Connect with us

Kerala

അടൂര്‍ പോലീസ് സ്റ്റേഷന്‍ അതിക്രമം; ശ്രീനാദേവിയടക്കമുളളവര്‍ മുന്‍കൂര്‍ ജാമ്യം തേടി കോടതിയില്‍

ശ്രീനാദേവിയെ കൂടാതെ അടൂര്‍ നഗരസഭാ കൗണ്‍സിലര്‍ നസ്മല്‍ കാവിളയില്‍, യൂത്ത് കോണ്‍ഗ്രസ്സ് നേതാക്കളായി ഫെന്നി നൈനാന്‍, അബിന്‍ ശവിദാസ് എന്നിവരും ഉള്‍പ്പെടെ എട്ടുപേരാണ് ജാമ്യം തേടി പത്തനംതിട്ട ജില്ലാ കോടതിയെ സമീപിച്ചിട്ടുള്ളത്.

Published

|

Last Updated

പത്തനംതിട്ട | അടൂര്‍ പോലീസ് സ്റ്റേഷന്‍ അതിക്രമ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവിയടക്കമുളളവര്‍ മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചു. ശ്രീനാദേവിയെ കൂടാതെ അടൂര്‍ നഗരസഭാ കൗണ്‍സിലര്‍ നസ്മല്‍ കാവിളയില്‍, യൂത്ത് കോണ്‍ഗ്രസ്സ് നേതാക്കളായി ഫെന്നി നൈനാന്‍, അബിന്‍ ശവിദാസ് എന്നിവരും ഉള്‍പ്പെടെ എട്ടുപേരാണ് ജാമ്യം തേടി പത്തനംതിട്ട ജില്ലാ കോടതിയെ സമീപിച്ചിട്ടുള്ളത്. മുന്‍കൂര്‍ ജാമ്യം നേടി അറസ്റ്റ് ഒഴിവാക്കാന്‍ പ്രതികള്‍ ശ്രമിക്കുമ്പോള്‍ ഇതിന് സഹായകമായ രീതിയിലാണ് പോലീസിന്റെ സമീപനവും. പ്രതികള്‍ എല്ലാം ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്. എല്ലാവരുടെയും ഫോണ്‍ സ്വിച്ചോഫ് ആണ്.

ജീപ്പ് തടഞ്ഞുള്ള അതിക്രമത്തില്‍ പോലീസുകാര്‍ക്കും പരുക്കേറ്റ കേസില്‍ കണ്ടാലറിയുന്ന 20 പേരെയാണ് പ്രതി ചേര്‍ത്തിരുന്നത്. ശ്രീനാദേവിയെ സാമൂഹിക മാധ്യമത്തിലൂടെ അപമാനിച്ച യൂട്യൂബര്‍ രാജന്‍ ജോസഫിനെ അറസ്റ്റ് ചെയ്ത് സ്റ്റേഷനില്‍ എത്തിച്ച ജൂലൈ 11ന് ഉണ്ടായ സംഭവത്തില്‍ ഷിബു ഉണ്ണിത്താന്‍ എന്ന ഒരു പ്രതിയെ മാത്രമാണ് പോലീസ് അറസ്റ്റ് ചെയ്തിരുന്നത്. ദൃശ്യം പുറത്തു വരികയും വലിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കുകയും ചെയ്തതോടെയാണ് പോലീസ് കൂടുതല്‍ നടപടികളുമായി രംഗത്തിറങ്ങിയത്.

കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസ്സ് അടൂര്‍ മണ്ഡലം പ്രസിന്റ് ജയകൃഷ്ണന്‍ പള്ളിക്കലിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ശ്രീനാദേവി അടക്കം മറ്റ് എട്ടുപേരെ കൂടി പ്രതി ചേര്‍ത്ത് അടൂര്‍ കോടതിയില്‍ റിപോര്‍ട്ട് നല്‍കിയത്. പ്രതികളുടെ ജാമ്യാപേക്ഷ വെളളിയാഴ്ച കോടതി പരിഗണിച്ചേക്കും. അതിന് മുമ്പ് പ്രതിപ്പട്ടികയിലെ പ്രമുഖരുടെ അറസ്റ്റിന് സാധ്യത കുറവാണ്. കേസില്‍ ശക്തമായ നടപടി ആവശ്യപ്പെട്ട് സി പി എം ഒമ്പതിന് അടൂരില്‍ അനിശ്ചിതകാല സമരം തുടങ്ങുകയാണ്. അതിന് മുമ്പ് മുഴുവന്‍ പ്രതികളെയും തിരിച്ചറിഞ്ഞ് നടപടി സ്വീകരിക്കാനാണ് പോലീസ് ശ്രമിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി സാക്ഷികളുടെ മൊഴി എടുക്കുന്നതടക്കമുള്ള നടപടികളുമായി പോലീസ് മുന്നോട്ടു പോകുകയാണ്. അടൂര്‍ ഡി വൈ എസ് പി. ജി പ്രദീപ് കുമാറിന്റെ മേല്‍നോട്ടത്തില്‍ സി ഐ. അജയനാണ് അന്വേഷണം നടത്തുന്നത്.

Content Highlights: Accused individuals including Sreenadevi have approached the Pathanamthitta District Court seeking anticipatory bail regarding the Adoor police station attack incident. The court is expected to consider the bail plea shortly. Further investigation by the police is currently underway.

 

Latest