National
സുപ്രീം കോടതിയില്‍ നിന്നും തിരിച്ചടി; മീനാക്ഷി നടരാജന്റെ ഹരജി തള്ളി
ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദേശം
ന്യൂഡല്‍ഹി| രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശപത്രിക നിരസിച്ചതിനെതിരെ കോണ്‍ഗ്രസ് നേതാവായ മീനാക്ഷി നടരാജന്‍ സമര്‍പ്പിച്ച ഹരജി സുപ്രീംകോടതി തള്ളി. തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാന്‍ നിര്‍ദേശിച്ച് ജസ്റ്റിസുമാരായ പ്രശാന്ത് കുമാര്‍ മിശ്ര, എ.എസ് ചന്ദുര്‍ക്കര്‍ എന്നിവരുടെ ബെഞ്ച് ഹരജി തള്ളി. മധ്യപ്രദേശില്‍ നിന്നുള്ള മീനാക്ഷി നടരാജന്റെ രാജ്യസഭാ സ്ഥാനാര്‍ഥിത്വം തള്ളിയതിന് എതിരെയായിരുന്നു ഹരജി.
നിലവിലെ സാഹചര്യത്തില്‍ ഹരജി സ്വീകരിക്കാനാവില്ലെന്നാണ് സുപ്രീംകോടതിയുടെ നിലപാട്. ഫലപ്രഖ്യാപനം അടക്കം പൂര്‍ത്തിയായ സാഹചര്യത്തില്‍ ഹരജിയില്‍ ഇടപെടാന്‍ കോടതിക്ക് സാധിക്കില്ല. നേരത്തെ ഇത്തരത്തില്‍ ഇടപെട്ട സാഹചര്യം ഉണ്ടായിട്ടില്ല. അതുകൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷനെയോ ഹൈക്കോടതിയെയോ സമീപിക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു.
കോണ്‍ഗ്രസിന് ജയിക്കാന്‍ ആവശ്യമായ ഭൂരിപക്ഷമുള്ള സീറ്റിലാണ് മീനാക്ഷി നടരാജന്റെ നാമനിര്‍ദേശപത്രിക തള്ളിയത്. ജൂണ്‍ ഒമ്പതിന് നടത്തിയ സൂക്ഷ്മ പരിശോധനയിലാണ് പത്രിക തള്ളിയത്. തെലങ്കാനയിലെ ഒരു കേസ് സത്യവാങ്മൂലത്തില്‍ മറച്ചുവെച്ചു എന്ന് കാണിച്ച് ബിജെപി സ്ഥാനാര്‍ഥി മഹേഷ് കേവത് നല്‍കിയ പരാതിയിലാണ് വരണാധികാരി മീനാക്ഷിയുടെ പത്രിക തള്ളിയത്.
മധ്യപ്രദേശിലെ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ മൂന്ന് സ്ഥാനാര്‍ഥികളെയും വിജയികളായി ഇന്നലെ പ്രഖ്യാപിച്ചിരുന്നു. രജനീഷ് അഗര്‍വാള്‍, തരുണ്‍ ചുഗ്, മഹേഷ് കേവാട്ട് എന്നിവരെയാണ് വിജയികളായി പ്രഖ്യാപിച്ചത്. മൂവര്‍ക്കും വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റും കൈമാറിയിട്ടുണ്ട്.
Content Highlights:
The Supreme Court has dismissed the petition filed by Congress leader Meenakshi Natarajan challenging the rejection of her Rajya Sabha nomination. A vacation bench of the apex court directed her to approach the Election Commission or the High Court as the election process is already complete. Her nomination papers from Madhya Pradesh were rejected by the returning officer following an objection raised by a BJP candidate.







