Articles
അട്ടിമറികള്‍ക്കൊടുവില്‍ വംഗനാടും വീണു
ദേശീയതലത്തിലുള്ള പ്രതിപക്ഷ ഐക്യത്തെ സംസ്ഥാനത്ത് തൊട്ടുകൂടായ്മയായി കണ്ടിരുന്ന നിലപാട് മമതക്ക് ദോഷം ചെയ്തു. കോണ്‍ഗ്രസ്സിനെയും സി പി എം ഉള്‍പ്പെട്ട ഇടതു മുന്നണിയെയും കൂടെ നിര്‍ത്തിയിരുന്നെങ്കില്‍ ബി ജെ പി ബംഗാളില്‍ നിലം തൊടില്ലായിരുന്നു. മുസ്ലിം വിഭാഗവും മമതയില്‍ നിന്ന് ഇത്തവണ അകന്നു. ഒച്ചവെക്കുന്നതല്ലാതെ മുസ്ലിംകളുടെ വിഷയങ്ങള്‍ പരിഹരിക്കുന്നതില്‍ മമത താത്പര്യം കാട്ടിയിരുന്നില്ല.
ജനഹിതത്തിലൂടെയല്ല, ഗൂഢാലോചനയിലൂടെയാണ് ബംഗാളില്‍ ബി ജെ പി ജയിച്ചതെന്ന തൃണമൂല്‍ കോണ്‍ഗ്രസ്സ് നേതാവ് മമതാ ബാനര്‍ജിയുടെ പ്രസ്താവന പരാജയപ്പെട്ട ഒരു രാഷ്ട്രീയ നേതാവിന്റെ പതിവ് ആരോപണമായി തള്ളിക്കളയേണ്ട ഒന്നല്ല. എന്നാല്‍ ബി ജെ പിയുടെ ചരിത്ര വിജയം മമതയുടെ ഭരണവീഴ്ചയുടെയും അമിത പ്രതീക്ഷയുടെയും കൂടി കാരണമാണ്. പ്രതിപക്ഷ ഐക്യത്തിന് അവര്‍ വില കൊടുത്തില്ല. ന്യൂനപക്ഷ വിഭാഗത്തെ ചേര്‍ത്തു നിര്‍ത്തുന്നതിലും മമത താത്പര്യം കാട്ടിയില്ല.
ബംഗാളില്‍ ബി ജെ പി അധികാരത്തിലെത്തുന്നത് ഇതാദ്യമായാണ്. 23 വര്‍ഷത്തിലേറെ കാലം സി പി എം നേതൃത്വത്തിലുള്ള ഇടതു മുന്നണിയും 15 വര്‍ഷമായി തൃണമൂല്‍ കോണ്‍ഗ്രസ്സും ഭരണം നടത്തിയ സംസ്ഥാനം ബി ജെ പിയുടെ കൈകളിലെത്തിയിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും നേതൃത്വത്തില്‍ സംസ്ഥാനത്തെ കാവി പുതപ്പിക്കാനുള്ള ശ്രമം ആരംഭിച്ചിട്ട് ഒരു ദശകത്തോളമായി. തൃണമൂല്‍ കോണ്‍ഗ്രസ്സില്‍ നിന്നും കോണ്‍ഗ്രസ്സില്‍ നിന്നും സി പി എമ്മില്‍ നിന്നും പലരെയും ചാക്കിട്ടു പിടിച്ചു. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭരണം സ്വപ്നം കണ്ട ബി ജെ പിക്ക് 77 സീറ്റ് നേടി പ്രതിപക്ഷത്തിരിക്കേണ്ടിവന്നു. 294 സീറ്റുള്ള നിയമസഭയില്‍ 216 സീറ്റ് നേടി മമതാ ബാനര്‍ജി ഭരണം നിലനിര്‍ത്തി. എന്നാല്‍ ഈ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ തോല്‍വി ദയനീയമായിരുന്നു. ഇത്തവണ ബി ജെ പി ജയിച്ചത് 207 സീറ്റിലാണ്. തൃണമൂല്‍ കോണ്‍ഗ്രസ്സിന് 80 സീറ്റുകള്‍ മാത്രമേ നേടാനായുള്ളൂ.
