UAE
അബൂദബിയില്‍ ആഗോള ഭക്ഷ്യമേളക്ക് ഉജ്ജ്വല തുടക്കം; 11 സംരംഭങ്ങള്‍ക്ക് കൈത്താങ്ങായി ഖലീഫ ഫണ്ട്
ഒക്ടോബര്‍ ആറ് മുതല്‍ എട്ട് വരെ നടക്കുന്ന അന്താരാഷ്ട്ര പ്രദര്‍ശനത്തില്‍ ഖലീഫ ഫണ്ട് ഫോര്‍ എന്റര്‍പ്രൈസ് ഡെവലപ്മെന്റിന്റെ സജീവ സാന്നിധ്യം ശ്രദ്ധേയമാകുന്നു.
അബൂദബി | സുസ്ഥിര ഭക്ഷ്യ ഭാവി ലക്ഷ്യമിട്ട് അബൂദബി അഡ്നെക് സെന്ററില്‍ ആഗോള ഭക്ഷ്യമേളക്ക് (ഗ്ലോബല്‍ ഫുഡ് വീക്ക്) തുടക്കമായി. ഒക്ടോബര്‍ ആറ് മുതല്‍ എട്ട് വരെ നടക്കുന്ന അന്താരാഷ്ട്ര പ്രദര്‍ശനത്തില്‍ ഖലീഫ ഫണ്ട് ഫോര്‍ എന്റര്‍പ്രൈസ് ഡെവലപ്മെന്റിന്റെ സജീവ സാന്നിധ്യം ശ്രദ്ധേയമാകുന്നു. യു എ ഇ വൈസ് പ്രസിഡന്റും ഡെപ്യൂട്ടി പ്രധാനമന്ത്രിയും പ്രൊസിഡന്‍ഷ്യല്‍ കോര്‍ട്ട് ചെയര്‍മാനും അബൂദബി കൃഷി-ഭക്ഷ്യ സുരക്ഷാ അതോറിറ്റി ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാലിന്റെ ഉദാരമായ രക്ഷാകര്‍തൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
‘ഒരുമിച്ച് സുസ്ഥിര ഭക്ഷ്യ ഭാവികള്‍ കെട്ടിപ്പടുക്കാം’ എന്നതാണ് ഈ വര്‍ഷത്തെ മേളയുടെ മുഖ്യ പ്രമേയം. അഡ്നെക് ഗ്രൂപ്പും അബൂദബി കൃഷി-ഭക്ഷ്യ സുരക്ഷാ അതോറിറ്റിയും സംയുക്തമായാണ് ഈ ബൃഹദ് പദ്ധതിക്ക് ആതിഥേയത്വം വഹിക്കുന്നത്. സ്വദേശി സംരംഭകര്‍ക്കും ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്കും ആഗോള വിപണിയില്‍ പുതിയ അവസരങ്ങള്‍ തുറന്നു നല്‍കുന്നതിന്റെ ഭാഗമായി 11 പ്രാദേശിക സംരംഭങ്ങളെയാണ് ഖലീഫ ഫണ്ട് ഈ മേളയില്‍ പിന്തുണക്കുന്നത്. കാര്‍ഷിക സാങ്കേതികവിദ്യ, ബേക്കറി ഉപകരണങ്ങള്‍, ബേക്കറി ഉത്പന്നങ്ങള്‍, പരമ്പരാഗത എമിറാത്തി വിഭവങ്ങള്‍ തുടങ്ങിയ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരാണ് ഇവര്‍. തങ്ങളുടെ ഉത്പന്നങ്ങളും സേവനങ്ങളും പ്രദര്‍ശിപ്പിക്കുന്നതിനും ആഗോള വാങ്ങലുകാരുമായി ബന്ധപ്പെടുന്നതിനും ഈ വേദി ഇവര്‍ക്ക് അനുഗ്രഹമായി മാറും. മേളയുടെ ഭാഗമായി വിദഗ്ധര്‍ക്കായി വിവിധ ശില്‍പശാലകളും സംരംഭകര്‍ നേതൃത്വം നല്‍കി സംഘടിപ്പിക്കുന്നുണ്ട്.
ചടങ്ങിന്റെ ഭാഗമായി അബൂദബി കൃഷി-ഭക്ഷ്യ സുരക്ഷാ അതോറിറ്റിയുമായി ഖലീഫ ഫണ്ട് ഒരു നിര്‍ണായക ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. സംരംഭകത്വം, കര്‍ഷക ശാക്തീകരണം, നവീകരണം, പരിശീലനം എന്നീ മേഖലകളില്‍ ഇരു സ്ഥാപനങ്ങളും കൈകോര്‍ത്ത് പ്രവര്‍ത്തിക്കുമെന്നാണ് കരാര്‍ വ്യവസ്ഥ ചെയ്യുന്നത്. ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അര്‍ബന്‍ ആന്‍ഡ് അഗ്രികള്‍ച്ചറല്‍ എക്സലന്‍സ് അവാര്‍ഡിന്റെ ഗുണഭോക്താക്കള്‍ക്കും പദ്ധതിയിലൂടെ പ്രത്യേക മുന്‍ഗണന ലഭിക്കും.
ലോകമെമ്പാടുമുള്ള നിക്ഷേപകരുമായും വ്യവസായ പ്രമുഖരുമായും സംവദിക്കാന്‍ എമിറാത്തി സംരംഭകര്‍ക്ക് ഈ ആഗോള മേള മികച്ച അവസരമാണെന്ന് ഖലീഫ ഫണ്ട് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ മൂസ ഒബൈദ് അല്‍ നസ്‌റി വ്യക്തമാക്കി. ഭക്ഷ്യ ശൃംഖലയുടെ വിവിധ ഘട്ടങ്ങളില്‍ തദ്ദേശീയ സംരംഭങ്ങള്‍ക്ക് വലിയ തോതില്‍ സംഭാവനകള്‍ നല്‍കാന്‍ സാധിക്കുമെന്നും, ഇത് അബൂദബിയുടെ സാമ്പത്തിക വളര്‍ച്ചക്ക് കരുത്തുപകരുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights:
The Global Food Week commenced in Abu Dhabi with strong participation from national and international entities. Khalifa Fund for Enterprise Development is supporting 11 national food and agriculture enterprises at the event. The initiative aims to enhance UAE food security and foster innovation.



