Connect with us

From the print

അഹ്‌മദ്‌ കബീര്‍ സോഷ്യലിസ്റ്റ് ചേരിയിലേക്ക്

അരനൂറ്റാണ്ട് കാലത്തെ പ്രവര്‍ത്തന പാരമ്പര്യമുളള അദ്ദേഹത്തെ പാര്‍ട്ടി സംസ്ഥാന നേതൃത്വം കാര്യമായി പരിഗണിക്കാത്തതിനെ തുടര്‍ന്നാണ് സോഷ്യലിസ്റ്റ് ചേരിയില്‍ ചേക്കേറാനുള്ള നീക്കം ആരംഭിച്ചത്.

Published

|

Last Updated

ആലപ്പുഴ | മുസ്ലിം ലീഗ് സംസ്ഥാന നേതാവും മുന്‍ എം എല്‍ എയുമായ ടി എ അഹ്‌മദ്‌ കബീര്‍ സോഷ്യലിസ്റ്റ് ചേരിയിലേക്ക്. ലീഗ് നേതൃത്വവുമായി നാളുകളായി നിലനില്‍ക്കുന്ന അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് നീക്കമെന്നറിയുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കളമശ്ശേരി സീറ്റില്‍ പ്രതീക്ഷയര്‍പ്പിച്ചിരുന്ന അഹ്‌മദ്‌ കബീറിനെ തഴഞ്ഞ് ഇബ്‌റാഹീം കുഞ്ഞിന്റെ മകന്‍ ഗഫൂറിനെ സ്ഥാനാര്‍ഥിയാക്കുകയായിരുന്നു. എന്നാല്‍ ഗഫൂര്‍ പരാജയപ്പെട്ടതിന്റെ പേരില്‍ ഇബ്‌റാഹീംകുഞ്ഞ്-അഹ്‌മദ്‌ കബീര്‍ വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ പതിവായിരുന്നു.

ഇതിനിടെ, പാര്‍ട്ടി ജില്ലാ നേതൃത്വം പിടിക്കാന്‍ ഇരു വിഭാഗങ്ങളും തമ്മിലുള്ള പോരാട്ടം കോടതിയില്‍ വരെയെത്തി. അരനൂറ്റാണ്ട് കാലത്തെ പ്രവര്‍ത്തന പാരമ്പര്യമുളള അദ്ദേഹത്തെ പാര്‍ട്ടി സംസ്ഥാന നേതൃത്വം കാര്യമായി പരിഗണിക്കാത്തതിനെ തുടര്‍ന്നാണ് സോഷ്യലിസ്റ്റ് ചേരിയില്‍ ചേക്കേറാനുള്ള നീക്കം ആരംഭിച്ചത്. കഴിഞ്ഞ 21ന് കൊച്ചിയില്‍ നടന്ന സോഷ്യലിസ്റ്റുകളുടെ ഒത്തുചേരലില്‍ അഹ്‌മദ്‌ കബീര്‍ സംബന്ധിച്ചിരുന്നു.

ഡിഫീറ്റ് ബി ജെ പി, സേവ് ഇന്ത്യ മൂവ്‌മെന്റ് സംഘടിപ്പിച്ച ഒത്തുചേരലില്‍ മഹാത്മാ ഗാന്ധിയുടെ ചെറുമകന്‍ തുഷാര്‍ ഗാന്ധി, സന്ദീപ് പാണ്ഡെ തുടങ്ങിയവര്‍ സംബന്ധിച്ചിരുന്നു. പരിപാടിയുടെ സംഘാടകരില്‍ അഹ്‌മദ്‌ കബീര്‍ ഇടംപിടിച്ചത് തന്നെ, സോഷ്യലിസ്റ്റ് ചേരിയിലേക്കുളള അദ്ദേഹത്തിന്റെ ചുവടുമാറ്റമായാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ ലീഗിനോട് വിടചൊല്ലി സോഷ്യലിസ്റ്റ് ചേരിയില്‍ സജീവമാകണമെന്ന നേതൃത്വത്തിന്റെ ആവശ്യം അദ്ദേഹം പൂര്‍ണമായി അംഗീകരിച്ചിട്ടില്ല. അധികം വൈകാതെ തന്നെ അദ്ദേഹം സോഷ്യലിസ്റ്റ് ചേരിയില്‍ എത്തിച്ചേരുമെന്ന് തന്നെയാണ് കരുതുന്നത്. അങ്ങനെ സംഭവിച്ചാല്‍ എറണാകുളത്ത് ലീഗിന്റെ നിലനില്‍പ്പ് തന്നെ ഭീഷണിയാകുമെന്നും വിലയിരുത്തുന്നവരുണ്ട്.

