Ongoing News
മുന്നിലുണ്ടായിരുന്നത് ചെറിയ സ്‌കോര്‍; എന്നിട്ടും തോറ്റ് ബാംഗ്ലൂര്‍
രാജസ്ഥാന്‍ റോയല്‍സ് മുന്നോട്ടു വച്ച 145 റണ്‍സിലേക്ക് ബാറ്റേന്തിയ ബാംഗ്ലൂര്‍ നിശ്ചിത ഓവര്‍ അവസാനിക്കാന്‍ മൂന്ന് പന്തുകള്‍ ബാക്കിയിരിക്കെ 115ല്‍ ഇടറി വീണു. 29 റണ്‍സിനാണ് രാജസ്ഥാന്‍ വിജയം ആഘോഷിച്ചത്.

മുംബൈ | ഐ പി എലില്‍ ചെറിയ സ്‌കോര്‍ പിന്തുടര്‍ന്നിട്ടും ലക്ഷ്യത്തിലെത്താനാകാതെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. രാജസ്ഥാന്‍ റോയല്‍സ് മുന്നോട്ടു വച്ച 145 റണ്‍സിലേക്ക് ബാറ്റേന്തിയ ബാംഗ്ലൂര്‍ നിശ്ചിത ഓവര്‍ അവസാനിക്കാന്‍ മൂന്ന് പന്തുകള്‍ ബാക്കിയിരിക്കെ 115ല്‍ ഇടറി വീണു. 29 റണ്‍സിനാണ് രാജസ്ഥാന്‍ വിജയം ആഘോഷിച്ചത്.
കുല്‍ദീപ് സെന്‍, രവിചന്ദ്രന്‍ അശ്വിന്‍ എന്നിവരുടെ കിടയറ്റ ബൗളിംഗാണ് രാജസ്ഥാന്‍ റോയല്‍സിന് വിജയം സമ്മാനിച്ചത്. 3.3 ഓവര്‍ എറിഞ്ഞ കുല്‍ദീപ് 20 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് ബാംഗ്ലൂര്‍ വിക്കറ്റുകളാണ് കടപുഴക്കിയത്. നാലോവര്‍ ബൗള്‍ ചെയ്ത അശ്വിന്‍ 17 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തു. പ്രസിദ് കൃഷ്ണ രണ്ട് വിക്കറ്റ് സ്വന്തമാക്കി. ബാംഗ്ലൂരിന്റെ റണ്‍ വേട്ടക്കാര്‍ക്കൊന്നും ഇന്നത്തെ മത്സരത്തില്‍ ശോഭിക്കാനായില്ല. 21 പന്തില്‍ 23 റണ്‍സെടുത്ത ഫാഫ് ഡുപ്ലെസി, 13ല്‍ 18 നേടിയ വനിന്ദു ഹസരംഗ എന്നിവരാണ് കുറച്ചെങ്കിലും പിടിച്ചുനിന്നത്. ഷഹബാസ് അഹമ്മദ് 27ല്‍ 17 റണ്‍സെടുത്തു.
നേരത്തെ, റിയാന്‍ പരാഗ് (31 പന്തില്‍ 56), സഞ്ജു സാംസണ്‍ (21ല്‍ 27), രവിചന്ദ്രന്‍ അശ്വിന്‍ (ഒമ്പതില്‍ 17) എന്നിവരുടെ പ്രകടനമാണ് രാജസ്ഥാനെ 145ല്‍ എങ്കിലും എത്തിക്കാന്‍ സഹായിച്ചത്. ഇതിനിടയില്‍ എട്ട് വിക്കറ്റുകള്‍ ബലികഴിക്കപ്പെട്ടു. ബാംഗ്ലൂരിനു വേണ്ടി ജോഷ് ഹേസല്‍വുഡ്, വനിന്ദു ഹസരംഗ, മുഹമ്മദ് സിറാജ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി.