Connect with us

Kerala

ജീവിത പങ്കാളിയെ വെട്ടി കൊലപ്പെടുത്തിയ പ്രതിക്ക് 25 വര്‍ഷം കഠിന തടവും 3.55 ലക്ഷം പിഴയും

വിചാരണ കാലയളവില്‍ ഉടനീളം പ്രതിക്ക് ജാമ്യം ലഭിക്കാതെ ഇരുമ്പഴിക്കുള്ളില്‍ തന്നെ കഴിയേണ്ടി വന്നു

Published

|

Last Updated

റാന്നി | ജീവിത പങ്കാളിയെ വെട്ടി കൊലപ്പെടുത്തുകയും ഭാര്യയുടെ അച്ഛനെയും അമ്മയെയും അനുജത്തിയെയും മാരകമായി ആക്രമിക്കുകയും ചെയ്ത പ്രതിയെ 25 വര്‍ഷം കഠിന തടവിനും 3.55 ലക്ഷം രൂപ പിഴ ഒടുക്കുന്നതിനും കോടതി ശിക്ഷ വിധിച്ചു. റാന്നി ബ്ലോക്ക് പടി വടക്കേടത്ത് വീട്ടില്‍ അതുല്‍ സത്യന്‍ (31) നെയാണ് പത്തനംതിട്ട അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി-ഒന്ന് ജഡ്ജ് ജി പി ജയകൃഷ്ന്‍ ശിക്ഷിച്ചത്. 2023 ജൂണ്‍ 24ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം.

പ്രതിയോടൊപ്പം കഴിഞ്ഞു വന്നിരുന്ന ചെറുകോല്‍ കീക്കൊഴൂര്‍ ഇരട്ടപ്പനക്കല്‍ വീട്ടില്‍ രഞ്ജിതയെയാണ് പ്രതി കൊലപ്പെടുത്തിയത്. ക്രിമിനില്‍ കേസുകളില്‍ പ്രതിയും കാപ്പ ചുമത്തിയിട്ടുള്ളതുമായ അതുലിന്റെ ഉപദ്രവം സഹിക്കവയ്യാതെ രഞ്ജിതയും മക്കളും സ്വന്തം വീട്ടിലേക്ക് പോയി. കീക്കൊഴൂരിലെ രഞ്ജിതയുടെ വീട്ടിലെത്തിയ പ്രതി വീട്ടിലേക്ക് അതിക്രമിച്ചു കയറി കിടപ്പുമുറിയില്‍ വച്ച് വടിവാളുകൊണ്ട് രഞ്ജിതയെ വെട്ടി കൊലപ്പെടുത്തുകയും തടയാന്‍ ശ്രമിച്ച രഞ്ജിത്തിയുടെ അച്ഛനെയും അമ്മയെയും അനുജത്തിയും മാരകമായി വെട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്തു. അന്നത്തെ റാന്നി പോലീസ് ഇന്‍സ്പെക്ടര്‍ ആയിരുന്ന വിനോദ് പി എസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്യുകയും അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തത്. വിചാരണ കാലയളവില്‍ ഉടനീളം പ്രതിക്ക് ജാമ്യം ലഭിക്കാതെ ഇരുമ്പഴിക്കുള്ളില്‍ തന്നെ കഴിയേണ്ടി വന്നു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ ഹരിശങ്കര്‍ പ്രസാദ് ആണ് കേസ് വാദിച്ചത്. അസിസ്റ്റന്റ് പോലീസ് സബ് ഇന്‍സ്പെക്ടര്‍ ആന്‍സി കോടതി നടപടികളില്‍ പ്രോസിക്യൂഷന്‍ സഹായിയായി പ്രവര്‍ത്തിച്ചു.

 

Latest