50 വര്‍ഷത്തിലധികമായി ലീഗില്‍ പ്രവര്‍ത്തിക്കുന്ന അഹ്‌മദ്‌ കബീറിന് അര്‍ഹമായ സ്ഥാനങ്ങള്‍ പാര്‍ട്ടിയിലോ പാര്‍ലിമെന്ററി രംഗത്തോ നല്‍കാന്‍ നേതൃത്വം തയ്യാറായിട്ടില്ലെന്ന് അദ്ദേഹത്തെ പിന്തുണക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു.

എറണാകുളം ജില്ലയിലെ ലീഗ് നേതൃത്വം അഹ്‌മദ്‌ കബീറിന്റെ നിയന്ത്രണത്തിലായിരുന്നു. വലിയൊരു അനുയായി വൃന്ദം അദ്ദേഹത്തോടൊപ്പമുണ്ടെന്നത് പാര്‍ട്ടി നേതൃത്വത്തിനും തലവേദനയാണ്. പാര്‍ട്ടി തിരഞ്ഞെടുപ്പില്‍ എറണാകുളം ജില്ലാ ഭാരവാഹികളെ സംസ്ഥാന നേതൃത്വം ഏകപക്ഷീയമായി പ്രഖ്യാപിച്ചതില്‍ അഹ്‌മദ്‌ കബീര്‍ വിഭാഗത്തിന് കടുത്ത അതൃപ്തിയുണ്ട്. നേതൃത്വത്തിന്റെ തീരുമാനത്തില്‍ പാര്‍ട്ടിയുടെ താഴെതട്ടിലും പ്രതിഷേധം ഇപ്പോഴും നിലനില്‍ക്കുന്നു. ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനായി ഫെബ്രുവരിയില്‍ കളമശ്ശേരിയില്‍ ചേര്‍ന്ന ജില്ലാ സമ്മേളനം കൈയാങ്കളിയിലെത്തിയിരുന്നു. പ്രശ്‌നം കോടതി കയറിയതോടെ നേതൃത്വം സമവായത്തിനിറങ്ങുകയായിരുന്നു. ജില്ലാ കൗണ്‍സില്‍ തിരഞ്ഞെടുപ്പ് നടത്താതെ സംസ്ഥാന കൗണ്‍സില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ കഴിയാതായപ്പോള്‍ നേതൃത്വം അംഗങ്ങളുടെയെല്ലാം ഒപ്പ് വാങ്ങി രമ്യതയിലെത്തിക്കുകയായിരുന്നു.

ജില്ലാ സമ്മേളനം വിളിച്ച് മെന്പര്‍ഷിപ്പിന്റെ അടിസ്ഥാനത്തില്‍ ഭാരവാഹികളെ ജൂണ്‍ 30നകം തിരഞ്ഞെടുക്കുമെന്ന് നേതൃത്വം അന്ന് ഉറപ്പ് നല്‍കിയിരുന്നെങ്കിലും അതെല്ലാം അട്ടിമറിച്ച്, ഏകപക്ഷീയമായി ഭാരവാഹികളെ പ്രഖ്യാപിക്കുകയായിരുന്നു. സംസ്ഥാന അധ്യക്ഷന്‍ സയ്യിദ് സ്വാദിഖലി തങ്ങളാണ് പുതിയ ജില്ലാ കമ്മിറ്റിയെ പ്രഖ്യാപിച്ചത്. അഹ്‌മദ്‌ കബീര്‍ വിഭാഗക്കാരനായ നിലവിലെ ജനറല്‍ സെക്രട്ടറി ഹംസ പറക്കാട്ടിനെ ജില്ലാ പ്രസിഡന്റാക്കിയെങ്കിലും ജനറല്‍ സെക്രട്ടറിയായി ഇബ്‌റാഹീം കുഞ്ഞിന്റെ മകന്‍ വി ഇ അബ്ദുല്‍ ഗഫൂറിനെ പ്രഖ്യാപിച്ചതിലാണ് ഏറെ പ്രതിഷേധം.

 

Latest