മുഖ്യമന്ത്രിപദം രാജിവെക്കില്ല എന്ന മമതയുടെ പ്രസ്താവന വെറുതെയാണ്. ബി ജെ പി ഇതര പാര്‍ട്ടികള്‍ക്ക് അനഭിമതനായ ആര്‍ എന്‍ രവിയെ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന്റെ ആഴ്ചകള്‍ക്ക് മുമ്പ് തമിഴ്നാട്ടില്‍ നിന്ന് പശ്ചിമ ബംഗാള്‍ ഗവര്‍ണറായി മോദി സര്‍ക്കാര്‍ നിയമിച്ചത് ഒന്നും കാണാതെ അല്ല. തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട മുഖ്യമന്ത്രിയെ പിരിച്ചുവിടാന്‍ ഗവര്‍ണര്‍ക്ക് ഭരണഘടന മൊത്തം വായിച്ചു നോക്കേണ്ടതില്ല.
ഭരണം പിടിക്കാനായി വര്‍ഗീയ കാര്‍ഡിറക്കിയും സംസ്ഥാനത്തെ വലിയൊരു വിഭാഗം ജനതയെ നുഴഞ്ഞുകയറ്റക്കാരായി മുദ്രകുത്തിയും ബി ജെ പി ആരംഭിച്ച ശ്രമം തിരഞ്ഞെടുപ്പ് കമ്മീഷനെയും ഇ ഡി- സി ബി ഐ – എന്‍ ഐ എ തുടങ്ങി മുഴുവന്‍ കേന്ദ്ര ഏജന്‍സികളെയും ദുരുപയോഗപ്പെടുത്തിയതിലൂടെ ലക്ഷ്യം നേടിയിരിക്കുകയാണ്. ബംഗാളില്‍ എസ് ഐ ആര്‍ പൂര്‍ത്തിയാക്കിയത് അസാധാരണ തിടുക്കത്തോടെയായിരുന്നു. 91 ലക്ഷം പേരെ വോട്ടര്‍പ്പട്ടികയില്‍ നിന്ന് ഒഴിവാക്കി. ഇതിനെ ചോദ്യം ചെയ്ത് 27 ലക്ഷം പേര്‍ക്ക് വേണ്ടി സുപ്രീം കോടതിയെ സമീപിച്ചു. സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരം പരാതി പരിഹരിക്കാന്‍ ട്രൈബ്യൂണല്‍ രൂപവത്കരിച്ചെങ്കിലും സമയക്കുറവു കാരണം അതില്‍ തീരുമാനമെടുക്കാന്‍ കഴിഞ്ഞില്ല. ഇതുകാരണം വലിയൊരു വിഭാഗത്തിന് വോട്ട് ചെയ്യാതെ മാറിനില്‍ക്കേണ്ടി വന്നു. വോട്ടുകള്‍ വെട്ടിമാറ്റിയത് ഉദ്യോഗസ്ഥരുടെ താത്പര്യങ്ങള്‍ക്കനുസരിച്ചും നിര്‍മിത ബുദ്ധിയുടെ സഹായത്തോടെയുമായിരുന്നു. പട്ടികയില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടവരില്‍ കൂടുതല്‍ മുസ്ലിം വിഭാഗത്തില്‍ നിന്നുള്ള വോട്ടര്‍മാരാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. മമതാ ബാനര്‍ജി മത്സരിച്ച ഭവാനിപൂര്‍ മണ്ഡലത്തില്‍ നിന്ന് മാത്രം വെട്ടിയത് 47,000 വോട്ടുകളാണ്. ഇവിടെ നിന്ന് ബി ജെ പിയിലെ സുവേന്ദു അധികാരി ജയിച്ചത് 15,105 വോട്ടുകള്‍ക്കാണ്.
