National
വോട്ടിന് പണം നല്‍കിയെന്ന ആരോപണം; തമിഴ്‌നാട് ബി ജെ പി അധ്യക്ഷന്‍ നൈനാര്‍ നാഗേന്ദ്രനെതിരായ ഹരജി തള്ളി
കേസെടുക്കാന്‍ ഇ ഡിക്ക് നിര്‍ദേശം നല്‍കണമെന്ന ഡി എം കെ. എം പി. ആര്‍ ഗിരിരാജന്റെ ഹരജിയാണ് മദ്രാസ് ഹൈക്കോടതി തള്ളിയത്.
ചെന്നൈ | വോട്ടിന് പണം നല്‍കിയെന്ന ആരോപണത്തില്‍ തമിഴ്‌നാട് ബി ജെ പി അധ്യക്ഷന്‍ നൈനാര്‍ നാഗേന്ദ്രനെതിരെ കേസെടുക്കാന്‍ ഇ ഡിക്ക് നിര്‍ദേശം നല്‍കണമെന്ന ഹരജി മദ്രാസ് ഹൈക്കോടതി തള്ളി. ഡി എം കെ. എം പി. ആര്‍ ഗിരിരാജന്‍ നല്‍കിയ ഹരജിയാണ് തള്ളിയത്. ചീഫ് ജസ്റ്റിസ് എസ് എ ധര്‍മാധികാരിയുടെയും ജസ്റ്റിസ് അരുള്‍ മുരുകന്റെയും ബഞ്ചാണ് ഹരജി തള്ളിക്കൊണ്ട് ഉത്തരവ് പ്രകടിപ്പിച്ചത്.
2002ലെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം നാഗേന്ദ്രനെതിരെ കേസെടുക്കുന്നതില്‍ ഇ ഡി വീഴ്ച വരുത്തിയെന്നായിരുന്നു പരാതിയിലെ ആരോപണം. നടപടി സ്വീകരിക്കാത്തത് നിയമവിരുദ്ധവും ഏകപക്ഷീയവുമാണെന്നും രാഷ്ട്രീയമായ പരിഗണനകള്‍ കേന്ദ്ര അന്വേഷണ ഏജന്‍സിയെ സ്വാധീനിച്ചിരിക്കാമെന്നും പരാതിയില്‍ പറഞ്ഞിരുന്നു.
2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെയായിരുന്നു സംഭവം. താംബരം റെയില്‍വേ സ്റ്റേഷനില്‍ വച്ച് നാഗേന്ദ്രന്റെ ജീവനക്കാരായ സതീഷ്, പെരുമാള്‍, നവീന്‍ എന്നിവരുടെ കൈയില്‍ നിന്ന് നാലുകോടി രൂപയുടെ കള്ളപ്പണം പിടിച്ച സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ളതായിരുന്നു ഹരജി. വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്യാനുള്ളതായിരുന്നു ഈ പണമെന്ന് പിന്നീട് കണ്ടെത്തിയെന്നാണ് ഹരജിക്കാരന്‍ ആരോപിക്കുന്നത്. തിരഞ്ഞെടുപ്പില്‍ തിരുനെല്‍വേലിയിലെ സ്ഥാനാര്‍ഥി ആയിരുന്നു നൈനാര്‍ നാഗേന്ദ്രന്‍.




