From the print
ആദിവാസികളുടേത് ഷോക്കേസില്‍ വെക്കേണ്ട ജീവിതമല്ല: മന്ത്രി
ഗോത്ര വര്‍ഗക്കാരെ പ്രദര്‍ശനവസ്തുവാക്കരുത്. മേളയില്‍ സംഭവിച്ചത് ഫോക്ലോര്‍ അക്കാദമി പരിശോധിക്കും.

തൃശൂര്‍ | കേരളീയം മേളയിലെ ആദിമം ലിവിംഗ് മ്യൂസിയം വിവാദത്തില്‍ പ്രതികരിച്ച് മന്ത്രി കെ രാധാകൃഷ്ണന്‍. ഗോത്ര വര്‍ഗക്കാരെ പ്രദര്‍ശനവസ്തുവാക്കരുത്. മേളയില്‍ സംഭവിച്ചത് ഫോക്ലോര്‍ അക്കാദമി പരിശോധിക്കും.
ഷോക്കേസില്‍ വെക്കേണ്ട ജീവിതമാണ് ആദിവാസികളുടേതെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. അത്തരത്തില്‍ ആദിവാസികളെ കാണുന്നത് തെറ്റായ സന്ദേശം നല്‍കും. അവരുടെ കലയെയും സംസ്‌കാരത്തെയും ജീവിതരീതികളെയും ഭക്ഷണരീതികളെയും പൊതുജനസമക്ഷം കാണിച്ച് കൊടുക്കേണ്ടത് അത്യാവശ്യമാണ്. ഇവിടെ എന്താണ് സംഭവിച്ചതെന്നത് പരിശോധിക്കും.
തെറ്റുപറ്റിയിട്ടുണ്ടെങ്കില്‍ നടപടി സ്വീകരിക്കേണ്ടത് ഫോക്ലോര്‍ അക്കാദമിയാണ്. തദ്ദേശവാസികളെ അവഗണിക്കുന്ന എന്തെങ്കിലുമുണ്ടെങ്കില്‍ നടപടി സ്വീകരിക്കണം. പുതിയ കാലഘട്ടത്തില്‍ പഴയ കാര്യങ്ങള്‍ കാണിക്കുക എന്നുള്ളതാണ് അക്കാദമിയുടെ ഉത്തരവാദിത്വം. അതിന്റെ ഭാഗമായാണ് പഴയകാലത്തെ ജീവിതം ഒരുക്കിയത്. വിവരം അറിഞ്ഞപ്പോള്‍ സാംസ്‌കാരിക വകുപ്പുമായി ബന്ധപ്പെട്ടിരുന്നു. നിരുപദ്രവകരമായാണ് അവര്‍ ഇതു ചെയ്തത്.
കനകക്കുന്നിലെ ആദിവാസി പ്രദര്‍ശനം വലിയ രീതിയില്‍ വിമര്‍ശത്തിന് വഴിവെച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതികരണവുമായി മന്ത്രി രംഗത്തെത്തിയത്.