Kerala
കേരള വി സിക്കെതിരെ പ്രതിഷേധവുമായി വീണ്ടും എസ് എഫ് ഐ
വി സി ആര്‍ എസ് എസ് ജ്ഞാനസഭയില്‍ പങ്കെടുക്കുന്നതിനെതിരെ ഇന്നു പ്രതിഷേധം

തിരുവനന്തപുരം | കേരള വിസിക്കെതിരെ നിര്‍ത്തിവെച്ച പ്രതിഷേധം എസ് എഫ് ഐ വീണ്ടും തുടങ്ങും. ആര്‍ എസ് എസിന്റെ ജ്ഞാനസഭയില്‍ പങ്കെടുക്കുന്ന കേരള വി സിക്കെതിരെ സര്‍വ്വകലാശാലയില്‍ എസ് എഫ് ഐ ഇന്ന് പ്രതിഷേധിക്കും.
സര്‍ക്കാര്‍ സമവായത്തിനു ശ്രമിച്ചിട്ടും സര്‍ക്കാറിന്റെ ആവശ്യങ്ങള്‍ ചാന്‍സിലറും കേരള വിസിയും പരിഗണിക്കുന്നില്ല. കെ ടി യു -ഡിജിറ്റല്‍ താല്‍ക്കാലിക വി സി നിയമനത്തില്‍ ഗവര്‍ണര്‍ക്ക് തിരിച്ചടിയായിരുന്നു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധി. ഗവര്‍ണറുടെ നിയമനം റദ്ദാക്കിയതിന് പകരമായി സര്‍ക്കാര്‍ പട്ടിക നല്‍കിയിട്ട് ദിവസങ്ങളായി. അത് തൊടാതെ ചാന്‍സലര്‍ അപ്പീലുമായി സുപ്രീം കോടതിയെ സമീപിച്ചതോടെ സമവായം പാളി. രജിസ്ടാര്‍ കെ എസ് അനില്‍കുമാറിനെ പരിഗണിക്കാതെ മിനി കാപ്പനെ അംഗീകരിച്ചാണ് വി സിയുടെ നടപടികള്‍.
സംസ്‌കൃത സര്‍വ്വകലാശാല സിന്‍ഡിക്കേറ്റിലേക്ക് ചാന്‍സിലര്‍ കഴിഞ്ഞ ദിവസം നിയമിച്ച നാലുപേരും ബി ജെപി ബന്ധമുള്ളവരാണ്. ആര്‍ എസ് എസ് മേധാവി മോഹന്‍ ഭാഗവത് നയിക്കുന്ന കൊച്ചിയിലെ ജ്ഞാനസഭയില്‍ കേരള വി സി അടക്കം നാലു വിസിമാര്‍ പങ്കെടുക്കുമെന്നാണു വിവരം. ഈ സാഹചര്യത്തിലാണ് കേരളയില്‍ വി സിക്കെതിരെ എസ് എഫ് ഐ വീണ്ടും പ്രതിഷേധിക്കുന്നത്. സിന്‍ഡിക്കേറ്റ് വിളിക്കണമെന്ന ആവശ്യം അംഗീകരിക്കാത്തതിനെതിരെ ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ നിയമനടപടിക്ക് ഒരുങ്ങുകയാണ്.