിസിസ് ടെക്നോളജി, അനസ്തേഷ്യ ആൻഡ് ഓപറേഷൻ തിയേറ്റർ ടെക്നോളജി, സെൻട്രൽ സ്റ്റെറൈൽ സപ്ലൈ ടെക്നോളജി, എൻഡോസ്കോപ്പി ടെക്നോളജി എന്നിവക്ക് ആറ് മാസത്തെ ഇന്റേൺഷിപ്പ് കൂടിയുണ്ട്. ഫാർമസി ഡിപ്ലോമക്ക് മൂന്ന് മാസത്തെ പ്രാക്റ്റിക്കൽ പരിശീലനവുമുണ്ട്.

പ്രവേശന രീതി

ഈ മാസം 15നകം ഓൺലൈനായി അപേക്ഷകൾ നൽകണം. കോഴ്‌സുകളിൽ ചേരാൻ പ്രവേശനപ്പരീക്ഷ ഇല്ല. അപേക്ഷകരുടെ ഹയർ സെക്കൻഡറി/തത്തുല്യം പരീക്ഷയിലെ രണ്ടാം വർഷ വിഷയങ്ങളിൽ ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ റാങ്ക് ലിസ്റ്റ് തയ്യാറാക്കിയാണ് പ്രവേശനം നൽകുന്നത്. എൽ ബി എസ് സെന്റർ ആണ് ഇതിനുള്ള നടപടികൾ പൂർത്തിയാക്കുന്നത്. വി എച്ച് എസ് ഇ സ്ട്രീമിൽ ചില വൊക്കേഷനൽ വിഷയങ്ങൾ ജയിച്ചവർക്ക് അതിനനുസരിച്ച് ചില കോഴ്‌സുകളിൽ നിശ്ചിത ശതമാനം സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്.
ലാബ് ടെക്‌നീഷ്യൻ റിസർച്ച് ആൻഡ് ക്വാളിറ്റി കൺട്രോൾ പഠിച്ചവർക്ക് മെഡിക്കൽ ലബോറട്ടറി ടെക്നോളജി കോഴ്സിന് അഞ്ച് ശതമാനം സീറ്റുകളും മെയിന്റനൻസ് ഓഫ് ഓപറേഷൻ ഓഫ് ബയോമെഡിക്കൽ എക്യുപൻസ് പഠിച്ചവർക്ക് ഓപറേഷൻ തിയേറ്റർ ടെക്നോളജി കോഴ്സിന് രണ്ട് ശതമാനം സീറ്റുകളും ഇ സി ജി ആൻഡ് ഓഡിയോമെട്രിക് ടെക്നോളജി പഠിച്ചവർക്ക് കാർഡിയോ വാസ്‌കുലാർ ടെക്നോളജി കോഴ്സിന് രണ്ട് ശതമാനം സീറ്റുകളും സംവരണം ചെയ്തിട്ടുണ്ട്. സർവീസ് ക്വാട്ടയിൽ അപേക്ഷിക്കുന്നവർക്ക് 49 വയസ്സ് കവിയരുത്. പ്രവേശനത്തിന് സംവരണ മാനദണ്ഡങ്ങളും പാലിക്കും.

മറ്റ് വിവരങ്ങൾ

ഒന്നിൽ കൂടുതൽ കോഴ്‌സുകളിൽ ഒരു അപേക്ഷ മതി. ഇതിനുള്ള ഫീസ് ഓൺലൈനായി തന്നെ അടക്കാം. അപേക്ഷാ ഫീസ് 600 രൂപ. പട്ടിക വിഭാഗക്കാർക്ക് 300 രൂപ. സർട്ടിഫിക്കറ്റുകളും മറ്റ് രേഖകളും അപേക്ഷയോടൊപ്പം സമർപ്പിക്കണം.
പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് എൽ ബി എസ് സെന്റർ പ്രസിദ്ധീകരിച്ചാൽ കോഴ്‌സുകളുടെയും സ്ഥാപനങ്ങളുടെയും ഓപ്ഷനുകൾ ഓൺലൈനായി നൽകണം.

വിവരങ്ങൾക്ക്: www.lbscentre.kerala.gov.in ഫോൺ-0471/2560362,2560363,2560364, 2324396, 9400977754 ഇ മെയിൽ:director.lbs@kerala.gov.in.

തൊഴിലവസരങ്ങൾ

ഇത്തരം കോഴ്‌സുകൾ ജയിച്ചിറങ്ങുന്നവർക്ക് സ്വദേശത്തും വിദേശത്തുമായി ജോലി സാധ്യതകൾ നിരവധിയുണ്ട്. ഡി ഫാം പാസ്സായവർക്ക് രജിസ്ട്രേഷൻ നടത്തി സ്വകാര്യ മേഖലയിലും സർക്കാർ ആശുപത്രികളിലും ഫാർമസിസ്റ്റ് ആകാം. മറ്റ് ഡിപ്ലോമ ജയിച്ചവർക്ക് എക്സ്റേ, സി ടി തുടങ്ങിയ ഇമേജിംഗ് വിഭാഗങ്ങളിൽ ജോലി അവസരങ്ങളുണ്ട്.

ഡയഗ്നോസ്റ്റിക് സെന്ററുകൾ, ക്ലിനിക്കുകൾ, ഹെൽത്ത് കെയർ സ്ഥാപനങ്ങൾ തുടങ്ങിയയിടങ്ങളിൽ തൊഴിൽ ചെയ്യാം.
ഹെൽത്ത് ഇൻസ്പെക്ടർ കോഴ്സ് പാസ്സായവർക്ക് പൊതുജന ആരോഗ്യം, ശുചിത്വ പരിശോധന, രോഗപ്രതിരോധ പ്രവർത്തനം എന്നീ മേഖലകളിൽ അവസരം ലഭിക്കും.

പഠിച്ച വിഷയങ്ങളിൽ ഉപരിപഠനം നടത്തി ഡിഗ്രി, അഡ്വാൻസ്ഡ് ഡിപ്ലോമ, സ്പെഷ്യലൈസ്ഡ് കോഴ്‌സുകൾ ജയിച്ച് ഉന്നത സാങ്കേതിക തസ്തികകളിലേക്കും പ്രവേശിക്കാവുന്നതാണ്.

Content Highlights:
Applications are open for 16 allied health diploma courses in Kerala through LBS Centre. Plus two science graduates can apply online by October 15 based on merit. These two-year courses offer high job prospects in hospitals and diagnostic centres both locally and abroad.

---- facebook comment plugin here -----

Latest