Connect with us

Featured

ഒരു സ്ത്രീ ഒറ്റക്ക് 30 അടി താഴ്തയുള്ള കിണർ കുഴിച്ചു; അത്ഭുതമായി ഇമർത്തി ദേവി

ഒറ്റക്ക് ഒരാള്‍ കിണര്‍ കുഴിക്കുന്നത് തന്നെ അത്ഭുതമാണ്. അത് പക്ഷേ ഒരു സ്ത്രീ കൂടിയാണെങ്കിലോ? അത്തരമൊരു അത്ഭുതമാണ് ഉത്തര്‍പ്രദേശിലെ ഝാന്‍സി ജില്ലയിലെ ഇമര്‍തി ദേവി കാണിച്ചത്.

ഝാന്‍സി | ഒറ്റക്ക് ഒരാള്‍ കിണര്‍ കുഴിക്കുന്നത് തന്നെ അത്ഭുതമാണ്. അത് പക്ഷേ ഒരു സ്ത്രീ കൂടിയാണെങ്കിലോ? അത്തരമൊരു അത്ഭുതമാണ് ഉത്തര്‍പ്രദേശിലെ ഝാന്‍സി ജില്ലയിലെ ഇമര്‍തി ദേവി കാണിച്ചത്. 30 അടി താഴ്ചയുള്ള കിണര്‍ മറ്റൊരാളുടെയും സഹായമില്ലാതെ കുഴിച്ചാണ് ഈ വനിത ചരിത്രത്തില്‍ ഇടം തേടുന്നത്. ഇമര്‍തി ദേവിയുടെ ഈ സാഹസം രാജ്യത്തു മാത്രമല്ല വിദേശത്തും ചര്‍ച്ച ചെയ്യപ്പെടുകയാണ്.

ഝാന്‍സിയിലെ ബബിന തഹസില്‍ ഗ്രാമത്തിലാണ് ഇമര്‍തി ദേവി താമസിക്കുന്നത്. ഈ ഗ്രാമത്തില്‍ കുടിവെള്ള പ്രശ്‌നം രൂക്ഷമാണ്. ഗ്രാമത്തിലെ സ്ത്രീകള്‍ മൂന്നും നാലും കിലോമീറ്റര്‍ വരെ ദൂരം നടന്നാണ് വെള്ളം കൊണ്ടുവരുന്നത്. രാവും പകലുമില്ലാതെ അതിനവര്‍ കഷ്ടപ്പെടുന്നു.

ഒരു ദിവസം ജലസംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന ‘പരമാര്‍ത്ഥ്’ എന്ന സംഘടനയുടെ പ്രവര്‍ത്തകര്‍ ഇമര്‍തി ദേവിയുടെ ഗ്രാമത്തില്‍ എത്തി. ഗ്രാമത്തിലെ കുടിവെള്ള കഷാമത്തെ കുറിച്ച് ഇമര്‍തി ദേവി ഈ ഗ്രൂപ്പിലെ അംഗങ്ങളോട് പറഞ്ഞു. ഗ്രാമത്തില്‍ കിണര്‍ കുഴിക്കണമെന്നായിരുന്നു സംഘത്തിന്റെ നിര്‍ദേശം. എന്നല്‍ ഗ്രാമവാസികള്‍ ആരും ഇതിന് തയ്യാറായില്ല.

ഒടുവില്‍ ആ ദൗത്യം ഇമര്‍തി ദേവി ഒറ്റക്ക് ഏറ്റെടുത്തു. അവര്‍ സ്വയം കിണര്‍ കുഴിക്കാന്‍ തീരുമാനിച്ചു. തുടക്കത്തില്‍ ആളുകള്‍ അവരെ കളിയാക്കി. ഗ്രാമത്തില്‍ ആരും പിന്തുണച്ചില്ലെന്നു മാത്രമല്ല ഭീഷണിയും മുഴക്കി. എന്തിനേറെ ഇമര്‍തി ദേവിയുടെ ഭര്‍ത്താവു പോലും അവര്‍ക്കൊപ്പം നിന്നില്ല. പക്ഷേ, ഇമര്‍ത്തി ദേവി മുന്നോട്ടുവെച്ച കാല്‍ പിന്നോട്ട് വെച്ചില്ല. അവര്‍ കിണര്‍ നിര്‍മാണം ആരംഭിച്ചു. ഒടുവില്‍ നാല് മാസത്തെ കഠിനാധ്വാനത്തിലൂടെ 30 അടി താഴ്ചയുള്ള കിണര്‍ പിറന്നു. ഇതോടെ നേരത്തെ പുച്ഛിച്ചു തള്ളിയവരെല്ലാം ഇമര്‍ത്തിയെ അഭിനന്ദിച്ച് രംഗത്ത് വരികയണ്.

ഗ്രാമത്തില്‍ സ്ത്രീകള്‍ക്ക് മണ്‍വെട്ടി തൊടാന്‍ അനുവാദമുണ്ടായിരുന്നില്ല. ആരെങ്കിലും അപ്രകാരം ചെയ്താല്‍ പിഴ ഒടുക്കണമെന്നാണ് നിയമം. പലതവണ പിഴയായി തേങ്ങ കൊടുത്താണ് ഇമര്‍ത്തി ദേവി കിണര്‍ നിര്‍മാണം പൂര്‍ത്തിയാക്കിയത്.

ഇമര്‍തി ദേവിയുടെ ഈ ധൈര്യത്തെ കേന്ദ്ര സര്‍ക്കാറും അഭിനന്ദിച്ചു. ലോക ജലദിനത്തോടനുബന്ധിച്ച് 51,000 രൂപ നല്‍കി അവരെ കേന്ദ്രം ആദരിച്ചു. രാജ്യത്തിനകത്തും പുറത്തും നിന്ന് ഏറെ ആദരവാണ് ഇമര്‍തി ദേവിക്ക് ലഭിക്കുന്നത്. ദൃഢനിശ്ചയമുണ്ടെങ്കില്‍ ഒന്നും അപ്രാപ്യമല്ലെന്ന് തെളിയിക്കുകയായിരന്നു ഇമര്‍തി ദേവി.

കിണര്‍ കുഴിച്ചതോടെ ഇമര്‍ത്തി ദേവിയെ സഹായിക്കാന്‍ പലരും രംഗത്ത് വന്നു. പിന്നീട് 30ഓളം സ്ത്രീകള്‍ ഇമര്‍ത്തി ദേവിയോടൊപ്പം ചേര്‍ന്നു. ഇവര്‍ എല്ലാവരും ചേര്‍ന്ന് ഗ്രാമത്തില്‍ ഒരു ചെക്ക്ഡാമും പണിതതും ചരിത്രം.

മുമ്പ് 1982ല്‍ ഒറ്റക്ക് കൂറ്റന്‍ മല വെട്ടിമാറ്റി റോഡ് പണിത ബീഹാറിലെ ഹെലഗോറിലെ ദശരഥ് മാഞ്ചിയോടാണ് ഇമര്‍ത്തി ദേവിയെ ആളുകള്‍ ഉപമിക്കുന്നത്. 22 വര്‍ഷത്തെ കഠിന പ്രതയനത്തിലൂടെയാണ് ദശരഥ് മാഞ്ചി പര്‍വതം മുറിച്ച് ഗ്രാമത്തിലേക്ക് റോഡ് പണിതത്.

Latest