Kerala
കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റിനെ ആള്‍ക്കൂട്ട വിചാരണ നടത്തി ഗേറ്റില്‍ കെട്ടിയിട്ടു മര്‍ദ്ദിച്ചതായി ആരോപണം
ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ മര്‍ദ്ദന ദൃശ്യങ്ങള്‍ പകര്‍ത്തി വീഡിയോ പ്രചരിപ്പിക്കുകയും ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്

പത്തനംതിട്ട | അയിരൂര്‍ ചെറുകോല്‍പ്പുഴയില്‍ കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റിനെ ആള്‍കൂട്ട വിചാരണ നടത്തിയതായി ആരോപണം. വാര്‍ഡ് പ്രസിഡന്റായ എം എം വര്‍ഗീസിനെ കഴുത്തില്‍ കയര്‍ കെട്ടി വലിച്ചിഴക്കുകയും വീടിനു മുന്നില്‍ ഗേറ്റില്‍ കെട്ടിയിട്ട് മര്‍ദ്ദിക്കുകയും ചെയ്തുവെന്നാണ് ആരോപണം. ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ മര്‍ദ്ദന ദൃശ്യങ്ങള്‍ പകര്‍ത്തി വീഡിയോ പ്രചരിപ്പിക്കുകയും ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്.
കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റ് എം എം വര്‍ഗീസിനെയാണ് സി പി എം പ്രാദേശിക നേതൃത്വം ആള്‍ക്കൂട്ട വിചാരണക്ക് വിധേയനാക്കിയതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. നടപടി ഹീനവും പ്രതിഷേധാര്‍ഹവുമാണ്. എം എം വര്‍ഗീസിനോട് വിദേശത്ത് പോകുവാന്‍ സഹായം ചോദിച്ചുവന്ന ആളിനെ സഹായിക്കുകമാത്രമാണ് ചെയ്തത്. വര്‍ഗീസിനെതിരേ എന്തെങ്കിലും ആരോപണം ഉണ്ടെങ്കില്‍ നിയമപരമായി അന്വേഷിക്കുന്നതിന് പകരം സി പി എം നേതാക്കള്‍ നിയമം കയ്യിലെടുത്തതായി ഡി സി സി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. മര്‍ദ്ദിക്കുന്നതിന് നേതൃത്വം നല്‍കിയ ഗ്രാമപഞ്ചായത്ത് അംഗം ഉള്‍പ്പെടെയുള്ള സി പി എം, ഡി വൈ എഫ് ഐ പ്രാദേശിക നേതാക്കള്‍ക്കെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്യണമെന്ന് ഡി സി സി പ്രസിഡന്റ് ആവശ്യപ്പെട്ടു.
സി.പി.എം നേതൃത്വത്തില്‍ അയിരൂര്‍ ചെറുകോല്‍പ്പുഴയില്‍ നടന്നത് പ്രകൃതമായ ആള്‍ക്കൂട്ട വിചാരണയാണെന്നും സി പി എം തന്നെ പ്രചരിപ്പിച്ച വീഡിയോയില്‍ കാണുന്ന കുറ്റവാളികളെ എത്രയും വേഗം അറസ്റ്റ് ചെയ്ത് നടപടി സ്വീകരിക്കണമെന്നും കെ പി സി സി ജനറല്‍ സെക്രട്ടറി പഴകുളം മധു ആവശ്യപ്പെട്ടു.