സ്വതന്ത്രവും നീതിപൂര്‍വകവുമായ തിരഞ്ഞെടുപ്പെന്ന പ്രക്രിയ പശ്ചിമ ബംഗാളില്‍ നഗ്നമായി അട്ടിമറിക്കപ്പെട്ടു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ സുതാര്യമല്ലാത്ത നിലപാടും ഏകപക്ഷീയമായ നടപടികളും ബി ജെ പിക്ക് സഹായകമായി. കീഴ്വഴക്കങ്ങള്‍ക്ക് വിരുദ്ധമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. സംസ്ഥാന ചീഫ് സെക്രട്ടറി നന്ദിനി ചക്രവര്‍ത്തി, ആഭ്യന്തര സെക്രട്ടറി ജഗദീഷ് പ്രസാദ് മീണ, സംസ്ഥാന പോലീസ് ഡയറക്ടര്‍ ജനറല്‍ പിയൂഷ് പാണ്ഡെ, കൊല്‍ക്കത്ത പോലീസ് കമ്മീഷണര്‍ സുപ്രതിം സര്‍ക്കാര്‍ എന്നിവരെ സ്ഥലം മാറ്റി. സാധാരണ ചീഫ് സെക്രട്ടറി, ഡി ജി പി എന്നിവരെ സ്ഥലം മാറ്റുന്നത് സംസ്ഥാന സര്‍ക്കാറുമായി കൂടിയാലോചിച്ചാണ്. എന്നാല്‍ ചട്ടം മറികടന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. ഏറ്റവും ഒടുവില്‍ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ സംസ്ഥാന ഉദ്യോഗസ്ഥര്‍ക്ക് പകരം കേന്ദ്ര ജീവനക്കാരെ നിയമിച്ചുകൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുതിയൊരു കീഴ്വഴക്കവും സൃഷ്ടിച്ചു.
ദേശീയതലത്തിലുള്ള പ്രതിപക്ഷ ഐക്യത്തെ സംസ്ഥാനത്ത് തൊട്ടുകൂടായ്മയായി കണ്ടിരുന്ന നിലപാട് മമതക്ക് ദോഷം ചെയ്തു. കോണ്‍ഗ്രസ്സിനെയും സി പി എം ഉള്‍പ്പെട്ട ഇടതു മുന്നണിയെയും കൂടെ നിര്‍ത്തിയിരുന്നെങ്കില്‍ ബി ജെ പി ബംഗാളില്‍ നിലം തൊടില്ലായിരുന്നു. മുസ്ലിം വിഭാഗവും മമതയില്‍ നിന്ന് ഇത്തവണ അകന്നു. ഒച്ചവെക്കുന്നതല്ലാതെ മുസ്ലിംകളുടെ വിഷയങ്ങള്‍ പരിഹരിക്കുന്നതില്‍ മമത താത്പര്യം കാട്ടിയിരുന്നില്ല. 2011ല്‍ മമതാ ബാനര്‍ജിയെ അധികാരത്തിലെത്തിച്ചത് ഇടതുമുന്നണിയില്‍ നിന്ന് തൃണമൂല്‍ കോണ്‍ഗ്രസ്സിലേക്ക് മറിഞ്ഞ മുസ്ലിം വോട്ടുകളായിരുന്നു. 2024ലെ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പ് വരെ മുസ്ലിംകള്‍ മമതയോടൊപ്പം നിന്നു. പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ 42ല്‍ 29 മണ്ഡലങ്ങളില്‍ വിജയിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്സ് കരുത്ത് നിലനിര്‍ത്തി.
