Business
'സൂപ്പർ സീറ്റ് സെയിൽ' പ്രഖ്യാപിച്ച് എയർ അറേബ്യ; കരിപ്പൂരിൽ നിന്ന് യുഎഇയിലേക്ക് വെറും 6,038/- രൂപ
കമ്പനിയുടെ മുഴുവൻ നെറ്റ്‌വർക്കിലുമായി 10 ലക്ഷം (ഒരു മില്യൺ) സീറ്റുകൾക്കാണ് ഇളവുകൾ

ദുബൈ | ആകർഷകമായ ‘സൂപ്പർ സീറ്റ് സെയിൽ’ പ്രഖ്യാപിച്ച് എയർ അറേബ്യ. ഏർലി ബേർഡ് പ്രൊമോഷൻ പ്രകാരം കമ്പനിയുടെ മുഴുവൻ നെറ്റ്‌വർക്കിലുമായി 10 ലക്ഷം (ഒരു മില്യൺ) സീറ്റുകൾക്കാണ് ഇളവുകൾ നൽകുന്നത്.
ഈ പ്രൊമോഷനിൽ, ഇന്ത്യയിൽ നിന്ന് യുഎഇയിലെ മൂന്ന് വിമാനത്താവളങ്ങളിലേക്കും (ഷാർജ, അബുദാബി, റാസൽഖൈമ) അവിടുന്ന് മ്യൂണിക്ക്, പ്രാഗ്, മിലാൻ, വിയന്ന, വാഴ്സ, ഏതൻസ്, മോസ്കോ, ബാകു, ട്ബിലിസി, നെയ്റോബി, കെയ്‌റോ തുടങ്ങി മറ്റ് ലക്ഷ്യസ്ഥാനങ്ങളിലേക്കുമുള്ള നോൺ-സ്റ്റോപ്പ് വിമാനങ്ങൾ ഉൾപ്പെടുന്നു. ടിക്കറ്റ് നിരക്ക് ഒറ്റ യാത്രയ്ക്ക് ₹6,038/- മുതലാണ് ആരംഭിക്കുന്നത്.
2025 സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 12 വരെ ബുക്കിംഗ് നടത്തുന്നവർക്കാണ് ആനുകൂല്യം ലഭിക്കുക. 2026 ഫെബ്രുവരി 17 മുതൽ ഒക്ടോബർ 24 വരെയുള്ള യാത്രാ ബുക്കിംഗുകൾക്കാണ് ഇളവ്.
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, മുംബൈ, ഡൽഹി, അഹമ്മദാബാദ്, ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ, കൊൽക്കത്ത, ജയ്പൂർ, നാഗ്പൂർ, ഗോവ, കോയമ്പത്തൂർ, എന്നീ ഇന്ത്യൻ നഗരങ്ങളിൽ നിന്ന് യുഎഇയിലെ ഷാർജ, അബുദാബി, റാസൽഖൈമ എന്നിവിടങ്ങളിലേക്കും അതിനപ്പുറമുള്ള മറ്റ് രാജ്യങ്ങളിലേക്കുമുള്ള വിമാനങ്ങൾക്കാണ് ₹6,038/- നിരക്കിൽ ടിക്കറ്റ് ലഭിക്കുക.
യുഎഇ, മൊറോക്കോ, ഈജിപ്ത് എന്നിവിടങ്ങളിലെ അഞ്ച് തന്ത്രപ്രധാന കേന്ദ്രങ്ങളിൽ നിന്ന് 200-ൽ അധികം റൂട്ടുകളിൽ സർവീസ് നടത്തുന്ന എയർ അറേബ്യ, വ്യോമയാന മേഖലയിലെ ഒരു പ്രമുഖ സ്ഥാപനമായി തങ്ങളുടെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്തുകയാണ്. യാത്രക്കാർക്ക് മികച്ച യാത്രാനുഭവം, സുരക്ഷിതത്വം, വിശ്വസനീയത, മികച്ച മൂല്യം എന്നിവ ഉറപ്പാക്കുന്നതിൽ പ്രതിജ്ഞാബദ്ധമായ എയർ അറേബ്യ, നിരവധി അവാർഡുകൾ നേടിയ എയർലൈൻ കൂടിയാണ്.
കൂടുതൽ വിവരങ്ങൾ എയർ അറേബ്യ വെബ്സൈറ്റിൽ ലഭ്യമാണ്.