Connect with us

Uae

ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ പുതിയ മാര്‍ഗ നിര്‍ദേശം പിന്തുടരണമെന്ന് എയര്‍ ഇന്ത്യ

ഇന്ത്യയിലേക്ക് യാത്ര തിരിക്കുന്നതിന് 14 ദിവസങ്ങള്‍ക്കിടയില്‍ നടത്തിയിട്ടുള്ള മറ്റു യാത്രകളുടെ വിവരങ്ങളും നല്‍കണം.

Published

|

Last Updated

അബുദബി |  ഇന്ത്യയിലെവിടേക്കും യാത്ര ചെയ്യുന്ന യാത്രക്കാര്‍ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറപ്പെടുവിച്ച ഏറ്റവും പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പിന്തുടരണമെന്ന് എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു. ഷെഡ്യൂള്‍ ചെയ്ത യാത്രക്ക് മുമ്പ് ഓണ്‍ലൈന്‍ വഴി എയര്‍ സുവിധ പോര്‍ട്ടലില്‍ www.newdelhiairport.in/airsuvidha/apho-registration  സെല്‍ഫ് ഡിക്ലറേഷന്‍ ഫോം (എസ്ഡിഎഫ്) , യാത്ര ആരംഭിക്കുന്നതിന് 72 മണിക്കൂറിനുള്ളിലെടുത്ത നെഗറ്റീവ് പി സി ആര്‍ പരിശോധന ഫലം എന്നിവ സമര്‍പ്പിക്കണം. 5 വയസ്സിന് താഴെയുള്ള കുട്ടികളെ എത്തിച്ചേരുന്നതിന് മുമ്പും ശേഷവും പരിശോധനയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ എത്തിച്ചേരുമ്പോഴോ ഹോം ക്വാറന്റൈന്‍ സമയത്തോ കോവിഡ് 19 ന്റെ ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ അവര്‍ പരിശോധനക്ക് വിധേയമാക്കേണ്ടതാണ്. വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് യാത്രികര്‍ക്ക് ഡിസംബര്‍ 1 മുതല്‍ ബാധകമാക്കുന്നത്.

ഇന്ത്യയിലേക്ക് യാത്ര തിരിക്കുന്നതിന് 14 ദിവസങ്ങള്‍ക്കിടയില്‍ നടത്തിയിട്ടുള്ള മറ്റു യാത്രകളുടെ വിവരങ്ങളും നല്‍കണം. കേന്ദ്ര മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം ഉയര്‍ന്ന രോഗവ്യാപന സാധ്യതയുള്ളതായി കണക്കാക്കുന്ന രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് (അവരുടെ വാക്‌സിനേഷന്‍ സ്റ്റാറ്റസ് കണക്കിലെടുക്കാതെ തന്നെ ഈ നിര്‍ദ്ദേശം ബാധകമാണ്) ഇന്ത്യയിലേക്ക് പ്രവേശിക്കുന്ന എയര്‍പോര്‍ട്ടില്‍ കോവിഡ് -19 പരിശോധന നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഈ പരിശോധന ഫലം ലഭിക്കുന്നത് വരെ ഇവര്‍ എയര്‍പോര്‍ട്ടില്‍ തുടരണം. ഉയര്‍ന്ന രോഗവ്യാപന സാധ്യതയുള്ളതായി കണക്കാക്കുന്ന രാജ്യങ്ങളില്‍ നിന്നല്ലാതെ, ഇന്ത്യയിലേക്ക് മറ്റു രാജ്യങ്ങളില്‍ നിന്ന് പ്രവേശിക്കുന്നവരില്‍ അഞ്ച് ശതമാനം യാത്രികരെ വിമാനത്താവളങ്ങളില്‍ കൊവിഡ് -19 പരിശോധനക്ക് വിധേയരാക്കുന്നതാണ്. ക്രമാനുസൃതമല്ലാതെയാണ് ഇത്തരം യാത്രികരെ തിരഞ്ഞെടുക്കുന്നത്. കേരളത്തിലേക്ക് യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാരും യാത്രക്ക് മുമ്പ് കൊവിഡ്-19 ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം.https://covid19jagratha.kerala.nic.in/. തമിഴ്നാട്ടിലേക്ക് പോകുന്ന എല്ലാ യാത്രക്കാരും ഓട്ടോ ജനറേറ്റഡ് ടിഎന്‍ ഇ-പാസ് കൈവശം വയ്ക്കണം.