Connect with us

Kerala

ഈ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഇടതുപക്ഷം ഇല്ലാതാവും, വർഗീയതയുടെ അദൃശ്യ കരങ്ങളാണ് എൽ ഡി എഫിനെ നയിക്കുന്നത്: രാഹുല്‍ ഗാന്ധി

ജി സുധാകരന്റെ തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു രാഹുലിന്റെ വിമര്‍ശനം.

Published

|

Last Updated

ആലപ്പുഴ| ഇടതുപക്ഷത്തെയും കേന്ദ്രസര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഈ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഇടതുപക്ഷം ഇല്ലാതാവും. ഇടതുപക്ഷത്തെ മുന്നോട്ട് നയിക്കുന്നത് വർഗീയതയുടെ അദൃശ്യ കരമാണെന്നും കേരളത്തിൽ ബിജെപി- സിപിഎം ബന്ധമുണ്ടെന്നും രാഹുൽ‍ ​ഗാന്ധി പറഞ്ഞു. സി പി എമ്മിലെ മുതിര്‍ന്ന നേതാവായിരുന്ന ജി സുധാകരന്‍ കോണ്‍ഗ്രസ് വേദിയിലെത്തിയത് എല്‍ ഡി എഫിന് സംഭവിച്ച അടിസ്ഥാനപരമായ മാറ്റങ്ങള്‍ കാരണമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജി സുധാകരന്റെ തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു രാഹുലിന്റെ വിമര്‍ശനം.

ഇടതുപക്ഷത്തുള്ളത് രണ്ട് വിഭാഗം നേതാക്കളാണ്. ഒന്ന് അവസരവാദ നിലപാടുള്ള നേതാക്കള്‍. ഇവര്‍ക്ക് ബിജെപി എന്നല്ല, ആരുടെ സഹായം കിട്ടിയാലും കുഴപ്പമില്ല. എങ്ങനെയെങ്കിലും അധികാരത്തില്‍ എത്തിയാല്‍ മതി. മറ്റൊരു വിഭാഗം നേതാക്കള്‍, ഇടത് പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്നവരാണ്. ആ വിഭാഗം ഇന്ന് ചതിക്കപ്പെട്ടുവെന്നും വഞ്ചിക്കപ്പെട്ടുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ബി ജെ പിയെയും നരേന്ദ്ര മോദിയും എന്നെയും കോണ്‍ഗ്രസിനെയും വേട്ടയാടുകയാണ്. ആര്‍ എസ് എസിനെ എതിര്‍ക്കുന്ന എന്റെ പേരില്‍ 38 കേസുകളാണ് ഉളളത്. എന്തുകൊണ്ടാണ് കേരള മുഖ്യമന്ത്രിയെ തൊടാത്തത്. അയ്യപ്പന്റെ സ്വര്‍ണമാണ് ഇവിടെ കവര്‍ന്നത്. കേരളത്തില്‍ വന്ന പ്രധാനമന്ത്രി ഇതിനെക്കുറിച്ച് ഒന്നും മിണ്ടിയില്ല. മോദി ദൈവത്തെപ്പോലും മറന്നു.

ഇടതുപക്ഷത്തെയും മുഖ്യമന്ത്രിയെയും സഹായിക്കുകയാണ് മോദിയുടെ ലക്ഷ്യം. ഇടതുപക്ഷം രാജ്യത്ത് ബി ജെ പിക്ക് വെല്ലുവിളിയാകില്ലെന്ന് മോദിക്കറിയാം. എന്നെ ആക്രമിക്കുന്ന മോദി എന്തുകൊണ്ട് നിങ്ങളുടെ മുഖ്യമന്ത്രിയെ ആക്രമിക്കുന്നില്ല. എന്തുകൊണ്ട് മുഖ്യമന്ത്രിയുടെ കുടുംബത്തെ ആക്രമിക്കുന്നില്ല രാഹുല്‍ ഗാന്ധി പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇന്നാണ് രാഹുല്‍ഗാന്ധി കേരളത്തിലെത്തിയത്. പാലക്കാട്, എറണാകുളം, ആലപ്പുഴ ജില്ലകളിലെ പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കും.

---- facebook comment plugin here -----

Latest