എന്നാല്‍ ഇത്തവണ മുസ്ലിം വോട്ടര്‍മാരെ കൂടെ നിര്‍ത്താന്‍ മമതക്ക് സാധിച്ചില്ല. വോട്ടര്‍പ്പട്ടിക പരിഷ്‌കരണത്തിലൂടെ (എസ് ഐ ആര്‍) വന്‍തോതില്‍ മുസ്ലിം വോട്ടുകള്‍ നീക്കം ചെയ്യപ്പെട്ടത് പുനഃസ്ഥാപിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ്സ് വേണ്ടത്ര താത്പര്യം കാണിച്ചില്ല എന്നും സംസ്ഥാന ഖജനാവിലെ പണം ഉപയോഗിച്ച് ക്ഷേത്രങ്ങള്‍ നിര്‍മിച്ച മമത, മുസ്ലിം പ്രദേശങ്ങളിലെ അടിസ്ഥാന വികസന കാര്യങ്ങളില്‍ പോലും താത്പര്യം കാണിക്കുന്നില്ലെന്നും പരാതിയുണ്ട്.
മുസ്ലിം വോട്ടുകള്‍ ഇത്തവണ ഇടതുപക്ഷ- ഐ എസ് എഫ് സഖ്യം, കോണ്‍ഗ്രസ്സ്, ഹുമയൂണ്‍ കബീറിന്റെ എ ജെ യു പി എന്നീ പാര്‍ട്ടികളില്‍ വിഭജിക്കപ്പെട്ടു. ഈ വിഭജനം ബി ജെ പിക്ക് ഗുണം ചെയ്തു. 50 ശതമാനം മുസ്ലിം വോട്ടര്‍മാരുള്ള മാള്‍ഡ ജില്ലയിലെ 12ല്‍ ആറ് സീറ്റില്‍ ബി ജെ പി സ്ഥാനാര്‍ഥികള്‍ വിജയിച്ചു. എല്ലാ മണ്ഡലങ്ങളിലും ചതുര്‍കോണ, പഞ്ചകോണ മത്സരങ്ങളായിരുന്നു. തൊട്ടടുത്ത് മുര്‍ശിദാബാദ് ജില്ലയിലും സമാന നിലയായിരുന്നു. 70 ശതമാനം മുസ്ലിം ജനസംഖ്യയുള്ള മുര്‍ശിദാബാദിലെ 22 സീറ്റുകളില്‍ എട്ടിലും വിജയിച്ചത് ബി ജെ പി സ്ഥാനാര്‍ഥികളായിരുന്നു.
മാള്‍ഡയിലെ മണിക്ചക് സീറ്റില്‍ ബി ജെ പിയുടെ ഗൗര്‍ ചന്ദ്ര മണ്ഡല്‍ തൃണമൂലിന്റെ കബിത മണ്ഡലിനെ തോല്‍പ്പിച്ചത് 13,938 വോട്ടുകള്‍ക്കാണ്. അതേസമയം ഇവിടെ മത്സരിച്ച കോണ്‍ഗ്രസ്സ്, സി പി എം സ്ഥാനാര്‍ഥികള്‍ക്ക് പതിനയ്യായിരത്തിലേറെ വോട്ടുകള്‍ ലഭിച്ചു. മുര്‍ശിദാബാദിലെ ജംഗിപൂരില്‍ ടി എം സിയുടെ സിറ്റിംഗ് എം എല്‍ എ സാക്കിര്‍ ഹുസൈന്‍ ബി ജെ പിയുടെ ചിറ്റ മുഖര്‍ജിയോട് പരാജയപ്പെട്ടത് 10,542 വോട്ടുകള്‍ക്കാണ്. ഇവിടെ മത്സരിച്ച കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥിക്ക് ലഭിച്ചത് 31,630 വോട്ടുകളാണ്.
