Connect with us

Editors Pick

എ ഐ ചാറ്റ്ബോട്ടുകളെ സൂക്ഷിക്കുക; നിങ്ങളുടെ രഹസ്യങ്ങൾ പുറംലോകമറിയാൻ ഇടയുണ്ടെന്ന് മുന്നറിയിപ്പ്

നാം ചാറ്റ്ബോട്ടുകളിൽ ടൈപ്പ് ചെയ്യുന്ന ഓരോ വാക്കും ഒരുപക്ഷേ രഹസ്യമായ വിവരച്ചോർച്ചയ്ക്ക് കാരണമായേക്കാമെന്നാണ് മുന്നറിയിപ്പ്.

Published

|

Last Updated

ദുബൈ | ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ എ ഐ സാങ്കേതികവിദ്യ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറിക്കൊണ്ടിരിക്കെ, ഉപയോക്താക്കൾ ചാറ്റ്ബോട്ടുകളിൽ നൽകുന്ന വിവരങ്ങൾ വലിയ സുരക്ഷാ ഭീഷണി ഉയർത്തുന്നതായി റിപ്പോർട്ട്. നാം ചാറ്റ്ബോട്ടുകളിൽ ടൈപ്പ് ചെയ്യുന്ന ഓരോ വാക്കും ഒരുപക്ഷേ രഹസ്യമായ വിവരച്ചോർച്ചയ്ക്ക് കാരണമായേക്കാമെന്നാണ് മുന്നറിയിപ്പ്.

സൈബർ സുരക്ഷാ വിദഗ്ധർ ഇതിനെക്കുറിച്ച് ഗൗരവകരമായ മുന്നറിയിപ്പുകൾ നൽകുന്നു. എ ഐ സംവിധാനങ്ങൾ നൽകുന്ന സൗകര്യങ്ങൾക്കും വേഗതയ്ക്കും പിന്നിൽ വലിയ തോതിലുള്ള ഡാറ്റാ ചോർച്ച സാധ്യത ഒളിഞ്ഞിരിപ്പുണ്ട്. ഉപയോക്താക്കൾ നൽകുന്ന വിവരങ്ങൾ ഉപയോഗിച്ചാണ് ലാർജ് ലാംഗ്വേജ് മോഡലുകൾ സ്വയം പഠിക്കുന്നത്. വ്യക്തിഗത വിവരങ്ങളോ ബിസിനസ് പ്ലാനുകളോ ചാറ്റ്ബോട്ടുമായുള്ള സംഭാഷണം അവസാനിക്കുന്നതോടെ ഇല്ലാതാകുമെന്ന ധാരണ തെറ്റാണെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

സിഗ്നൽ ലീക്കേജ് എന്നാണ് ഈ പ്രതിഭാസത്തെ വിദഗ്ധർ വിളിക്കുന്നത്. സംഭാഷണങ്ങൾ അവസാനിച്ചാലും ഉപയോക്താവ് നൽകിയ ഡാറ്റയിലെ പാറ്റേണുകൾ എ ഐ സിസ്റ്റങ്ങൾ ആഗിരണം ചെയ്യുകയും അത് പിന്നീട് മറ്റ് ഉപയോക്താക്കൾക്കുള്ള മറുപടികളെ സ്വാധീനിക്കുകയും ചെയ്തേക്കാം. കമ്പനികൾ തങ്ങളുടെ റിപ്പോർട്ടുകൾ സംഗ്രഹിക്കാനും കോഡിംഗ് പിഴവുകൾ പരിഹരിക്കാനും പൊതുവായ എ ഐ പ്ലാറ്റ്‌ഫോമുകളെ ആശ്രയിക്കുന്നത് രഹസ്യ സ്വഭാവമുള്ള ഡാറ്റ പൊതു ഇടങ്ങളിലേക്ക് എത്തുന്നതിന് തുല്യമാണെന്ന് വിദഗ്ധർ പറയുന്നു. ഈ സാഹചര്യം കണക്കിലെടുത്ത് പല മുൻനിര സ്ഥാപനങ്ങളും പൊതു എ ഐ ടൂളുകളുടെ ഉപയോഗം നിയന്ത്രിക്കുകയോ നിരോധിക്കുകയോ ചെയ്തിട്ടുണ്ട്.

ജോലി സംബന്ധമായ കാര്യങ്ങൾക്ക് പുറമെ വ്യക്തിഗത ഉപദേശങ്ങൾക്കും ആരോഗ്യ സംബന്ധമായ സംശയങ്ങൾക്കും ആളുകൾ എ ഐ ഉപയോഗിക്കുന്നത് വർധിച്ചിട്ടുണ്ട്. എന്നാൽ ഇത്തരം പ്ലാറ്റ്‌ഫോമുകൾ വിവരങ്ങൾ എൻക്രിപ്റ്റ് ചെയ്യുന്നു എന്ന് അവകാശപ്പെടുമ്പോഴും പേരുകൾ, സ്ഥലങ്ങൾ, അല്ലെങ്കിൽ സവിശേഷമായ അനുഭവങ്ങൾ എന്നിവയിലൂടെ വ്യക്തികളെ തിരിച്ചറിയാൻ സാധിക്കുമെന്നത് സ്വകാര്യതയ്ക്ക് ഭീഷണിയാണ്.

പൊതുവായ ഇന്റർനെറ്റ് ഇടങ്ങളിൽ പങ്കുവെക്കാൻ ആഗ്രഹിക്കാത്ത പാസ്‌വേഡുകൾ, സാമ്പത്തിക വിവരങ്ങൾ, ഔദ്യോഗിക രേഖകൾ എന്നിവയൊന്നും എ ഐ ചാറ്റ്ബോട്ടുകളിൽ നൽകരുത് എന്നതാണ് ഇതിനുള്ള പരിഹാരമായി വിദഗ്ധർ നിർദ്ദേശിക്കുന്നത്.

Summary

Cybersecurity experts are issuing a global warning regarding the potential for sensitive data leaks through AI chatbot interactions. The report highlights a phenomenon called ‘signal leakage,’ where large language models learn from user prompts, potentially exposing confidential business or personal information. To ensure safety, users are advised to treat AI platforms as public spaces and avoid sharing any private credentials or professional secrets.