Connect with us

Kerala

2025ഓടെ പുതിയ എച്ച് ഐ വി അണുബാധ ഇല്ലാതാക്കുക ലക്ഷ്യം; സംസ്ഥാനത്ത് നടപടികള്‍ പുരോഗമിക്കുകയാണെന്ന് ആരോഗ്യ മന്ത്രി

Published

|

Last Updated

തിരുവനന്തപുരം | 2025ഓടെ പുതിയ എച്ച് ഐ വി അണുബാധ ഇല്ലാതാക്കുക ലക്ഷ്യം വച്ചുള്ള നടപടികള്‍ ആരോഗ്യ വകുപ്പ് സ്വീകരിച്ചു വരികയാണെന്ന് ആരോഗ്യ വകുപ്പു മന്ത്രി വീണാ ജോര്‍ജ്. 2030 ഓടു കൂടി ഈ ലക്ഷ്യം കൈവരിക്കാനാണ് ഐക്യരാഷ്ട്രസഭ സുസ്ഥിര വികസന ലക്ഷ്യങ്ങളിലൊന്നായി പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാല്‍, ആരോഗ്യ മേഖലയില്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ചിട്ടുള്ള കേരളത്തിന് അത് നേരത്തെ കൈവരിക്കാനാകും. ഇതിനായുള്ള നടപടികള്‍ക്ക് സംസ്ഥാനത്ത് ലോക എയ്ഡ്സ് ദിനത്തില്‍ തുടക്കം കുറിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. എച്ച് ഐ വി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുക, ഇതിനകം എച്ച് ഐ വി അണുബാധിതരായ എല്ലാവരെയും പരിശോധനയിലൂടെ കണ്ടെത്തി അവര്‍ക്ക് മതിയായ ചികിത്സയും പരിചരണവും നല്‍കുക തുടങ്ങിയവയിലൂടെ ലക്ഷ്യം നേടാന്‍ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ലോക എയ്ഡ്സ് ദിനത്തില്‍ സംസ്ഥാന ആരോഗ്യ വകുപ്പും എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയും സംയുക്തമായി സംസ്ഥാന, ജില്ലാ, താലൂക്ക് തലങ്ങളില്‍ വിപുലമായ പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. എയ്ഡ്സിനെ കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുക, എച്ച് ഐ വി അണുബാധിതരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുക, എച്ച് ഐ വി പ്രതിരോധത്തില്‍ പൊതുജന പങ്കാളിത്തം ഉറപ്പാക്കുക എന്നിവക്കായാണ് ഈ ദിനം ആചരിക്കുന്നത്. ‘അസമത്വങ്ങള്‍ അവസാനിപ്പിക്കാം, എയ്ഡ്സും മഹാമാരികളും ഇല്ലാതാക്കാം’ എന്നതാണ് ഈ വര്‍ഷത്തെ ലോക എയ്ഡ്സ് ദിന സന്ദേശം.

വര്‍ണ, വര്‍ഗ, ലിംഗ അസമത്വങ്ങള്‍ ഇല്ലാതാക്കിക്കൊണ്ടും സാമൂഹികവും സാമ്പത്തികവും സാംസ്‌കാരികവും നിയമപരവുമായ സമത്വം ഉറപ്പാക്കിക്കൊണ്ടും മാത്രമേ എയ്ഡ്സിനെയും കൊവിഡ് പോലെയുള്ള മഹാമാരികളെയും ഇല്ലാതാക്കാന്‍ സാധിക്കുകയുള്ളു എന്ന് ഈ സന്ദേശം ഓര്‍മപ്പെടുത്തുന്നു. കൊവിഡ് വെല്ലുവിളി സൃഷ്ടിച്ചിരിക്കുന്ന ഈ കാലഘട്ടത്തില്‍ സമഗ്രമായ പ്രവര്‍ത്തനങ്ങളിലൂടെ മാത്രമേ പുതിയ എച്ച് ഐ വി അണുബാധ കേരളത്തില്‍ ഇല്ലാതാക്കുന്നതിനും അണുബാധിതരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും കഴിയൂ.

ഒക്ടോബര്‍ വരെയുള്ള കണക്കനുസരിച്ച് 25,775 പേരാണ് സംസ്ഥാനത്ത് എച്ച് ഐ വി അണുബാധിതരായി ഉഷസ് കേന്ദ്രങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സംസ്ഥാനത്ത് മുതിര്‍ന്നവരിലെ എച്ച് ഐ വി അണുവ്യാപന തോത് 0.08 ശതമാനമാണെങ്കില്‍ ദേശീയ തലത്തില്‍ ഇത് 0.22 ആണ്. ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ എച്ച് ഐ വി അണുവ്യാപനത്തോത് കുറവാണ്. എന്നാല്‍, പുതിയ അണുബാധ ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തിലെത്താന്‍ ഇനിയും മുന്നോട്ട് പോകേണ്ടതുണ്ടെന്നും അതിനായി ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

 

---- facebook comment plugin here -----

Latest