നോഡ, റെജിനഗര്‍ എന്നീ രണ്ട് മണ്ഡലത്തില്‍ മത്സരിച്ച എ ജെ യു പി നേതാവ് ഹുമയൂണ്‍ കബീര്‍ രണ്ട് സീറ്റുകളിലും വിജയിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ്സില്‍ നിന്ന് രാജിവെച്ച് ബി ജെ പിയുമായി സഹകരിച്ച ഹുമയൂണ്‍ കബീര്‍ സ്വന്തം പാര്‍ട്ടി രൂപവത്കരിച്ചത് മുസ്ലിം വോട്ടുകള്‍ ഭിന്നിപ്പിച്ച് ബി ജെ പിയെ സഹായിക്കാനാണെന്ന ആരോപണമുണ്ടായിരുന്നു. ആരോപണത്തെ ബലപ്പെടുത്തുന്ന ബി ജെ പി നേതാവുമായുള്ള ഹുമയൂണ്‍ കബീറിന്റെ വോയ്സ് മെസ്സേജ് പുറത്തുവന്നിരുന്നു. സൗത്ത് 24 പര്‍ഗാനാസിലെ ഭംഗര്‍ മണ്ഡലം ഇന്ത്യന്‍ സെക്യുലര്‍ ഫ്രണ്ടിന്റെ (ഐ എസ് എഫ്) നൗശാദ് സിദ്ദീഖ് നിലനിര്‍ത്തി. മുസ്ലിം വോട്ടുകള്‍ വിഭജിക്കപ്പെട്ടപ്പോള്‍ ഹിന്ദു വോട്ടുകള്‍ ഏകീകരിക്കാനുള്ള ബി ജെ പി ശ്രമം പകുതി വിജയിക്കുകയും ചെയ്തു.
നിലവിലെ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയെയാണ് ബി ജെ പി മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടുന്നത്. ഭവാനിപൂരില്‍ നിന്ന് ജയിച്ച സുവേന്ദു അധികാരി തനിക്ക് വോട്ട് ചെയ്തവരെല്ലാം ഹിന്ദുക്കളാണെന്നും താന്‍ അവരെയാണ് പരിഗണിക്കുക എന്നും ബി ജെ പിയിലെ തീവ്ര ഹിന്ദുത്വവാദികളെ സുഖിപ്പിക്കുന്ന പ്രസ്താവന നടത്തുകയുണ്ടായി. എന്നാല്‍ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ സമിക് ഭട്ടാചാര്യ, പാര്‍ട്ടിയുടെ മുന്‍ ദേശീയ വൈസ് പ്രസിഡന്റ് ദിലീപ് ഘോഷ്, രാഷ്ട്രീയ നിരീക്ഷകനും കോളമിസ്റ്റുമായ ദാസ്ഗുപ്ത എന്നിവരുടെ പേരുകളും പാര്‍ട്ടിയുടെ പരിഗണനയിലാണ്.
നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയം തൃണമൂല്‍ കോണ്‍ഗ്രസ്സില്‍ അപസ്വരമുയരാന്‍ കാരണമായിട്ടുണ്ട്. സിറ്റിംഗ് എം എല്‍ എമാരില്‍ 70 പേര്‍ക്ക് ഇത്തവണ സീറ്റ് നല്‍കിയിരുന്നില്ല. അതില്‍ ഒരാള്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും മമതാ ബാനര്‍ജി സര്‍ക്കാറിലെ കായിക സഹമന്ത്രിയുമായ മനോജ് തിവാരിയാണ്. ഇദ്ദേഹം പാര്‍ട്ടി നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുകയാണ്. മമതാ ബാനര്‍ജി ആവശ്യപ്പെട്ട അഞ്ച് കോടി രൂപ നല്‍കാത്തതു കൊണ്ടാണ് തനിക്ക് ഹൗറയിലെ ശിബ്പൂര്‍ സീറ്റ് നിഷേധിച്ചതെന്നും ഇത്തവണ പല സ്ഥാനാര്‍ഥികള്‍ക്കും ടിക്കറ്റ് ലഭിച്ചത് അവര്‍ വലിയ തുക നല്‍കിയതുകൊണ്ടാണെന്നും മനോജ് തിവാരി ആരോപിക്കുന്നു. തൃണമൂല്‍ സര്‍ക്കാറിനെതിരെ അഴിമതി ആരോപണം ഉന്നയിക്കാറുള്ള ബി ജെ പി മനോജ് തിവാരിയുടെ ആരോപണം വരും ദിവസങ്ങളില്‍ മമതയെ അടിക്കാനുള്ള വടിയായി ഉപയോഗിച്ചേക്കാം.







